തോറ്റു പോകുമെന്ന് തോന്നിയാലും ഭയപ്പെടരുത്, തോല്‍വിയില്‍ പോലും ധീരത കാട്ടുന്നവര്‍ ഒരിക്കല്‍ അന്തസായി വിജയിക്കുന്നവരാണ്

തോറ്റു പോകുമെന്ന് തോന്നിയാലും ഭയപ്പെടരുത്, തോല്‍വിയില്‍ പോലും ധീരത കാട്ടുന്നവര്‍ ഒരിക്കല്‍ അന്തസായി വിജയിക്കുന്നവരാണ്

ചാംപ്യന്‍സ് ലീഗില്‍ ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജര്‍മനും സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയും തമ്മിലുള്ള അവസാനത്തെ ഏഴ് മിനുറ്റ് മാത്രം മതി ഫുട്‌ബോള്‍ എന്താണെന്നും അതിന്റെ സൗന്ദര്യശാസ്ത്രമെന്താണെന്നും മനസിലാക്കാന്‍. ജയിക്കാനുള്ള സാധ്യത ഒരു ശതമാനവും ബാക്കിയുള്ളതെല്ലാം തോല്‍ക്കാനുള്ളതുമാകുമ്പോള്‍ ഈ ഒരു ശതമാനത്തെ 100 ശതമാനത്തിലെത്തിക്കുന്നത് ഒരു ടീമിന്റെ നിശ്ചയദാര്‍ഢ്യവും ഫുട്‌ബോള്‍ സൗന്ദര്യത്തിന്റെ മറ്റൊരു വശവുമാണ്. 

ബാഴ്‌സ പിഎസ്ജി മത്സരത്തിന് ശേഷം ഫുട്‌ബോളിലെ തിരിച്ചുവരവുകള്‍ എന്ന വിഷയം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. 2005ല്‍ എസി മിലാനും ലിവര്‍പൂളും തമ്മിലുള്ള ചാംപ്യന്‍സ് ലീഗ് മത്സരം കണ്ടവര്‍ക്ക് ഉസ്താംബൂളില്‍ സ്റ്റീവന്‍ ജെറാഡിന്റെ തോളിലേറി അസാധ്യമായത് സാധ്യമാക്കിയ ലിവര്‍പൂളിന്റെ കളി അത്രപെട്ടെന്നൊന്നും മറക്കാന്‍ പറ്റില്ല.

ചാംപ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ചില തിരിച്ചുവരവുകള്‍

ലിവര്‍പൂള്‍-എസി മിലാന്‍- ചാംപ്യന്‍്‌സ ലീഗ് ഫൈനല്‍, ഉസ്താംബുള്‍

ജെറാഡിന്റെയും ലിവര്‍പൂളിന്റെയും കരിയറിലെ ഏറ്റവും വലിയ നാഴിക കല്ലായിരുന്ന 2005 ചാംപ്യന്‍സ് ലീഗ് കിരീടം. ഉസ്താംബൂളില്‍ നടന്ന കലാശപ്പോരിലില്‍ ലിവറിന് എതിരായി എത്തിയിരിക്കുന്നത് ഇറ്റാലയിന്‍ ശക്തികളായ എസി മിലാന്‍. ദിദ, കഫു, മാല്‍ഡിനി, ഷെചെങ്കോ, ഗട്ടൂസോ, ക്രെസ്‌പോ ,സീഡോര്‍ഫ്, കാക്ക , പിര്‍ലോ തുടങ്ങി അക്കാലത്തെ ഏറ്റവും മികച്ച മധ്യനിരയും പിന്‍നിരയും മുന്നേറ്റനിരയുമായാണ് ശരാശരിക്കാരായിരുന്ന ലിവര്‍പൂളിനെ നേരിടാന്‍ എസി മിലാന്‍ എത്തിയത്. 

കളി തുടങ്ങി ആദ്യ മിനുറ്റിില്‍ തന്നെ എസി മിലാന്‍ ആദ്യം ലിവറിന്റെ വലയില്‍ പന്തെത്തിച്ചു. മാല്‍ഡിനിയുടെ വകയായിരുന്നു ആദ്യ ഗോളെങ്കില്‍ ആദ്യ പകുതി അവസാനക്കുന്നതിന് മുമ്പ് അര്‍ജന്റീനിയന്‍ മുന്നേറ്റ താരമായിരുന്ന ക്രെസ്‌പോ രണ്ട് തവണ കൂടി ലിവര്‍പൂള്‍ കീപ്പറെ പരാജയപ്പെടുത്തി. 


 
പിന്നീടായിരുന്നു ചരിത്രം രചിക്കപ്പട്ടത്. ആദ്യ പകുതിക്ക് മുമ്പ് മൂന്ന് ഗോളുകള്‍ വഴങ്ങിയ ഒരു ടീമിനെ സ്വന്തം ചുമലിലേറ്റി ജെറാര്‍ഡ് കുതിച്ചു. 54ാം മിനുറ്റില്‍ ജെറാര്‍ഡ് ലിവറിന്റെ തിരിച്ചുവരവിന് തുടക്കം കുറിച്ചു. ആശ്വാസഗോളാകുമതെന്ന് വിചാരിച്ചവര്‍ക്ക് തെറ്റി. 56ാം മിനുറ്റില്‍ സമായ്‌സറും 60ാം മിനുറ്റില്‍ അലന്‍സോയും ലക്ഷ്യം കണ്ടപ്പോള്‍ ഗ്യാലറി പൊട്ടിത്തെറിച്ചു. യു വില്‍ നെവര്‍ വാക്ക് എലോണ്‍ എന്ന ലിവറിന്റെ ആപ്തവാക്യം ശരിയായിരുന്നു. നിങ്ങള്‍ ഒറ്റക്ക് പോകില്ല, കപ്പും കൊണ്ടു മാത്രമാണ് പോവുക. 


അമ്പരിപ്പിക്കും വിധം തിരിച്ചുവരവ് നടത്തിയ ലിവര്‍പൂള്‍ പനാള്‍റ്റിയില്‍ 3-2ന് ഉസ്താംബൂള്‍ ചരിത്രം കുറിച്ചാണ് ലിവര്‍പൂള്‍ ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയത്. 

ബാഴ്‌സലോണ-പിഎസ്ജി, കാംപ്ന്യൂ ബാഴ്‌സലോണ
ഉസ്താംബൂളിന്റെ ചരിത്രം കുറിച്ച ഫൈനല്‍ ഓര്‍മയില്‍ നില്‍ക്കെയാണ് ബാഴ്‌സ-പിഎസ്ജി മത്സരം കാണാനിരുന്നത്. കാരണം, ആദ്യ പാദത്തില്‍ നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ട ബാഴ്‌സയ്ക്ക് ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാകണമെങ്കില്‍ അത്ഭുതം സംഭവിക്കേണ്ടിയിരുന്നു. മെസ്സി, നെയ്മര്‍, സുവാരസ്, ഇനിയസ്റ്റ, മഷെറാനോ തുടങ്ങിയ സമകാലീന കളിക്കാരില്‍ മികച്ച ഒരു കൂട്ടം പ്രതിഭകളായിരുന്നു പ്രതീക്ഷ. കൂട്ടിന് കാംപ്‌ന്യൂവിലുള്ള കാറ്റളന്‍ കൂട്ടവും. എതിര്‍ നിരയില്‍ വരേറ്റിയും, മറ്റിയൂഡിയും, കവാനിയും തിയാഗോ സില്‍വയുമടങ്ങുന്നവരും. 

തോറ്റു പോകുമെന്ന് തോന്നിയാലും ഭയപ്പെടരുത്, തോല്‍വിയില്‍ പോലും ധീരത കാട്ടുന്നവര്‍ ഒരിക്കല്‍ അന്തസായി വിജയിക്കുന്നവര്‍ ആണ്. ഈ വാക്കുകളായിരിക്കാം മെസ്സിയും കൂട്ടരും മനസില്‍ കരുതിയിരിന്നത്. ഡു ഓര്‍ ഡൈ! ജയം, അല്ലെങ്കില്‍ മരണം. മരിക്കാന്‍ ബാഴ്‌സയ്ക്ക് ഭയമില്ലായിരുന്നു. കാരണം കളി തുടങ്ങിയത് മുതല്‍ ഉംറ്റിറ്റിയും മഷൊരാനയുമുള്‍പ്പെടുന്ന പ്രതിരോധം എതിര്‍ടീമിന്റെ പകുതിലേക്ക് വന്നിരുന്ന് ആത്മഹത്യക്ക് മുതിര്‍ന്നത് കാണാമായിരുന്നു.

കളി തുടങ്ങി രണ്ടാം മിനുറ്റില്‍ തന്നെ ബാഴ്‌സയുടെ ആക്രമണ തന്ത്രത്തിന് ഫലം ലഭിച്ചു. പ്രതിരോധാത്മക ഫുട്‌ബോള്‍ എന്തെന്ന് ഇനിയും പിഎസ്ജി പഠിക്കേണ്ടിയിരിക്കുന്നതിന് തെളിവായിരുന്നു ബാഴ്‌സ ആദ്യം നേടി രണ്ടു ഗോളുകളും. ആദ്യ 50 മിനുറ്റ് ആയപ്പോഴേക്കും ബാഴ്‌സ മൂന്ന് ഗോളുകള്‍ക്ക് മുന്നിലെത്തിയിരുന്നു. ഇതോടെ രണ്ട് പാദങ്ങളിലായുള്ള സ്‌കോര്‍ 3-4 എന്ന നിലയിലും.

62ാം മിനുറ്റില്‍ പിഎസ്ജിക്കായി ലക്ഷ്യം കണ്ട കവാനി ബാഴ്‌സയുടെ മോഹങ്ങള്‍ തച്ചുടച്ചെന്ന് എല്ലാവരും വിചാരിച്ചു. 88ാം മിനുറ്റിലും ക്വാര്‍ട്ടറിലെത്താന്‍ ബാഴ്‌സയ്ക്ക് വേണ്ടിയിരുന്നത് മൂന്ന് ഗോളുകള്‍. എന്നാല്‍ ഒരു ശതമാനം സാധ്യതയൊള്ളൂവെങ്കില്‍ പോലും ബാഴ്‌സ ജയിക്കുമെന്ന് കളിയുടെ തൊട്ടുമുമ്പ് വരെ പറഞ്ഞ നെയ്മര്‍ 88, 92 മിനിറ്റുകളില്‍ പിഎസ്ജിയുടെ നെഞ്ച് തുളച്ചതോടെ കാംപ്ന്യൂ പുതിയ ചരിത്രത്തിലേക്ക് കണ്ണ് തുറന്നു. ഗ്യാലറി ആര്‍ത്തു വിളിച്ചു. ഫോഴ്‌സ, ബാഴ്‌സ! 94 മിനുറ്റും 35 സെക്കന്‍ഡുമായപ്പോഴാണ് പിഎസ്ജിയുടെ ചരിത്രത്തിലെ കറുത്ത ദിനം കുറിക്കപ്പെട്ടത്.

നെയ്മര്‍ നല്‍കിയ ചിപ്പ് ക്രോസ് സെര്‍ജി റോബര്‍ട്ടോ ഗോളിക്കുമുകളിലൂടെ തട്ടിയിട്ടപ്പോള്‍ ഫുട്‌ബോള്‍ ലോകം ഉയര്‍ന്ന് ചാടി. അവിശ്വസനീയം. നിങ്ങളിതു വിശ്വസിക്കുന്നുണ്ടോ, വിശ്വസിക്കുന്നുണ്ടോ, എന്ന് കമേന്റര്‍മാര്‍ നിരന്തരം ചോദിച്ചുകൊണ്ടിരുന്നു. കാറ്റലൂണിയന്‍ ക്ലബ്ബ് ചരിത്രം കണ്ട ഏറ്റവും വലിയ തിരിച്ചു വരവ് നടത്തിയിരിക്കുന്നു. ഒപ്പം ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലിടവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com