സച്ചിന്‍ നാളെ വീണ്ടും പാഡണിയും, ലാറയ്‌ക്കെതിരെ

നേര്‍ക്കുനേര്‍ പോരാട്ടത്തിന് ഒരിക്കല്‍ കൂടി അവര്‍ ഇറങ്ങും. സച്ചിനും ലാറയും. സച്ചിനോ ലാറയോ എന്ന, കളിക്കളത്തിലെ എക്കാലത്തെയും ചോദ്യത്തിന് ഉത്തരം കണ്ടെത്താനല്ല
സച്ചിന്‍ നാളെ വീണ്ടും പാഡണിയും, ലാറയ്‌ക്കെതിരെ


പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: നേര്‍ക്കുനേര്‍ പോരാട്ടത്തിന് ഒരിക്കല്‍ കൂടി അവര്‍ ഇറങ്ങും. സച്ചിനും ലാറയും. സച്ചിനോ ലാറയോ എന്ന, കളിക്കളത്തിലെ എക്കാലത്തെയും ചോദ്യത്തിന് ഉത്തരം കണ്ടെത്താനല്ല. ഇത് അതിര്‍ത്തികള്‍ ഭേദിക്കുന്ന ക്രിക്കറ്റിന്റെ സൗഹൃദ ഭാവം ആവര്‍ത്തിച്ചുസ്ഥാപിക്കാനാണ്.

വെസ്റ്റ് ഇന്‍ഡീസിലെ ട്രിനിഡാഡ് ആന്‍ഡ ടുബാഗോയില്‍ ബ്രയന്‍ ലാറയുടെ പേരിലുള്ള സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിനാണ് സച്ചിന്‍ എത്തുന്നത്. ഒരേകാലത്തു കളിക്കളത്തില്‍ നിറഞ്ഞുനിന്ന രണ്ടു മഹാരഥന്മാരില്‍, ഒരാളുടെ പേരിലുളള സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിന് രണ്ടാമത്തെയാള്‍ എത്തുന്നതു മാത്രമല്ല ഇതിലെ കൗതുകം. ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരില്‍ ഒരു ആഢംബര സ്യൂട്ടുമുണ്ട്. 

സ്റ്റേഡിയത്തിലെ സ്യൂട്ടിന് സച്ചിന്റെ പേരിടുന്നത് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയില്‍ ചെറിയ വിവാദമുണ്ടാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് സച്ചിന്‍ ഉദ്ഘാടനത്തിന് എത്തിയേക്കില്ല എന്നും വാര്‍ത്തകള്‍ വന്നു. രാജ്യത്തെ ഒരു സ്‌റ്റേഡിയത്തിലെ സ്യൂട്ടിന് വിദേശത്തെ ഒരു കളിക്കാരന്റെ പേരിടുന്നതാണ് എതിര്‍ത്തവര്‍ ചൂണ്ടിക്കാട്ടിയത്. മുംബൈയിലെ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ പഴകാല വിന്‍ഡീസ് താരം സര്‍ ഫ്രാങ്ക് വോറലിന്റെ പേരില്‍ സ്യൂട്ട് ഉണ്ടെന്നും വിവ് റിച്ചാര്‍ഡ്‌സും മൈക്കല്‍ ഹോള്‍ഡിങും ഉള്‍പ്പെടെയുള്ള താരങ്ങളെ ക്രിക്കറ്റ് ക്ലബ് ഒഫ് ഇന്ത്യ ആദരിച്ചിട്ടുണ്ടെന്നും ഈ വാദത്തെ എതിര്‍ത്തവര്‍ ചൂണ്ടിക്കാട്ടി. എന്തായാലും എതിര്‍പ്പുകളെയെല്ലാം അതിജീവിച്ച് ശനിയാഴ്ച സ്റ്റേഡിയം തുറക്കുകയാണ്. ലാറയുടെ പേരിലുളള സ്റ്റേഡിയത്തില്‍ സച്ചിന്റെ പേരിലുള്ള സ്യൂട്ടുമായിത്തന്നെ.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് സച്ചിന്‍, ലാറ ഇലവനുകള്‍ തമ്മിലുള്ള പ്രദര്‍ശന മത്സരവും നടക്കും. മൈതാനത്തില്‍ കാണികളുടെ ആവേശമായിരുന്ന ഇരു താരങ്ങളും വിരമിച്ച ശേഷം ആദ്യമായി നാളെ മുഖാമുഖം ഇറങ്ങും. ബ്രയാന്‍ലാറ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം കാണികള്‍ക്കു വിരുന്നൊരുക്കുന്ന പൊടിപൂരമാവുമോയെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com