റാഞ്ചി ടെസ്റ്റ്: ഇന്ത്യ 603 റണ്‍സിന് ഡിക്ലയര്‍ ചെയ്തു; 152 റണ്‍സ് ലീഡ്; ഓസ്‌ട്രേലിയ പതറുന്നു

ഫോട്ടോ-ബിസിസിഐ
ഫോട്ടോ-ബിസിസിഐ

റാഞ്ചി:  ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് ഇന്ത്യന്‍ വരുതിയില്‍. ചേതേശ്വര്‍ പൂജാരയുടെ ഡബിള്‍ സെഞ്ച്വറി മികവിലും വൃദ്ധിമാന്‍ സാഹയുടെ പ്രകടനത്തിലും ഇന്ത്യ നേടിയ 152 റണ്‍സ് ഒന്നാം ഇന്നിംഗ്‌സ് ലീഡ് മറികടക്കുവാനുള്ള ശ്രമത്തില്‍ നാലാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സ് എന്ന നിലയിലാണ്. ഡേവിഡ് വാര്‍ണര്‍ (14), നഥാന്‍ ലയണ്‍ എന്നിവരടങ്ങിയ ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് തുറുപ്പുചീട്ടുകളാണ് രവീന്ദ്ര ജഡേജ നേടിയത്. 

ഏഴ് റണ്‍സുമായി മാറ്റ് റെന്‍ഷായാണ് നാലാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ക്രീസിലുള്ളത്. ഏഴാം വിക്കറ്റില്‍ പുജാരയും സാഹയും ചേര്‍ന്നെടുത്ത 199 റണ്‍സാണ് ടെസ്റ്റ് ഇന്ത്യന്‍ വരുതിയിലാക്കിയത്. 91 റണ്‍സ് പിന്നില്‍ നിന്ന് തുടങ്ങിയ ഇരുവരും ലഞ്ചിനു പിരിഞ്ഞപ്പോള്‍ ഓസ്‌ട്രേലിയയുടെ ലീഡ് 16 റണ്‍സ് ആയി കുറച്ചിരുന്നു. ഏറ്റവുമധികം പന്തുകള്‍ നേരിട്ട ഇന്ത്യന്‍ ടെസ്റ്റ് ബാറ്റ്‌സ്മാന്‍ എന്ന ബഹുമതിയും പുജാര തന്റെ മാരത്തണ്‍ ഇന്നിംഗ്‌സിനിടയില്‍ സ്വന്തമാക്കി. 117 റണ്‍സ് നേടിയ സാഹയെ സ്റ്റീവ് ഒക്കേഫെ പുറത്താക്കി. 603/9 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഇന്ത്യ ഡിക്ലയര്‍ ചെയ്യുമ്പോള്‍ 54 റണ്‍സുമായി രവീന്ദ്ര ജഡേജ പുറത്താകാതെ നില്‍ക്കുകയായിരുന്നു. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റും, സ്റ്റീവ് ഒക്കീഫെ മൂന്ന് വിക്കറ്റും നേടി. ജോഷ് ഹാസല്‍വുഡ്, നഥാന്‍ ലയണ്‍ എന്നിവരാണ് മറ്റു വിക്കറ്റ് നേട്ടക്കാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com