സച്ചിനിലേക്കുളള ദൂരം പാതിവഴി പിന്നിട്ടു; വിരാട് കോഹ് ലിക്ക് ട്വിറ്ററില്‍ ആശംസ പ്രവാഹം

സാഹചര്യങ്ങള്‍ക്കനുസരിച്ച് ബാറ്റിങിന്റെ ഗിയര്‍ മാറ്റുന്ന അതുല്യനായ പ്രതിഭ എന്നാണ് ട്വിറ്ററിലുടെ വിരാട് കോഹ് ലിയെ പ്രമുഖ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കര്‍ വിശേഷിച്ചത്
സച്ചിനിലേക്കുളള ദൂരം പാതിവഴി പിന്നിട്ടു; വിരാട് കോഹ് ലിക്ക് ട്വിറ്ററില്‍ ആശംസ പ്രവാഹം

സച്ചിന് യഥാര്‍ത്ഥ പിന്‍ഗാമി ആര് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലി. ഇത് ഒരോ ദിവസവും തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഈ താരം. ശ്രീലങ്കയ്ക്ക് എതിരായുളള ആദ്യ ടെസ്റ്റിലും ഈ വിശേഷണങ്ങള്‍ക്ക് ഒത്ത പ്രകടനമാണ് വിരാട് കോഹ്ലി കാഴ്ചവെച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ റണ്ണൊന്നും എടുക്കാതെ മടങ്ങിയത് ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തി. സ്‌കോറിലും അത് പ്രതിഫലിച്ചു. ആദ്യ ഇന്നിംഗ്‌സില്‍ ശ്രീലങ്കയ്ക്ക് ലീഡ്. വിജയപ്രതീക്ഷയില്‍ മുന്നേറിയ ശ്രീലങ്കയ്ക്ക് കനത്ത പ്രഹരം നല്‍കാന്‍ ആവനാഴിയിലെ ഒരോ അമ്പും വിരാട് കോഹ്ലി ചെത്തിമിനുക്കുകയായിരുന്നുവെന്ന് പിന്നിടുളള പ്രകടനം സാക്ഷ്യപ്പെടുത്തുന്നു. സെഞ്ചുറി മാത്രമല്ല റെക്കോഡുകളും ചേര്‍ത്തുവെച്ചുകൊണ്ടായിരുന്നു വിരാട് കോഹ്ലിയുടെ രണ്ടാം ഇന്നിംഗ്‌സിലെ പ്രകടനം. ടീം പ്രതിസന്ധി നേരിടുന്ന സമയത്ത് ഒരു മികച്ച കളിക്കാരനില്‍ നിന്നും പ്രതീക്ഷിക്കുന്ന പ്രകടനമാണ് കോഹ് ലി കാഴ്ചവെച്ചത്. 

ചരിത്രം ഉറങ്ങുന്ന കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടെസ്റ്റില്‍ തന്റെ 18 ആം സെഞ്ച്വറി തികച്ചപ്പോള്‍ മറ്റൊരു നാഴികക്കല്ലാണ് കോഹ്ലിയെ തേടി എത്തിയത്. ടെസ്റ്റ് ഏകദിന മത്സരങ്ങളില്‍ ശതകങ്ങളുടെ അരസെഞ്ചുറിയാണ് കോഹ് ലി തികച്ചത്. സച്ചിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമെന്ന ഖ്യാതിയും കോഹ് ലിക്ക് സ്വന്തം. ഇതിന് എല്ലാം പുറമേ സച്ചിന് യഥാര്‍ത്ഥ പിന്‍ഗാമി എന്ന് അരക്കിട്ടുറപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ഓരോ പ്രകടനവും. 100 സെഞ്ചുറികളുടെ നേട്ടമുളള സച്ചിന്റെ പാതിവഴി കോഹ് ലി പിന്നിട്ടു എന്ന നിലയില്‍ സോഷ്യല്‍ മീഡിയയും ഏറ്റുപിടിച്ചു. സാഹചര്യങ്ങള്‍ക്കനുസരിച്ച് ബാറ്റിങിന്റെ ഗിയര്‍ മാറ്റുന്ന അതുല്യനായ പ്രതിഭ എന്നാണ് ട്വിറ്ററിലുടെ വിരാട് കോഹ് ലിയെ പ്രമുഖ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കര്‍ വിശേഷിച്ചത്. ഇത് പോലെ വിശേഷണങ്ങള്‍ ഹര്‍ഷ ബോഗ് ല, മൈക്കിള്‍ വോണ്‍ തുടങ്ങിയ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നും ഇടതടവില്ലാതെ പ്രവഹിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com