കളി മാറുകയാണ്, വരുന്നു വനിതാ ഐപിഎല്‍

അടുത്ത വര്‍ഷം മുതല്‍ വനിതകളുടെ ഐപിഎല്‍ ആരംഭിക്കുമെന്ന് സൂചന നല്‍കി ഇന്ത്യന്‍ ക്രിക്കറ്റിന്റെ കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ്  ചെയര്‍മാന്‍ വിനോദ് റായ്
കളി മാറുകയാണ്, വരുന്നു വനിതാ ഐപിഎല്‍

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ വനിതകളുടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ആരംഭിക്കുമെന്ന് സൂചന നല്‍കി ഇന്ത്യന്‍ ക്രിക്കറ്റിന്റെ കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് (സിഒഎ) ചെയര്‍മാന്‍ വിനോദ് റായ്. സുപ്രീകോടതി നിയോഗിച്ച സിഒഎ കമ്മിറ്റി രാജ്യത്തെ വനിത ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

സിഒഎ അംഗമായ ഡയാന ഇഡല്‍ജി, വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ്, ടീം അംഗം ഝുലാന്‍ ഗോസ്വാമി എന്നിവരെ ഉള്‍പ്പെടുത്തി നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും ചിലപ്പോള്‍ നിങ്ങള്‍ക്ക് വനിത ഐപിഎല്ലും കാണാന്‍ സാധിക്കുമെന്നും റായ് പറഞ്ഞു. വനിത ക്രിക്കറ്റര്‍മാരുടെ മാച്ച് ഫീസ് കഴിഞ്ഞ മൂന്ന് മാസം കൊണ്ട് ഇരട്ടിയായി വര്‍ധിപ്പിച്ചു. പുരുഷ ടീമിന് ലഭിക്കുന്നതിനേക്കാള്‍ കൂടുതലോ കുറവോ അല്ല ഇവര്‍ക്ക് നല്‍കുന്ന പാരിതോഷികമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പുരുഷന്‍മാര്‍ കൂടുതല്‍ മാച്ചുകള്‍ കളിക്കുന്നതിനാല്‍ അവര്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്നുണ്ട്. അതിനാല്‍ വളരെ പെട്ടെന്ന് പുരുഷന്‍മാര്‍ക്ക് ലഭിക്കുന്ന അത്ര വരുമാനം ലഭ്യമാക്കാനാവില്ല. ഭാവിയില്‍ സ്ത്രീകള്‍ക്കും അവരുടെ നിലവാരത്തിലേക്ക് എത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ അടുത്ത വര്‍ഷം ഉറപ്പായും നിങ്ങള്‍ക്ക് മാറ്റം കാണാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വനിത ലോകകപ്പ് കളിയിലെ മികച്ച പ്രകടനത്തോടെയാണ് വനിത ടീമിന് കൂടുതല്‍ ശ്രദ്ധ കിട്ടിത്തുടങ്ങിയത്. എന്നാല്‍ ഇപ്പോഴും മുന്നോട്ടുവരാന്‍ ബുദ്ധിമുട്ടുകയാണ് ടീം. ഇവര്‍ ടൂര്‍ണമെന്റുകള്‍ കളിക്കുന്നുണ്ടെങ്കില്‍ സംപ്രേക്ഷണം ചെയ്യപ്പെടുകയോ വാര്‍ത്താ പ്രാധാന്യം നേടുകയോ ചെയ്യുന്നില്ല. വനിതകളുടെ ഐപിഎല്‍ വരുന്നത് നിലവിലെ അവസ്ഥയില്‍ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com