വിരാട് കോഹ്‌ലി ഐസിസി പെരുമാറ്റചട്ടം ലംഘിച്ചു; ട്വന്റി-20 മല്‍സരത്തിനിടെ വാക്കിടോക്കി ഉപയോഗിച്ചു

ഐസിസി പെരുമാറ്റ ചട്ടം അനുസരിച്ച് താരങ്ങള്‍ മൊബൈലോ, വാര്‍ത്താവിനിമയ ഉപകരണങ്ങളോ ഉപയോഗിക്കാന്‍ പാടില്ല 
വിരാട് കോഹ്‌ലി ഐസിസി പെരുമാറ്റചട്ടം ലംഘിച്ചു; ട്വന്റി-20 മല്‍സരത്തിനിടെ വാക്കിടോക്കി ഉപയോഗിച്ചു

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ഐസിസി പെരുമാറ്റചട്ടം ലംഘിച്ചെന്ന് ആരോപണം. ന്യൂഡല്‍ഹിയില്‍ നടന്ന ന്യൂസിലണ്ടിനെതിരായ ആദ്യ ട്വന്റി-20 മല്‍സരത്തിനിടെയാണ് കോഹ്‌ലി വാക്കിടോക്കി ഉപയോഗിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തതോടെയാണ് സംഭവം വിവാദമായത്. ഐസിസി പെരുമാറ്റ ചട്ടം അനുസരിച്ച് മല്‍സരത്തിനിടെ താരങ്ങള്‍ മൊബൈലോ, അതുപോലുള്ള വാര്‍ത്താവിനിമയ ഉപകരണങ്ങളോ ഉപയോഗിക്കാന്‍ പാടുള്ളതല്ല. 

ഐസിസിയുടെ പെരുമാറ്റചട്ടം ആര്‍ട്ടിക്കിള്‍ നാലിലാണ് ഇതുസംബന്ധിച്ച വ്യക്തമായ നിര്‍ദേശമുള്ളത്. കളിക്കാരോ, സപ്പോര്‍ട്ടിംഗ് സ്റ്റാഫോ മാച്ച് ഓഫീഷ്യല്‍ ഏരിയയില്‍, മൊബെല്‍ അടക്കമുള്ള വാര്‍ത്താവിനിമയ ഉപകരണങ്ങള്‍, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് തുടങ്ങിയവ ഒരു കാരണവശാലും ഉപയോഗിക്കാന്‍ പാടുള്ളതല്ലെന്ന് നിഷ്‌കര്‍ഷിക്കുന്നു. ഇതനുസരിച്ച് വിരാട് കോഹ്‌ലിയുടെ പെരുമാറ്റം ഐസിസി ചട്ടങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

അതേസമയം ബിസിസിഐ കോഹ്‌ലിയെ ന്യായീകരിച്ച് രംഗത്തെത്തി. ഐസിസിയുടെ അഴിമതി വിരുദ്ധ സമിതിയില്‍ നിന്നും കോഹ്‌ലി, വാക്കിടോക്കി ഉപയോഗിക്കുന്നതിന് മുന്‍കൂര്‍ അനുമതി തേടിയിട്ടുണ്ടെന്നാണ് ഒരു ബിസിസിഐ ഒഫീഷ്യല്‍ ക്രിക്കറ്റ് നെക്സ്റ്റിനെ അറിയിച്ചത്. സംഭവത്തില്‍ ഐസിസിയും ഇന്ത്യന്‍ നായകന് ക്ലീന്‍ ചിറ്റ് നല്‍കിയതായാണ് റിപ്പോര്‍ട്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com