റിയലും ബയേണും ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍; പിഎസ്ജിക്കെതിരേ കണക്കു തീര്‍ക്കാന്‍ ബാഴ്‌സ ഇന്നിറങ്ങും

റിയലും ബയേണും ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍; പിഎസ്ജിക്കെതിരേ കണക്കു തീര്‍ക്കാന്‍ ബാഴ്‌സ ഇന്നിറങ്ങും

നാപ്പോളി: ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ സ്പാനിഷ് വമ്പന്‍മാരായ റിയല്‍ മാഡ്രിഡിന് ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിക്കെതിരേ ജയം. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് റിയല്‍ നപ്പോളിയോ തോല്‍പ്പിച്ചത്. ഇതോടെ രണ്ട് പാദങ്ങളിലായി 6-2 എന്ന സ്‌കോറിന് റിയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടി. 

കളി തുടങ്ങിയത് മുതല്‍ നിരന്തരം ആക്രമിച്ച് കളിച്ച നെപ്പോളിയാണ് ആദ്യം റിയലിന്റെ പോസ്റ്റില്‍ പന്തെത്തിച്ചത്. എന്നാല്‍ രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചു വന്ന റിയല്‍ മാഡ്രിഡിന് വേണ്ടി ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് വീണ്ടും രക്ഷകനായതോടെ വിജയപാതയില്‍ തിരിച്ചെത്തുകയായിരുന്നു. റാമോസ് രണ്ട് ഗോളുകളും ബെന്‍സേമയ്ക്ക് പകരക്കാരനായിറിങ്ങിയ മൊറാട്ട ഒരു ഗോളും നേടി. ഡ്രൈസ് മെര്‍ട്ടെന്‍സാണ് നാപോളിയുടെ ഗോള്‍ നേടിയത്.

ബയേണ്‍ ആഴ്‌സണലിനെ തകര്‍ത്തു

തുടര്‍ച്ചയായ ഏഴാം സീസണിലും പ്രീ ക്വാര്‍ട്ടര്‍ പടി കടക്കാതെ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണല്‍ പുറത്ത്. ആദ്യ പാദത്തിലും രണ്ടാം പാദത്തിലും 5-1  എന്ന സ്‌കോറിന് മൊത്തം 10-2 എന്ന സ്‌കോറിനാണ് ആഴ്‌സണലിനെ ഇത്തവണ ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്ക് മുക്കിയത്. 
ഒന്നാം പാദത്തിലേറ്റ തോല്‍വിയില്‍ നിന്നും വമ്പന്‍ മാര്‍ജിനിലല്ലാതെ കരകയറിയിട്ടു കാര്യമില്ലെന്ന് ബോധ്യത്തോടെയിറങ്ങിയ ആഴ്‌സണലാണ് രണ്ടാം പാദത്തില്‍ ആദ്യം സ്‌കോര്‍ ചെയ്തത്. തിയോ വാല്‍ക്കോട്ടാണ് ഗണ്ണേഴ്‌സിനെ മുന്നിലെത്തിച്ചത്. 
രണ്ടാം പകുതിയുടെ തുടക്കത്തില്‍ പനാല്‍റ്റിയിലൂടെ ലെവന്റോസ്‌ക്കി ബയേണിന്റെ സ്‌കോറിംഗ് ആരംഭിച്ചു. ആര്യന്‍ റോബന്‍, ഡഗ്ലസ് കോസ്റ്റ, ആര്‍ട്ടുറോ വിദാല്‍ എന്നിവരാണ് മറ്റു ഗോള്‍ നേട്ടക്കാര്‍. ജയത്തോടെ ബയേണും ചാംപ്യന്‍സ് ലീഗ് ആദ്യ എട്ടില്‍ ഇടം നേടി.

ബാഴ്‌സ പിഎസ്ജിക്കെതിരേ

ആദ്യ പാദത്തില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയ ബാഴ്‌സലോണയ്ക്ക് പിഎസ്ജിക്കെതിരേ ക്വാര്‍ട്ടറില്‍ ഇടം നേടണമെങ്കില്‍ അത്ഭുതം കാണിക്കണം. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് പിഎസ്ജി ബാഴ്‌സയെ ഒന്നാം പാദത്തില്‍ കെട്ടുകെട്ടിച്ചത്. 
എന്നാല്‍ മികച്ച ഫോമില്‍ കളിക്കുന്ന ബാഴസ്‌ക്ക് സ്വന്തം ഗ്രൗണ്ടില്‍ പല അത്ഭുതങ്ങളും കാണിക്കാന്‍ സാധിക്കുമെന്നതാണ് ആരാധകരുടെ പ്രതീക്ഷ.

ഡോര്‍ട്ട്മുണ്ട് -ബെനിഫിക്ക
പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെനിഫിക്കയുടെ ഗ്രൗണ്ടില്‍ ആദ്യ പാദത്തില്‍ ഒരു ഗോളിന് തോറ്റ ഡോര്‍ട്ട്മുണ്ട് സ്വന്തം ഗ്രൗണ്ടില്‍ കണക്കുതീര്‍ത്ത് ചാംപ്യന്‍ ലീഗ് ക്വാര്‍ട്ടറില്‍ ഇടം നേടാനാകുമെന്ന പ്രതീക്ഷയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com