2026 ലോകക്കപ്പ്:പുതിയ നിര്‍ദേശങ്ങളുമായി ഫിഫ

2026 ലോകക്കപ്പ്:പുതിയ നിര്‍ദേശങ്ങളുമായി ഫിഫ

സൂറിച്ച്: 2026 ലോകക്കിപ്പില്‍ 48 ടീമുകളെ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘനയായ ഫിഫ കൂടുതല്‍ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു. 48 ടീമുകളെ ഉള്‍പ്പെടുത്തുമ്പോള്‍ ഏഷ്, ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ മേഖലകളില്‍നിന്ന് കൂടുതല്‍ ടീമുകള്‍ക്ക് അവസരം ലഭിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് ഫിഫ പുറത്തുവിട്ടിരിക്കുന്നത്.

പുതിയ നിര്‍ദേശങ്ങള്‍ക്ക് ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫാന്റിനോയും ആറ് കോണ്‍ഫഡറേഷന്‍സ് മേധാവികളും അനുമതി നല്‍കിയിട്ടുണ്ട്. മെയ് ഒന്‍പതിന് ചേരുന്ന ഫിഫ കൗണ്‍സില്‍ യോഗത്തില്‍ നിര്‍ദേശങ്ങള്‍ക്ക് അനുമതി ലഭിക്കും. 

ജനുവരിയില്‍ വോട്ടെടുപ്പിലാണ് ലോകക്കപ്പില്‍ പങ്കെടുക്കേണ്ട ടീമുകളുടെ എണ്ണം 32ല്‍ നിന്ന് 48 ആക്കാന്‍ തീരുമാനിച്ചത്. ടൂര്‍ണമെന്റില്‍ ടീമുകളുടെ എണ്ണം കൂടുമ്പോള്‍ ആറ് കോണ്‍ഫഡറേഷന്‍സിനും കുറഞ്ഞത് ഒരു ടീമിനെ കൂടി ഉള്‍പ്പെടുത്താന്‍ സാധിക്കും. 

ആഫ്രിക്കയില്‍ നിന്ന് അഞ്ച് ടീമുകള്‍ക്കാണ് ആദ്യം യോഗ്യത ലഭിച്ചിരുന്നതെങ്കില്‍ പുതിയ നിര്‍ദേശം അനുസരിച്ച് ഒന്‍പത് ടീമുകള്‍ക്ക് വരെ യോഗ്യത ലഭിക്കും. ഏഷ്യയില്‍ നിന്ന് നാലോ അഞ്ചോ ടീമുകളായിരുന്നു ആദ്യം യോഗ്യത നേടിയിരുന്നത്. ഫിഫ നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നതോടെ ഇത് എട്ടായി ഉയരും. ഏറ്റവും കൂടുതല്‍ ടീമുകളുള്ള യൂറോപ്പില്‍ നിന്ന് ആദ്യം 13 ആയിരുന്നെങ്കില്‍ പുതിയ നിര്‍ദേശത്തില്‍ 16 ടീമുകള്‍ക്ക് യോഗ്യത ലഭിക്കും. നോര്‍ത്ത് അമേരിക്കയില്‍ നിന്ന് മൂന്നോ നാലോ ടീമുകള്‍ക്കാണ് ഇതുവരെ യോഗ്യത ലഭിച്ചിരുന്നത്. ആറ് ടീമുകളെ വരെ യോഗ്യരാക്കണമെന്ന നിര്‍ദേശമാണ് പുതിയത്. നാല് മുതല്‍ അഞ്ച് ടീമുകള്‍ക്കായിരുന്നു ലാറ്റിന്‍ അമേരിക്കയില്‍ നിന്നും യോഗ്യത. ഇത് ആറാക്കി ഉയര്‍ത്തിയിട്ടുണ്ട്. 

യോഗ്യത നേടി വരുന്നവരെക്കൂടാതെയുള്ള ആറ് ടീമുകള്‍ ലോകക്കപ്പിന് മുന്നോടിയായുള്ള പ്ലേ ഓഫ് ടൂര്‍ണമെന്റില്‍ ജയിച്ചു കയറണം. ഇതിലൂടെ രണ്ട് ടീമുകള്‍ക്കും അവസരമുണ്ടാകും. ലോകക്കപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം തന്നെയാണ് ഈ പ്ലേഓഫും നടത്തേണ്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com