ഉത്തേജക പരിശോധന നടത്തുമെന്ന് നാഡ; ബിസിസിഐക്ക് അതൃപ്തി

ഉത്തേജക പരിശോധനയ്ക്കായി എടുത്തുവെച്ചിരിക്കുന്ന സാംപിളുകള്‍- പ്രതീകാത്മക ചിത്രം
ഉത്തേജക പരിശോധനയ്ക്കായി എടുത്തുവെച്ചിരിക്കുന്ന സാംപിളുകള്‍- പ്രതീകാത്മക ചിത്രം

ചെന്നൈ:  അടുത്ത സീസണ്‍ മുതല്‍ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളെ ഉത്തേജക പരിശോധനയ്ക്ക് വിധേയരാക്കുനള്ള ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (നാഡ) നീക്കത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്(ബിസിസിഐ) അതൃപ്തി. ആഭ്യന്തര താരങ്ങളെ ഉത്തേജക പരിശോധന നടത്തുന്നത് അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ), അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയോ (ഐസിസി) മതിയെന്നാണ് ബിസിസിഐയുടെ നിലപാട്.

അന്താരാഷ്ട്ര ക്രിക്കറ്റ് രംഗത്തെ മുന്‍നിരയിലുള്ള രാജ്യങ്ങള്‍ ആഭ്യന്തര തലത്തില്‍ ഉത്തേജക പരിശോധന നടത്തുന്ന സാഹചര്യത്തിലാണ് ബിസിസിഐ നാഡയ്ക്ക് മുഖം തിരിക്കുന്നത്. അതേസമയം, അന്താരാഷ്ട്ര ഏജന്‍സികള്‍ ഉത്തേജക പരിശോധന നടത്തുന്നത് അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേണ്ടി മാത്രമാണെന്ന് നാഡ മേധാവി നവീന്‍ അഗര്‍വാള്‍ വ്യക്തമാക്കി. 2013 മുതല്‍ ഐസിസി സ്വന്തമായി ഉത്തേജക പരിശോധന നടത്തുന്നുണ്ട്. സ്വീഡ്ഷ് കമ്പനിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.

ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് നാഡ. എല്ലാ ഇന്ത്യന്‍ ആഭ്യന്തര കായിക ഇനങ്ങളും നാഡയുടെ കീഴില്‍ വരുന്നതാണ്. ഇതില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ നിയമം വ്യക്തമാണ്. അതില്‍ ആശയക്കുഴപ്പമില്ല. ഈ നിയമത്തില്‍ ക്രിക്കറ്റിനെ ഒഴിവാക്കണമെന്നും പറഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐയുമായി ചര്‍ച്ച നടത്തുമെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ബിസിസിഐ ഈയടുത്ത് രഞ്ജി ട്രോഫി ടീം ക്യാപ്റ്റന്‍മാരുമായി നടത്തിയ യോഗത്തില്‍ നാഡ പരിശോധന നടത്തേണ്ടന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, വാഡ പരിശോധന നിര്‍ബന്ധമാണെന്നും അറിയിച്ചിട്ടുണ്ട്. 

മൂന്ന് മാസത്തില്‍ ഒരിക്കല്‍ ഉത്തേജക പരിശോധനയ്ക്ക് കളിക്കാര്‍ വിധേയരാകണമെന്ന വാഡയുടെ നിര്‍ദേശത്തിനോടും അതൃപ്തിയുള്ള ബിസിസിഐ ഡെല്‍ഹിയിലുള്ള നാഷണല്‍ ഡോപ്പ് ടെസ്റ്റിംഗ് ലബോറട്ടറയിലാണ് പരിശോധന നടത്തുന്നത്. ഇന്ത്യന്‍ ടെന്നീസ് താരം ലിയാണ്ടര്‍ പെയ്‌സിന്റെ പിതാവ് ഡോ. വെയ്‌സ് പെയ്‌സാണ് ബിസിസിഐയുടെ ഉത്തേജക വിരുദ്ധ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പ്രതിവര്‍ഷം 90 ലക്ഷം രൂപയോളമാണ് ബിസിസിഐ ഉത്തേജക പരിശോധന നടപടികള്‍ക്ക് വേണ്ടി ചെലവഴിക്കുന്നത്. 

ബിസിസിഐ കളിക്കാരെ നാഡയുടെ പരിശോധനയ്ക്ക് വിധേയരാക്കാതിരുന്നാല്‍ ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്റെ ഭാഗമാകാന്‍ ക്രിക്കറ്റ് സമിതിക്ക് സാധിക്കില്ലെന്ന് അഗര്‍വാള്‍ മുന്നറിയിപ്പ് നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com