ലങ്ക പരീക്ഷണങ്ങള്‍ നടത്തിയിട്ടു കാര്യമില്ല, കോഹ് ലി-ശാസ്ത്രി കൂട്ടുകെട്ടില്‍ ഇന്ത്യന്‍ ആധിപത്യം തുടരുമെന്ന് വാട്‌മോര്‍

ആദ്യ ബോള്‍ മുതല്‍ ധോനി അടിച്ചു കളിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ അദ്ദേഹം ഔട്ട് ആകുമായിരുന്നു
ലങ്ക പരീക്ഷണങ്ങള്‍ നടത്തിയിട്ടു കാര്യമില്ല, കോഹ് ലി-ശാസ്ത്രി കൂട്ടുകെട്ടില്‍ ഇന്ത്യന്‍ ആധിപത്യം തുടരുമെന്ന് വാട്‌മോര്‍

ശാസ്ത്രിയും കോഹ് ലിയും ഒരുമിച്ച് നിന്നാല്‍ ഇനിയും ഇന്ത്യ കുതിക്കുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരവും കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനുമായ ഡേവ് വാട്‌മോര്‍. ടീമില്‍ പരീക്ഷണങ്ങള്‍ നടത്തിയാണ് ലങ്കന്‍ ടീം വരുന്നതെങ്കിലും ഇന്ത്യ തങ്ങളുടെ അധിപത്യം തുടരുമെന്ന് വാട്‌മോര്‍ പറയുന്നു. 

കഴിഞ്ഞ കുറേ മാസങ്ങളായി ശാസ്ത്രി-കോഹ് ലി കൂട്ടുകെട്ട് ലോക ക്രിക്കറ്റില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാന്‍ ഇന്ത്യയെ സഹായിക്കുന്നുണ്ട്. ലങ്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ ഈ കൂട്ടുകെട്ട് തന്നെ എതിരാളികളെ തകര്‍ക്കുമെന്ന് വാട്‌മോര്‍ വിലയിരുത്തുന്നു. നവംബര്‍ മുതല്‍ ഡിസംബര്‍ വരെ നീണ്ടു നില്‍ക്കുന്ന ലങ്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വിന്റി20കളുമുണ്ട്. 

ലങ്കയ്ക്ക് ഇന്ത്യന്‍ പര്യടനം കടു കട്ടിയാവും. അവര്‍ക്ക് സ്വന്തം മണ്ണില്‍ ജയിക്കാന്‍ സാധിച്ചില്ല. പിന്നെ എങ്ങിനെയാണ് ഇന്ത്യന്‍ മണ്ണില്‍ അവര്‍ക്ക് ജയിക്കാന്‍ സാധിക്കുക എന്നും വാട്‌മോര്‍ ചോദിക്കുന്നു. എല്ലാ മേഖലയിലും മികവ് പുലര്‍ത്തുന്ന ടീമാണ് ഇന്ത്യയുടേത്. മികച്ച പ്രകടനം നടത്തുന്ന ബാറ്റ്‌സ്മാന്‍മാരും, സ്പിന്നര്‍മാരും സീമേഴ്‌സും ചേരുന്നതിനൊപ്പം പോസീറ്റീവായ ഒരു നായകന്‍ കൂടി ചേരുന്നതോടെ സമ്പൂര്‍ണ ടീമാകുന്നു ഇന്ത്യ. 

നായകനും പരിശീലകനും തമ്മിലുള്ള ഇഴകിച്ചേരലാണ് പ്രധാനം. കളിക്കാരാണ് പരിശീലകനെ സൃഷ്ടിക്കുന്നതെന്ന പ്രയോഗം ഇന്ത്യയുടെ കാര്യത്തില്‍ ശരിയാവുന്നതായും വാട്‌മോര്‍ പറയുന്നു. 

രാജ്‌കോട്ടിലെ ട്വിന്റി20 പ്രകടനത്തിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന ധോനിയെ പിന്തുണയ്ക്കാനും വാട്‌മോര്‍ മറന്നില്ല. രാജ്‌കോട്ട് ട്വിന്റി20 ഞാന്‍ കണ്ടിരുന്നില്ല. എന്നാല്‍ അജിത് അഗാര്‍ക്കറിന്റെ പ്രതികരണം വായിച്ചിരുന്നു. ആദ്യ ബോള്‍ മുതല്‍ ധോനി അടിച്ചു കളിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ അദ്ദേഹം ഔട്ട് ആകുമായിരുന്നു. ധോനി നിങ്ങള്‍ക്കായി വിജയങ്ങള്‍ നേടിയ വ്യക്തിയാണെന്നും വാട്‌മോര്‍ ഓര്‍മിപ്പിക്കുന്നു. 

രാജ്‌കോട്ടിലെ കളി മാത്രമാണ് നിങ്ങളില്‍ അസംതൃപ്തിയുണ്ടാക്കുന്നത്. എന്നാല്‍ അത് ഒരു കളി മാത്രമാണ്. നല്ല ഇന്നിങ്‌സുകള്‍ ധോനി ഇതിന്‍ മുന്‍പ് ടീമിനായി കളിച്ചിട്ടുണ്ട്. തോല്‍ക്കാന്‍ ആരും ഇഷ്ടപ്പെടില്ല. പക്ഷേ തോല്‍വികള്‍ സംഭവിക്കുമെന്നും വാട്‌മോര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com