മുംബൈ തന്നെ വമ്പന്മാര്‍; ഒരു റണ്‍ ജയത്തില്‍ മൂന്നാം കിരീടം

അവസാന പന്തില്‍ തോല്‍വി കണ്‍മുന്നിലിരിക്കെയായിരുന്നു വിജയം പൂനെയില്‍ നിന്നും മുംബൈ പട തട്ടിയെടുത്തത്
മുംബൈ തന്നെ വമ്പന്മാര്‍; ഒരു റണ്‍ ജയത്തില്‍ മൂന്നാം കിരീടം

ഹൈദരാബാദ്‌: അവസാന പന്തുവരെ നീണ്ട ആവേശ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന് അവിശ്വസനീയ ജയം. അവസാന പന്തില്‍ തോല്‍വി കണ്‍മുന്നിലിരിക്കെയായിരുന്നു വിജയം പൂനെയില്‍ നിന്നും മുംബൈ പട തട്ടിയെടുത്തത്. 

നായകന്‍ സ്മിത്തിനെ മാറ്റി നിര്‍ത്തി ധോനി മെനഞ്ഞ തന്ത്രങ്ങള്‍ കാറ്റില്‍ പറത്തിയായിരുന്നു മുംബൈയുടെ ഒരു റണ്‍ ജയവും മൂന്നാം ഐപിഎല്‍ കിരീട നേട്ടവും. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ മൂന്ന് തവണ കിരീടം സ്വന്തമാക്കുന്ന ഏക ടീമായി മുംബൈ. ഒന്നാം ക്വാളിഫയര്‍ മുതല്‍ പൂനെയ്ക്ക് മുന്നില്‍ മുട്ട് മടക്കിയിരുന്ന മുംബൈ പക്ഷേ കലാശപോരാട്ടത്തില്‍ പതിവ് തിരുത്തി. 

മുംബൈ ഉയര്‍ത്തിയ 129 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് കിരീടത്തിന് അരികെയെത്തിയ പൂനെ 128 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു. അവസാന ഓവറില്‍ കിരീട നേട്ടത്തിനായി 13 റണ്‍സ് വേണ്ടിയിരുന്ന പുനെയ്ക്ക് 11 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 

മിച്ചല്‍ ജോണ്‍സനെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് ബൗണ്ടറി കടത്തി മനോജ് തിവാരി പുനെയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ജോണ്‍സണ്‍ കിരീടം മുംബൈയ്ക്ക് അടുത്തെത്തിച്ചു. അവസാന പന്തില്‍ നാല് റണ്‍സ് വേണ്ടിയിരുന്നിടത്ത് രണ്ട് റണ്‍സ് നേടാനെ പുനെയ്ക്കായുള്ളു. 

മുംബൈയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ നേടിക്കൊടുത്ത ക്രുനാല്‍ പാണ്ഡ്യയാണ് കലാശപോരാട്ടത്തിലെ താരം. മെല്ലെ തുടങ്ങിയ പാണ്ഡ്യ അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുകയായിരുന്നു.

അര്‍ദ്ധശതകം നേടിയ നായകന്‍ സ്മിത്തും(50 പന്തില്‍ 51), ഓപ്പണര്‍ അജിന്‍ക്യാ രഹാനെയും(38 പന്തില്‍ 44) മാത്രമാണ് പൂനെ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊപ്പം നിന്നത്. ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന പുനെയുടെ ആദ്യ വിക്കറ്റ് 11 റണ്‍സ് എടുക്കുന്നതിനിടെ ബുംറ വീഴ്ത്തി. പിന്നീട് കരുതലോടെ നായകന്‍ സ്മിത്തും അജന്‍ക്യ രഹാനെയും ബാറ്റ് വീശിയതോടെ പുനെയുടെ സ്‌കോര്‍ ബോര്‍ഡിന്റെ വേഗം കുറഞ്ഞു.

ഫൈനല്‍ മത്സരത്തില്‍ ബാറ്റ്‌സ്മാന്‍മാരുടെ വെടിക്കെട്ട് പ്രതീക്ഷിച്ചെത്തിയ കാണികള്‍ക്ക് പക്ഷെ ബൗളര്‍മാര്‍ കളിക്കളം കീഴടക്കുന്ന കാഴ്ചയാണ് കാണാനായത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് പ്രതീക്ഷ തുടക്കം കിട്ടിയില്ല എന്നതിന് പുറമെ ഒരുഘട്ടത്തില്‍ സ്‌കോര്‍ ബോര്‍ഡ് മൂന്നക്കം കടക്കില്ലെന്ന നിലയിലുമെത്തി. ഇഴഞ്ഞിഴഞ്ഞു നീങ്ങിയ മൂബൈയ്ക്ക് ആശ്വാസകരമായ സ്‌കോര്‍ സമ്മാനിച്ചത് അവസാന ഓവറുകളില്‍ ക്രുനാല്‍ പാണ്ഡ്യ,മിച്ചല്‍ ജോണ്‍സന്‍ എന്നിവര്‍ നടത്തിയ ചെറുത്തുനില്‍പ്പാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com