റിയലിന് സമനില, ബാഴ്‌സ് ജയിച്ചു

ഒരു കളി കുറവാണെങ്കിലും ലീഗില്‍ ബാഴ്‌സയ്ക്ക് പിറകില്‍ രണ്ടാം സ്ഥാനത്ത്‌
റിയലിന് സമനില, ബാഴ്‌സ് ജയിച്ചു

ബാഴ്‌സലോണ/മാഡ്രിഡ്:  ലീഗില്‍ 13ാം സ്ഥാനക്കാരായ ലാസ് പാല്‍മാസിനെതിരേ റിയല്‍ മാഡ്രിഡിന് സ്വന്തം മൈാതാനത്ത് സമനില. അതേസമയം, സ്‌പോര്‍ട്ടിംഗ് ഗിജോണെ ഒന്നിനെതിരേ ആറ് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബാഴ്‌സലോണ ലാലീഗ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. പക്ഷേ, ഒരു കളി കുറവ് കളിച്ച റിയല്‍ മാഡ്രിഡിന് കിരീട പ്രതീക്ഷ അസ്തമിച്ചിട്ടില്ല.

സീസണിന്റെ ആദ്യം കണ്ട റിയല്‍ മാഡ്രിഡായിരുന്നില്ല ലാസ് പാല്‍മാസിനെതിരേ ഇറങ്ങിയത്. അലക്ഷ്യമായ കളി. തൊട്ടതെല്ലാം പിഴച്ചു. അതിന് വലിയ വില നല്‍കേണ്ടിയും വന്നു റിയലിന്. പെനാല്‍റ്റിയിലൂടെയും ഹെഡറിലൂടെയും രണ്ട് ഗോളുകള്‍ കണ്ടെത്തിയ റൊണാള്‍ഡോ റിയലിന് തോല്‍വിയില്‍ നിന്ന് സമനില സമ്മാനിച്ചെങ്കിലും റൊണാള്‍ഡോ ഫോം കണ്ടെത്താന്‍ വിഷമിക്കുന്നത് കളിയിലുടനീളം പ്രകടമായി. 

47ാം മിനുട്ടില്‍ ഗരത് ബെയിലിന് ചുവപ്പ് കാര്‍ഡ് കണ്ടതോടെ റിയലിന് പതനം ആരംഭിച്ചു. കളിയുടെ എട്ടാം മിനുട്ടില്‍ ഇസ്‌കോയിലൂടെ ആദ്യം റിയല്‍ മുന്നിലെത്തിയെങ്കിലും 10ാം മിനുട്ടില്‍ റ്റാനയിലൂടെ പാല്‍മാസ് സ്‌കോര്‍ബോര്‍ഡില്‍ ഒപ്പമെത്തി.

ലാസ്പാല്‍മാസ് താരങ്ങള്‍ കൗണ്ടര്‍ അറ്റാക്കിലൂടെ റിയല്‍ ഗോള്‍മുഖത്ത് ഇരച്ചെത്തിയതോടെ റാമോസും മാഴ്‌സലോയുമടങ്ങുന്ന പ്രതിരോധക്കാര്‍ക്ക് പിടിപ്പതു പണിയായി. 10 പേരായി ചുരുങ്ങിയ റിയലിന്റെ ഗോള്‍ പോസ്റ്റിലേക്ക് നിരന്തരം പന്തെത്തുന്നതിനിടയില്‍ റാമോസിന്റെ കയ്യില്‍ തട്ടിയതിന് റഫറി പനാല്‍ട്ടി വിധിച്ചു. 57ാം മിനുട്ടില്‍ ജോനാഥന്‍ വിയേരയെടുത്ത പനാല്‍ട്ടി റിയല്‍ കീപ്പര്‍ ടൈലര്‍ നവാസിനെ കീഴടക്കി. സ്‌കോര്‍ 2-1. 
തോല്‍വി മണത്ത റിയല്‍ ആക്രമണത്തിന് മുതിര്‍ന്നതോടെ പ്രതിരോധം പാളി. 59ാം മിനുട്ടില്‍ വിയേര നല്‍കി ത്രൂ ബോള്‍ കെവിന്‍ പ്രിന്‍സ് ബോട്ടങ് പോസ്റ്റിലെത്തിച്ചതോടെ സാന്റിയാഗോ ബെര്‍ണാബു ഞെട്ടി. സ്‌കോര്‍ 3-1. തോല്‍വിയിലേക്ക് വീണുകൊണ്ടിരുന്ന റിയലിന് 85ാം മിനുട്ടില്‍ ലഭിച്ച പനാല്‍ട്ടിയിലൂടെ റൊണാള്‍ഡോ നേരിയ പ്രതീക്ഷ നല്‍കി. 89ാം മിനുട്ടില്‍ ഹെഡറിലൂടെ റൊണാള്‍ഡോ റിയലിന് സമനില നല്‍കി. 
സുവാരസ്, മെസ്സി, നെയ്മര്‍ എന്നിവരെല്ലാം ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ ഒന്നിനെതിരേ ആറ് ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ ജയം. കളി തുടങ്ങി ആദ്യ നിമിഷങ്ങളില്‍ തന്നെ സ്‌കോര്‍ കണ്ടെത്തിയ മെസ്സിയാണ് ഗോളടിക്ക് തുടക്കമിട്ടത്. 
25 കളികളില്‍ നിന്ന് 57 പോയിന്റുമായി ബാഴ്‌സലോണ ഒന്നാം സ്ഥാനത്താണ്. 24 കളികളില്‍ നിന്ന് 56 പോയിന്റുള്ള റിയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com