മാഞ്ചസ്റ്റര്‍ യുണൈറ്റഡും അയാക്‌സും; യൂറോപ്പ കപ്പ് ആര്‍ക്ക്?

മാഞ്ചസ്റ്റര്‍ യുണൈറ്റഡും അയാക്‌സും; യൂറോപ്പ കപ്പ് ആര്‍ക്ക്?

സ്‌റ്റോക്ക്‌ഹോം: യൂറോപ്യന്‍ ഫുട്‌ബോളിനെ കൈവെള്ളയിലിട്ട് അമ്മാനമാടിയിരുന്ന രണ്ട് ക്ലബ്ബുകള്‍. പണക്കൊഴുപ്പും മേളക്കൊഴുപ്പും കൊണ്ട് മറ്റു ടീമുകള്‍ തങ്ങളുടെ പ്രതാപത്തിന് മങ്ങലേല്‍പ്പിച്ചപ്പോള്‍ സാക്ഷാല്‍ യോഹാന്‍ ക്രൈഫ് അനശ്വരമാക്കിയ ഡച്ച് ക്ലബ്ബ് അയാക്‌സിനും ജോര്‍ജ് ബെസ്റ്റ് മുതല്‍ സര്‍ അലക്‌സ് ഫെര്‍ഗ്യൂസണ്‍ വരെ പൂര്‍ണതയിലെത്തിച്ച ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും യൂറോപ്പ്യന്‍ ഫുട്‌ബോളിന്റെ മുഖ്യധാരയില്‍ നിന്ന് ചവിട്ടിപ്പുറത്താക്കപ്പെട്ടു.

ഒരു ആരാധകനെ സംബന്ധിച്ച് കടുപ്പമേറിയ കാലത്തിലൂടെ കടന്നു പോകുന്ന ഇരു ക്ലബ്ബുകളും യൂറോപ്പിന്റെ രണ്ടാം നിര ക്ലബ്ബ് ചാംപ്യന്‍ഷിപ്പായ യൂറോപ്പ കപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ഏറ്റമുട്ടും. ഡച്ച് ലീഗില്‍ രണ്ടാം സ്ഥാനക്കാരായി ലീഗ് സീസണ്‍ പൂര്‍ത്തിയാക്കിയ അയാക്‌സിന് അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ലീഗ് ബര്‍ത്ത് ഉറപ്പാണ്. എന്നാല്‍ യുണൈറ്റഡിന്റെ കാര്യത്തില്‍ അല്‍പ്പം പാടുപെടേണ്ടി വരും. കാരണം, ലീഗില്‍ ആറാം സ്ഥാനക്കാരായ യുണൈറ്റഡിന് യൂറോപ്പ കപ്പ് കിട്ടിയില്ലെങ്കില്‍ അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ലീഗ് മറക്കാം. മാത്രവുമല്ല, ജോസ് മൊറീഞ്ഞോ എന്ന സൂപ്പര്‍ കോച്ചിനെ കൊണ്ടുവന്നിട്ടും ലോകത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകയ്ക്ക് പോഗ്ബയെ കൊണ്ടുവന്നിട്ടും ഒരു  ട്രോഫിയെങ്കിലും എടുത്തില്ലെങ്കില്‍ ക്ലബ്ബിന്റെ കാര്യം പരിതാപകരമാകുമെന്നത് ഉറപ്പാണ്.

മാഞ്ചസ്റ്ററിലെ ചാവേര്‍ ആക്രമണത്തിന്റെ നടുക്കത്തിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വീഡന്റെ തലസ്ഥാനമായ സ്‌റ്റോക്ക്‌ഹോമിലെ ഫ്രണ്ട്‌സ് അരീന സ്റ്റേഡിയത്തില്‍ അയാക്‌സിനെ നേരിടാനെത്തുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജെഴ്‌സിയില്‍ ഒരു പക്ഷെ ഇംഗ്ലണ്ട് താരവും മാഞ്ചസ്റ്ററിന്റെ എക്കാലത്തെയും മികച്ച ഗോള്‍ നേട്ടക്കാരനുമായ വെയ്ന്‍ റൂണിയുടെ അവസാന മത്സരമാകുമിത്. മൊറീഞ്ഞോക്ക് കീഴില്‍ അവസരം ലഭിക്കാതിരിക്കുന്ന താരം ഈ സീസണോടെ കൂടുമാറിയേക്കും. 

2011-12 സീസണില്‍ യുറോപ്പ പ്രീ ക്വാര്‍ട്ടറിലാണ് ഇതിനു മുന്‍പ് ഇരു ടീമുകളും മുഖാമുഖമെത്തിയത്. അന്ന് ജയം യുണൈറ്റഡിനൊപ്പമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com