ഇന്ത്യയ്ക്ക് മാനം കാക്കണം, ഓസ്‌ട്രേലിയയ്ക്ക് ജയിക്കണം

ആദ്യ മത്സരത്തില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് മാനം കാക്കണം
ഓസ്‌ട്രേലിയയുമായുള്ള രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം പരിശീലനത്തില്‍
ഓസ്‌ട്രേലിയയുമായുള്ള രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം പരിശീലനത്തില്‍

ബെംഗളൂരു: തുടര്‍ച്ചയായി 19 മത്സരങ്ങളില്‍ തോല്‍വിയറിയാതെ കുതിച്ചെത്തിയ വമ്പന്‍മാരായിരുന്നു പൂനെ ടെസ്റ്റിനെത്തുന്നതുവരെ വിരാട് കോഹ്ലി നയിക്കുന്ന ടീം ഇന്ത്യ. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് സീരീസിന് ഇന്ത്യയിലെത്തിയ ഓസ്‌ട്രേലിയയ്ക്ക് ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഏറെ പണിപെടേണ്ടി വരുമെന്നായിരുന്നു ക്രിക്കറ്റ് ലോകം വിലയിരുത്തിയിരുന്നത്. എന്നാല്‍ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്നത് നെരെ തിരിച്ചാണ്. കേവലം മൂന്ന് ദിവസം കൊണ്ട് ഇന്ത്യന്‍ ടീമിനെ ചുരുട്ടിക്കൂട്ടി ഓസ്‌ട്രേലിയ 333 റണ്‍സിന്റെ ഗംഭീര ജയം സ്വന്തമാക്കി. സ്റ്റീവ് ഓക്കീഫെന്ന സ്പിന്നര്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ വിക്കറ്റുകള്‍ ഓരോന്നായി വീഴ്ത്തിയതോടെ ടീം ഇന്ത്യയുടെ ജയിക്കാന്‍ ജനിച്ചവര്‍ എന്ന ഗര്‍വിന് കനത്ത പ്രഹരമേറ്റു. ഈ തോല്‍വിയില്‍ നിന്നും തിരിച്ചുകയറാനാണ് ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നാളെ ഇന്ത്യന്‍ ടീം ഇറങ്ങുക.

സ്വന്തം മണ്ണില്‍ ടെസ്റ്റ് സീരീസ് തോല്‍ക്കുക എന്നത് ഇതുവരെ ഇന്ത്യന്‍ ടീം ആലോചിച്ചിട്ടു പോലുമില്ല. അതും ലോകക്രിക്കറ്റില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ടീമുകള്‍ തമ്മിലുള്ള കിടമത്സരത്തിന് വീര്യം കൂടും. അതുതന്നെയാണ് കാണികളും കാത്തിരിക്കുന്നത്. നാല് മുതല്‍ എട്ട് വരെയാണ് മത്സരം. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്കുള്ള മത്സരത്തില്‍ കഴിഞ്ഞ തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയ്ക്ക് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മികച്ച റെക്കോഡുകളാണുള്ളത്. നാല് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചപ്പോള്‍ രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമാണ് ചിന്നസ്വാമി സ്‌റ്റേഡിയം ഓസ്‌ട്രേലിയയ്ക്ക് നല്‍കിയിരിക്കുന്നത്.

സ്റ്റീവന്‍ സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ തുടങ്ങിയ ഇരുത്തം ചെന്ന ബാറ്റ്‌സ്മാന്മാര്‍ ഓസ്‌ട്രേലിയന്‍ ടീമിന് കരുത്താകുമ്പോള്‍ യുവനിരയിലും ഏറെ പ്രതിഭതെളിയിച്ചവരാണുള്ളത്. ബൗളിംഗില്‍ എന്താണ് ഓസ്‌ട്രേലിയ എന്ന് കഴിഞ്ഞ കളിയോടെ ഇന്ത്യയ്ക്ക് മനസിലായിക്കാണും. അതേസമയം, ഇന്ത്യന്‍ ടീം പല കാര്യങ്ങളിലും ഓസ്‌ട്രേലിയയേക്കാള്‍ മുന്നിലാണ്. എങ്കിലും ആദ്യ ടെസ്റ്റില്‍ തോല്‍വി പിണഞ്ഞിരിക്കുന്നു. ഒരു കൂട്ടര്‍ പിച്ചിനെ കുറ്റം പറയുന്നു. മറ്റൊരു കൂട്ടര്‍ ടീമിന്റെ പ്രകടനത്തെയും. എന്നാല്‍ ചില കാര്യങ്ങളില്‍ ഇന്ത്യന്‍ ടീം കൂടുതല്‍ ശ്രദ്ധ കാണിച്ചാല്‍ വിജയം കൈവരിക്കാന്‍ പറ്റുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഫീല്‍ഡിംഗിലുള്ള പിഴവുകളും താളം കണ്ടെത്താത്തതും ഇന്ത്യയ്ക്ക് ആദ്യ ടെസ്റ്റില്‍ വിനയായി. ഇതില്‍ പരിഹാരം കാണുമെന്ന് താരങ്ങളും പരിശീലകന്‍ കുംബ്ലെയും പറഞ്ഞിട്ടുണ്ട്. രണ്ടാമതുള്ളത് ബാറ്റിംഗാണ്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റിംഗ് നിരയാണ് ഇന്ത്യയ്ക്കുള്ളതെന്ന് പറഞ്ഞിട്ടു കാര്യമില്ല. ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലും കൂടി 250 റണ്‍സ് തികച്ചെടുക്കാന്‍ ഈ ബാറ്റിഗ് നിരക്ക് സാധിച്ചിട്ടില്ല. ഈ കാര്യങ്ങളില്‍ പരിഹാരം കണ്ടെത്തിയാല്‍ ബെംഗളൂരു ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയിക്കാനാകും. ഒപ്പം സീരീസിലുള്ള അടുത്ത മത്സരിത്തിന് കൂടുതല്‍ ആത്മവിശ്വാസവും ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com