എമിറേറ്റ്‌സില്‍ യുണൈറ്റഡിന് അടിപതറി; റെഡ് ഡെവിള്‍സിനെ ആഴ്‌സണല്‍ തോല്‍പ്പിച്ചത് രണ്ട് ഗോളുകള്‍ക്ക്

എമിറേറ്റ്‌സില്‍ യുണൈറ്റഡിന് അടിപതറി; റെഡ് ഡെവിള്‍സിനെ ആഴ്‌സണല്‍ തോല്‍പ്പിച്ചത് രണ്ട് ഗോളുകള്‍ക്ക്

ലണ്ടന്‍: ചാംപ്യന്‍സ് ലീഗ് മോഹവുമായി പ്രീമിയര്‍ ലീഗിലെ വന്‍നിര ക്ലബ്ബുകള്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ആഴ്‌സണലിനൊപ്പം നിന്നു. എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ തോല്‍വി അറിയാതെ എത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സ് തോല്‍പ്പിച്ചത്.

54മത് മിനുട്ടില്‍ ഗ്രാനിറ്റ് സാക്കയും 57മത് മിനുട്ടില്‍ ഡാനി വെല്‍ബെക്കുമാണ് പീരങ്കിപ്പടയുടെ ഗോളുകള്‍ നേടിയത്. ആദ്യ പകുതിയില്‍ ഡീപ്പിലേക്ക് വലിഞ്ഞുകളിച്ച യുണൈറ്റഡിന്റെ ഗോള്‍മുഖത്ത് സാഞ്ചസും പരുക്കില്‍ നിന്ന് മോചിതനായി അവസാന നിമിഷം ടീമിലെത്തിയ സാക്കയും ചെംപര്‍ലെയ്‌നും നിരവധി തവണ പന്തെത്തിച്ചെങ്കിലും ഗോളുകള്‍ പിറന്നില്ല. 

ഇതോടെ പ്രീമിയര്‍ ലീഗില്‍ ആദ്യ നാല് സ്ഥാനക്കാരാകാമെന്ന മോഹം യുണൈറ്റഡിന് ഏകദേശം അവസാനിച്ചു. പരിശീലകന്‍ മൊറീഞ്ഞോ കളിക്കു ശേഷം ഇത് സമ്മതിക്കുകയും ചെയ്തു. യൂറോപ്പ ലീഗ് സെമി ഫൈനലില്‍ സെല്‍റ്റാ വീഗോയോട് രണ്ടാം പാദത്തിനൊരുങ്ങുന്ന യുണൈറ്റഡ് പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് എമിറേറ്റ്‌സില്‍ ഇറങ്ങിയത്. 

രണ്ടാം പകുതിയിലേറ്റ ഇരട്ട പ്രഹരത്തില്‍ നിന്നും യുണൈറ്റഡ് കരകയറാന്‍ ശ്രമിച്ചെങ്കിലും ആഴ്‌സണല്‍ ഗോളി പീറ്റര്‍ ചെക്കും പ്രതിരോധവും പഴുത് നല്‍കിയില്ല. 

മാഞ്ചസ്റ്ററുമായി ഏറ്റുമുട്ടിയ 15 മത്സരങ്ങളിലും ആഴ്‌സണ്‍ വെംഗര്‍ പരിശീലിപ്പിക്കുന്ന ആഴ്‌സണലിന് തോല്‍വിയാിരുന്നു ഫലം. എന്നാല്‍, 16മത് മത്സരത്തില്‍ വെംഗര്‍ ആ ദുഷ്‌പേര് മാറ്റി. എല്ലാ സമയവും ആഴ്‌സണല്‍ ആരാധകര്‍ കരയുന്നതാണ് കാണാറുള്ളത്. ഇത്തവണ അവര്‍ ആഘോഷിക്കുന്നത് കണ്ടതില്‍ സന്തോഷമെന്ന് മൊറീഞ്ഞോ കളിക്കു ശേഷമുള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു.

ലീഗിലെ മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ സതാപ്ടനുമായി ഗോള്‍രഹിത സമനില വഴങ്ങി. 35 മത്സരങ്ങളില്‍ നിന്ന് 65 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. 34 മത്സരങ്ങളില്‍ നിന്ന് 63 പോയിന്റുള്ള ആഴ്‌സണല്‍ ആറാം സ്ഥാനത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com