കളിയെന്ന് പറഞ്ഞാല്‍ ഇതാണ് കളി; ആഹ്ലാദത്തിമിര്‍പ്പിന്റെ പരകോടിയില്‍ ബാഴ്‌സലോണ; അത്ഭുത ജയം

കളിയെന്ന് പറഞ്ഞാല്‍ ഇതാണ് കളി; ആഹ്ലാദത്തിമിര്‍പ്പിന്റെ പരകോടിയില്‍ ബാഴ്‌സലോണ; അത്ഭുത ജയം

മോര്‍ ദാന്‍ എ ക്ലബ്. കാറ്റലന്‍ ക്ലബ്ബ് ബാഴ്‌സയുടെ ആപ്തവാക്യമാണിത്. കടുത്ത ആരാധകരും ഇങ്ങനെയാണ് ടീമിനെ വിശേഷിപ്പിക്കുന്നത്. ഈ വിശേഷണത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ഒരു ക്ലബ്ബിനുമപ്പുറം എന്നതായിരുന്നു പിഎസ്ജിയുമായി ചാംപ്യന്‍സ് ലീഗിന്റെ രണ്ടാം പാദത്തില്‍ സ്വന്തം മൈതാനം ക്യാംപ് ന്യൂവില്‍ ഇറങ്ങുമ്പോള്‍ ടീമും ആരാധകരും കരുതിയിരുന്നത്. ആദ്യ പാദത്തില്‍ നാല് ഗോളിനേറ്റ തോല്‍വി മായ്ക്കാന്‍ അഞ്ച് ഗോളിന് ജയിക്കണം. ചാംപ്യന്‍സ് ലീഗില്‍ ഇതുവരെ ഒരു ടീമിനും സാധിക്കാത്ത തിരിച്ചുവരവ് വേണ്ടിയിരുന്നു. ബാഴ്‌സ പരിശീലകന്‍ എന്റിക്വ ആത്മവിശ്വാസം പ്രകടിപ്പിച്ചെങ്കിലും വെരാട്ടി, മെറ്റിയൂഡി, കവാനി, സില്‍വ തുടങ്ങിയവരടങ്ങുന്ന ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയോട് ഇതൊന്നും സാധ്യമല്ലെന്ന് കടുത്ത ആരാധകര്‍ പോലും വിശ്വസിച്ചിരുന്നത്.

എന്നാല്‍ കാംപ് ന്യൂവില്‍ ഗോളുകള്‍ മഴപോലെ പെയ്തിറങ്ങിയപ്പോള്‍ നെയ്മറും മെസ്സിയും ഇതുവരെ കാണാത്ത രീതിയിലുള്ള ആഹ്ലാദത്തിമിര്‍പ്പിലേക്ക് മൂക്കുകുത്തി. സുവാരസ് അട്ടഹസിച്ചു. എന്റിക്വ ഗ്രൗണ്ട് മുഴുവന്‍ ഓടി നടന്നു. ഒഫീഷ്യലുകള്‍ ചാടിത്തിമിര്‍ത്തു. കളിയുടെ 95 മിനുറ്റ് പൂര്‍ത്തിയായപ്പോള്‍ ബാഴ്‌സലോണ 6-1 എന്ന സ്‌കോറിന് വിജയിച്ചിരിക്കുന്നു. രണ്ട് പാദങ്ങളിലായി 6-5 എന്ന അഗ്രിഗേഷനില്‍ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലേക്ക് ബാഴ്‌സ ഇടം നേടി.

മൂന്ന് പ്രതിരോധക്കാരെ മാത്രം നിര്‍ത്തി നാല് മിഡ്ഫീല്‍ഡര്‍മാരും രണ്ട് വിങര്‍മാരും ഒരു സ്‌ട്രൈക്കറുമായാണ് ബാഴ്‌സ പിഎസ്ജിയെ ഗോളില്‍ മുക്കാന്‍ ഇറങ്ങിയത്. മറുഭാഗത്താകട്ടെ നാല് മിഡ്ഫീല്‍ഡര്‍മാരും ബാഴ്‌സയുടെ കളിയൊഴുക്കിനെ തടയാനായി അഞ്ച് മിഡ്ഫീല്‍ഡര്‍മാരെയുമാണ് പിഎസ്ജി സജ്ജമാക്കിയിരുന്നത്. പ്രതിരോധം തന്ത്രമാണെന്നായിരിക്കാം ഒരു പക്ഷെ പിഎസ്ജി പരിശീലകന്‍ ഉനയ് എംറി കരുതിയിരിക്കുക. എന്നാല്‍ എതിര്‍ടീം ബാഴ്‌സയായിരുന്നെന്ന് അയാള്‍ മനപ്പൂര്‍വം മറന്നു. അതിന്റെ ശിക്ഷ കളിയുടെ ആദ്യ മിനുറ്റുകളില്‍ തന്നെ ഗോളായി കിട്ടി.

ബാഴ്‌സയുടെ ആക്രമണചുമതല കൈകാര്യം ചെയ്തിരുന്ന മെസ്സിക്ക് പിഎസ്ജി മിഡ്ഫീല്‍ഡര്‍മാര്‍ക്കിടയില്‍ സ്‌പെയ്‌സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയതോടെ നെയ്മര്‍ ആ ചുമതലയേറ്റെടുക്കുകയായിരുന്നു. 50 മിനുറ്റ് വരെ 3-0 സ്‌കോറിന് മുന്നിട്ട് നിന്നിരുന്ന ബാഴ്‌സയ്ക്ക് പക്ഷെ 60ാം മിനുറ്റില്‍ വലിയൊരു ആഘാതമേറ്റു. ഉറുഗ്വന്‍ താരം കവാനി പിഎസ്ജിക്ക് വേണ്ടി നിര്‍ണായക എവേ ഗോള്‍ നേടി. ഇതോടെ കളിയുടെ ഒഴുക്കിലും ഐസ്‌തെറ്റിക്‌സിലും ബാഴ്‌സലോണ തിരിച്ചിറങ്ങി. ഒഴുക്ക് നിന്നതോടെ പകരക്കാരനായിറങ്ങിയ ഡിമരിയയും വെരാട്ടിയും കവാനിയും ബാഴ്‌സയുടെ മുഖത്ത് രണ്ട് മൂന്ന് തവണ പരീക്ഷണം നടത്തിയെങ്കിലും ഭാഗ്യം കാറ്റലന്‍സിനൊപ്പമായിരുന്നു. 

88ാം മിനുറ്റ് മുതലാണ് ബാഴ്‌സ മോര്‍ ദാന്‍ എ ക്ലബ് കളത്തില്‍ ആകുന്നത്. ഫ്രീകിക്ക് ലഭിച്ച നെയ്മറിന് പിഴച്ചില്ല. വളരെ സ്വാഭാവികമെന്നോണം നെയ്മര്‍ വലത് മൂലയിലേക്ക് അടിച്ചിട്ടു. പിഎസ്ജി കീപ്പര്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇതോടെ ശ്വാസം തിരിച്ചുകിട്ടയ ബാഴ്‌സ പിഎസ്ജി കോര്‍ട്ടില്‍ ഇരമ്പിയെത്തി. വമ്പന്‍ പ്രതിരോധക്കോട്ട കെട്ടിയിട്ടും പിഎസ്ജിക്ക് ബാഴ്‌സയുടെ മലവെള്ളപ്പാച്ചിലിന് തടയിടാനായില്ല. 94ാം മിനുറ്റില്‍ ലഭിച്ച പനാല്‍റ്റി കൂടി നെയ്മര്‍ വലയിലെത്തിച്ചതോടെ സ്‌കോര്‍ 5-5. അപ്പോഴും എവേഗോളിന്റെ ആനുകൂല്യം പിഎസ്ജിക്ക് തന്നെ. ആരാധകര്‍ ഫോഴ്‌സ-ബാഴ്‌സ എന്ന് ആക്രോശിക്കാന്‍ തുടങ്ങിയിരുന്നു. 94ാം മിനുറ്റിലാണ് കാംപ്‌ന്യൂവില്‍ ബോംബ് വീണത്. നെയ്മറിന്റെ ക്രോസിന് സെര്‍ജി റോബര്‍ട്ടോ ഓഫ്‌സൈഡ് ട്രാപ്പില്‍ നിന്ന് രക്ഷപ്പെട്ടു കാല് നീട്ടി പന്ത് വലയിലെത്തിക്കുന്നു. സ്‌കോര്‍ 6-5. സമയം 95ാം മിനുറ്റ്. ഗാലറി പൊട്ടിത്തെറിച്ചു. ബാഴ്‌സ അതു സാധിച്ചിരിക്കുന്നു. നെയ്മറും കൂട്ടരും അത് സാധിച്ചിരിക്കുന്നു. 

ഒരു ശതമാനം സാധ്യതയൊള്ളൂവെങ്കില്‍ പോലും ബാഴ്‌സ അത് നേടിയിരിക്കുമെന്ന് നെയ്മര്‍ പറഞ്ഞത് വെറുതെയായില്ല. ഫുട്‌ബോള്‍ അങ്ങനെയാണ് ചരിത്രം മാറ്റിക്കൊണ്ടേയിരിക്കും. കളിയുടെ സൗന്ദര്യവും അതുതന്നെ!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com