ബംഗളൂരു എഫ്‌സി കരുതിയിരിക്കണം; കൊച്ചി മാത്രമല്ല, ചെന്നൈയും ബംഗളൂരുവും മഞ്ഞപ്പട മഞ്ഞക്കടലാക്കും

വിനീതിനേയും, റിനോയേയും അപമാനിച്ച് വിട്ട ബംഗലൂരു എഫ്‌സി ആരാധകരോട് പകരം ചോദിക്കാന്‍ ഉറച്ചുകൂടിയാണ് മഞ്ഞപ്പട നാലാം സീസണിനായി ഒരുങ്ങുന്നത്
ബംഗളൂരു എഫ്‌സി കരുതിയിരിക്കണം; കൊച്ചി മാത്രമല്ല, ചെന്നൈയും ബംഗളൂരുവും മഞ്ഞപ്പട മഞ്ഞക്കടലാക്കും

ഇനി 29 നാള്‍...കേരളത്തെ ഫുട്‌ബോള്‍ ആവേശത്തില്‍ നിറയ്ക്കാന്‍ നവംബര്‍ 17ന് 11 പേര്‍ മഞ്ഞക്കുപ്പായത്തിലിറങ്ങും. ആ സമയം ലോകോത്തര ഫുട്‌ബോള്‍ ക്ലബുകളുടെ ആരാധക പടയെ വെല്ലുന്ന ആരവുമായിട്ടായിരിക്കും മഞ്ഞപ്പടയുടെ പന്ത്രണ്ടാമന്‍ ഗ്യാലറിയിലുണ്ടാവുക. 

വിട്ടുവീഴ്ചകളില്ലാതെ ജയിക്കാന്‍ ശക്തമായ ടീമിനെ മാനേജ്‌മെന്റ് നല്‍കി കഴിഞ്ഞു. തന്ത്രങ്ങളുമായി മ്യുലന്‍സ്റ്റീനും റെഡി. ആരാധക പിന്തുണയ്ക്കും ഒരു കുറവും ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. 

രണ്ട് തവണ വഴുതിപ്പോയ കിരീടം ഉറപ്പിക്കാന്‍ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിനെ എല്ലാ പിന്തുണയും നല്‍കാന്‍ മഞ്ഞപ്പട തയ്യാറെടുത്തു കഴിഞ്ഞു. മഞ്ഞപ്പടയിലെ അംഗങ്ങള്‍ക്കുള്ള മഞ്ഞ ജേഴ്‌സി മുതല്‍ മഞ്ഞപ്പട ആപ്പ് വരെ തയ്യാര്‍. 

നാലാം സീസണില്‍ കൊച്ചിയില്‍ മാത്രമാകില്ല മഞ്ഞപ്പട ബ്ലാസ്റ്റേഴ്‌സിനായി ആരവം തീര്‍ക്കുക. ബാംഗ്ലൂരും, ചെന്നൈയിലും, ഗോവയിലും വരെ മഞ്ഞപ്പട ബ്ലാസ്റ്റേഴ്‌സിനൊപ്പം യാത്ര ചെയ്യും. 

ബ്ലാസ്‌റ്റേഴ്‌സിന്റെ വിനീതിനേയും, റിനോയേയും അപമാനിച്ച് വിട്ട ബംഗലൂരു എഫ്‌സി ആരാധകരോട് പകരം ചോദിക്കാന്‍ ഉറച്ചുകൂടിയാണ് മഞ്ഞപ്പട നാലാം സീസണിനായി ഒരുങ്ങുന്നത്. ബംഗലൂരു എഫ്‌സിയുടെ തട്ടകമായ കണ്ഡീവര സ്റ്റേഡിയം ഈ സീസണില്‍ മഞ്ഞക്കടലാക്കാനാണ് മഞ്ഞപ്പടയുടെ നീക്കം. 

ഇതിനായി സംസ്ഥാനത്തെ മഞ്ഞപ്പട്ടയുടെ ഓരോ ജില്ലയിലേയും യൂനിറ്റില്‍ നിന്നും ആരാധകര്‍ ബംഗലൂരുവിലേക്ക് വണ്ടികയറും. ബംഗളൂരുവിലും തങ്ങള്‍ക്ക് ശക്തമായ കൂട്ടായ്മയുണ്ടെന്ന് മഞ്ഞപ്പടയുടെ പ്രസിഡന്റായ എല്‍ദോ പറയുന്നു. ബംഗളൂരു എഫ്‌സിയുടെ തട്ടകത്തില്‍ മഞ്ഞക്കടല്‍ സൃഷ്ടിച്ച് വെറുതെ ഇരിക്കുകയായിരിക്കില്ല മഞ്ഞപ്പട ചെയ്യുക. ബംഗലൂരു എഫ്‌സി ആരാധകര്‍ക്ക് ചുട്ട മറുപടി നല്‍കുന്ന ആരവമായിരിക്കും കാണ്ഡിരവ സ്റ്റേഡയത്തില്‍ മഞ്ഞപ്പട ഉയര്‍ത്തുക.

ഫുട്‌ബോള്‍ എത്രമാത്രം പ്രാധാന്യത്തോടെയാണ് അവര്‍ കാണുന്നതെന്നറിയാന്‍ മഞ്ഞപ്പടയുടെ ഉള്ളിലേക്ക് നോക്കിയാല്‍ മതി. ജില്ലാ കോര്‍ കമ്മിറ്റികളില്‍ നിന്നാണ് പുതിയ ആശയങ്ങള്‍ ഉടലെടുക്കുന്നതും പദ്ധതികള്‍ രൂപപ്പെടുന്നതും. ഓരോ ജില്ലാ കമ്മിറ്റികളില്‍ നിന്നും മൂന്ന് പേര്‍ വീതം സ്റ്റേറ്റ് കമ്മിറ്റിയിലും അംഗമാകും. വര്‍ക്കിങ് കമ്മിറ്റി ഓരോ പരിപാടികള്‍ക്കും ആശയങ്ങള്‍ക്കും രൂപം നല്‍കും. വര്‍ക്കിങ് കമ്മിറ്റി തെറ്റായ തീരുമാനങ്ങളെടുത്താല്‍ അത് അഡൈ്വസറി കമ്മിറ്റി തിരുത്തും. അങ്ങിനെ മഞ്ഞപ്പട സുസജ്ജമാണ്. 

ബംഗളൂരുവിന് പുറമെ ചെന്നൈയിലെ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരവും മഞ്ഞപ്പട ആഘോഷമാക്കും. കഴിഞ്ഞ സീസണിലും മഞ്ഞപ്പട ചെന്നൈയില്‍ ബ്ലാസ്റ്റേഴ്‌സിന് ആവേശം നിറയ്ക്കുന്നതിനായി എത്തിയിരുന്നു. 

ഇന്ത്യയ്ക്ക് പുറത്തും മഞ്ഞപ്പട ശക്തമാണ്. ലോക കപ്പ് യോഗ്യതാ മത്സരത്തിന് ഇടയില്‍ മെസിയെ ബ്ലാസ്‌റ്റേഴ്‌സിലേക്ക് ക്ഷണിച്ച് ഗ്യാലറിയില്‍ മഞ്ഞപ്പടയുമുണ്ടായിരുന്നു. കേരളത്തിന് പുറമെ ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലും, ഗള്‍ഫ് രാജ്യങ്ങളിലും ഉള്‍പ്പെടെ മഞ്ഞപ്പടയുടെ സാന്നിധ്യം ശക്തമാണെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ ആരാധക കൂട്ടായ്മ പറയുന്നത്. 

കാനഡയില്‍ മലയാളികളുടെ പ്രിയപ്പെട്ട ഹ്യൂമിനെ കാണുന്നതിനും, മക്കാക്യുവില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പിന്തുണയ്ക്കുന്നതിനും മഞ്ഞപ്പട എത്തിയിരുന്നു. 

മഞ്ഞപ്പടയുടെ ശക്തി കൂട്ടിയായിരുന്നു മഞ്ഞപ്പട ആപ്പിന്റെ വരവ്. മഞ്ഞപ്പടയ്‌ക്കൊപ്പം ആടാനും പാടാനുമുള്ള മഞ്ഞപ്പട ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറിലും, ആപ്പിള്‍ പ്ലാറ്റ്‌ഫോമിലും ലഭിക്കും. ബ്ലാസ്‌റ്റേഴ്ത് താരങ്ങളുടെ വിവരങ്ങള്‍, അടുത്ത സീസണില്‍ കലൂര്‍ സ്‌റ്റേഡിയത്തില്‍ മുഴങ്ങി കേള്‍ക്കാനിരിക്കുന്ന ചാന്റ്‌സുകളും ഉള്‍പ്പെടുത്തിയാണ് ആപ്ലിക്കേഷന്‍. സ്റ്റേഡിയത്തില്‍ മഞ്ഞ അലയൊലികള്‍ തീര്‍ക്കാന്‍ മഞ്ഞ ഫ്‌ലാഷും, മഞ്ഞപ്പട ടിവിയുമെല്ലാം നിറച്ചാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com