ടൂര്‍ണമെന്റിനിടെ ഇനി താരങ്ങളെ മാറാം ; ഐപിഎല്ലില്‍ വന്‍ പരിഷ്‌കാരം വരുന്നൂ

രാത്രി മല്‍സരങ്ങളുടെ സമയം പുനഃക്രമീകരിക്കാനും ഐപിഎല്‍ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ധാരണയായി
ടൂര്‍ണമെന്റിനിടെ ഇനി താരങ്ങളെ മാറാം ; ഐപിഎല്ലില്‍ വന്‍ പരിഷ്‌കാരം വരുന്നൂ

മുംബൈ : അടുത്ത ഐപിഎല്‍ ടൂര്‍ണമെന്റു മുതല്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ക്ക് കളമൊരുങ്ങുന്നു. യൂരോപ്യന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ മാതൃകയില്‍, ചാമ്പ്യന്‍ഷിപ്പിനിടെ കളിക്കാരെ മാറാനുള്ള മിഡ് ടൂര്‍ണമെന്റ് ട്രാന്‍സ്ഫര്‍ വിന്‍ഡോയ്ക്ക് ഐപിഎല്‍ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ധാരണയായി. ഏഴു മല്‍സരങ്ങളില്‍ രണ്ടു കളികള്‍ മാത്രം കളിച്ച താരത്തിന്, വേണമെങ്കില്‍ മറ്റ് ഫ്രാഞ്ചൈസിയിലേക്ക് മാറാനാകും എന്നതാണ് ഇതിന്റെ സവിശേഷത. ഈ നിര്‍ദേശത്തെ യോഗത്തില്‍ സംബന്ധിച്ച ഐപിഎല്‍ ഉടമകള്‍ എല്ലാവരും അംഗീകരിച്ചതായി ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു.  

വേണ്ടത്ര അവസരം ലഭിക്കുന്നില്ല എന്നു തോന്നുന്ന കളിക്കാര്‍ക്ക് മറ്റു ടീമുകളിലേക്ക് മാറാനും, അതനുസരിച്ച് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനും പുതിയ നിയമം സഹായകരമാകുമെന്ന് രാജീവ് ശുക്ല അഭിപ്രായപ്പെട്ടു. കൂടാതെ രാത്രി മല്‍സരങ്ങളുടെ സമയം പുനഃക്രമീകരിക്കാനും യോഗത്തില്‍ ധാരണയായി. നിലവില്‍ എട്ടുമണിയ്ക്ക് നടന്നുകൊണ്ടിരിക്കുന്ന മല്‍സരങ്ങള്‍ രാത്രി ഏഴ് മണിയ്ക്ക് ആരംഭിക്കാനാണ് നിര്‍ദേശം. 

ഈ നിര്‍ദേശത്തിനും ടീം ഉടമകളും ഐപില്‍ ഭാരവാഹികളും പിന്തുണ നല്‍കിയതായി രാജീവ് ശുക്ല അറിയിച്ചു. എട്ടു മണിയ്ക്ക് തുടങ്ങുന്ന മല്‍സരം അര്‍ധരാത്രി വരെ നീളുന്നത് സ്‌റ്റേഡിയത്തെയും കാണികളുടെ മടങ്ങിപ്പോക്കിനെയും ബാധിക്കുന്നതായി പരാതി ഉണ്ടായിരുന്നു. കൂടാതെ, അര്‍ധരാത്രി വരെ ടെലിവിഷനില്‍ കുട്ടികള്‍ ഉറക്കമിളച്ചിരുന്ന് കളി കാണുന്നതിനെതിരെ രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് സമയം ഒരു മണിക്കൂര്‍ മുമ്പോട്ടാക്കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് ആദ്യ മല്‍സരം ഇപ്പോള്‍ നാലു മണിയ്ക്ക് ആരംഭിക്കുന്നത് മൂന്നു മണിയിലേക്ക് മാറും. 

മല്‍സര സമയം മാറുന്നതിന് ഐപിഎല്‍ സംപ്രേഷണാവകാശമുള്ള സ്റ്റാര്‍ ഇന്ത്യയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. അതനുസരിച്ചായിരിക്കും സമയമാറ്റം നടപ്പിലാകുകയെന്ന് രാജീവ് ശുക്ല പറഞ്ഞു. സ്റ്റാര്‍ ഇന്‍ഡ്യ സമയമാറ്റം അമഗീകരിച്ചാല്‍, ഈ നിര്‍ദേശങ്ങളെല്ലാം ഡിസംബര്‍ അഞ്ചിന് ന്യൂഡല്‍ഹിയില്‍ ചേരുന്ന ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കും. ഗവേണിംഗ് കൗണ്‍സില്‍ യോഗം അന്തിമ അംഗീകാരം നല്‍കിയാല്‍ അടുത്ത ഐപിഎല്‍ ടൂര്‍ണമെന്റ് മുതല്‍ പുതിയ പരിഷ്‌കാരങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് രാജീവ് ശുക്ല വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com