റൊണാള്‍ഡോ നെയ്മറിനോട് പറഞ്ഞു ' ബാഴ്‌സയില്‍ തന്നെ തുടരൂ, എന്നിട്ട് മെസ്സിയേക്കാള്‍ ഉയരത്തിലെത്തൂ'

റൊണാള്‍ഡോ നെയ്മറിനോട് പറഞ്ഞു ' ബാഴ്‌സയില്‍ തന്നെ തുടരൂ, എന്നിട്ട് മെസ്സിയേക്കാള്‍ ഉയരത്തിലെത്തൂ'

കഴിഞ്ഞ രണ്ടാഴ്ചയായി ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറാണ് ട്രാന്‍സ്ഫര്‍ വിപണിയിലെ ചൂടേറിയ താരം. നിലവില്‍ ബാഴ്‌സലോണയ്ക്ക് വേണ്ടി കിടിലന്‍ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരത്തിനായി പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും വലവീശിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് നെയ്മറും വ്യക്തമാക്കിയിട്ടുണ്ട്. 200 മില്ല്യാന്‍ യൂറോ വരെ നല്‍കാന്‍ യുണൈറ്റഡ് തയാറാണെന്നാണ് സൂചന. ചെല്‍സി ഉടമ റോമന്‍ അബ്രാമോവിച്ചും താരത്തെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ എത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

എന്നാല്‍, നെയ്മറിന് ഇതുവരെ ആരും നല്‍കാത്ത നിര്‍ദേശമാണ് ബാഴ്‌സലോണയുടെ ബദ്ധവൈരികളും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവുമായിരുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോ നല്‍കിയിരിക്കുന്നത്. ബാഴ്‌സയില്‍ തന്നെ തുടരൂ. എന്നിട്ട് മെസ്സിയെ പിന്നിലാക്കൂ എന്നാണ് പോര്‍ച്ചുഗീസ് താരങ്ങള്‍ വഴി നെയ്മറിന് റൊണാള്‍ഡോ ഉപദേശം നല്‍കിയിരിക്കുന്നത്. സ്പാനിഷ് പത്രമായ ഡിയാരിയോ ഗോളിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബാഴ്‌സലോണ നിരയില്‍ മെസ്സിയുടെ നിഴലിലാണ് നെയ്മറെങ്കിലും 25 വയസ്സുള്ള നെയ്മര്‍ക്ക് കളി തെളിയിച്ച് മുന്നോട്ട് വരാന്‍ ഇനിയും സമയമുണ്ട്. 29 വയസ്സുവരെയെങ്കിലും ബാഴ്‌സയില്‍ തന്നെ തുടര്‍ന്നാല്‍ മെസ്സിക്ക് ഇപ്പോഴുള്ള സ്ഥാനത്ത് നെയ്മറിന് എത്താന്‍ സാധിക്കും. മാഞ്ചസ്റ്റര്‍ പരിശീലകനായ മൊറീഞ്ഞോ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ സാധ്യത ബാഴ്‌സയില്‍ നിന്നാല്‍ ലഭിക്കുമെന്ന് റൊണാള്‍ഡോ താരത്തിന് നിര്‍ദേശം നല്‍കി. ബാഴ്‌സയുമായി ലയണല്‍ മെസ്സിക്ക് 2018 വരെയും നെയ്മറിന് 2021 വരെയുമാണ് കരാര്‍.

താന്‍ ആരാധിക്കുന്ന മികച്ച കളിക്കാരില്‍ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന് നെയ്മര്‍ തുറന്നുപറഞ്ഞിരുന്നു. ഏതായാലും താരം ബാഴ്‌സ വിടില്ലെന്നാണ് ക്ലബ്ബ് ആരാധകര്‍ കരുതുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com