ന്യൂസിലാന്റിന്റെ വിജയലക്ഷ്യം 281 റണ്‍സ്: വീരാടിന് സെഞ്ച്വുറി

ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസീലന്‍ഡിന് 281 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍  280 റണ്‍സെടുത്തു
ന്യൂസിലാന്റിന്റെ വിജയലക്ഷ്യം 281 റണ്‍സ്: വീരാടിന് സെഞ്ച്വുറി

മുംബൈ: ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസീലന്‍ഡിന് 281 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍  280 റണ്‍സെടുത്തു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ചുറി മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 125 പന്തില്‍ നിന്നാണ് കോഹ്‌ലി 121 റണ്‍സെടുത്ത് പുറത്തായത്. ഇന്നത്തെ മത്സരത്തിലെ സെഞ്ച്വുറി മികവോടെ വിരാട് കോഹ്‌ലി ഏകദിനത്തില്‍ 31 സെഞ്ച്വുറി നേട്ടം കൈവരിച്ചു. പോണ്ടിംഗിന്റെ റെക്കോര്‍ഡാണ് കൊഹ് ലി മറികടന്നത്. അവസാന ഓവറുകളില്‍ ഭുവനേശ് കുമാര്‍ തകര്‍ത്തടിച്ചതും റണ്‍സ് ഉയരാന്‍ കാരണമായി

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ടീം ഇന്ത്യയ്ക്ക് ആദ്യഓവറുകളില്‍ തന്നെ തിരിച്ചടി നേരിട്ടു. സ്‌കോര്‍ 16ല്‍ നില്‍ക്കെ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പുറത്തായി. ഒന്‍പത്  റണ്‍സ് മാത്രമാണ് ധവാന്‍ നേടിയത്. തൊട്ടു പിന്നാലെ 20 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റും നഷ്ടമായി.
പിന്നാലെയെത്തിയ കേദാര്‍ ജാദവും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും അവസരത്തിനൊത്താണ്  ബാറ്റു വീശിയത്. സ്‌കോര്‍ 71ല്‍ നില്‍ക്കെ കേദാര്‍ ജാദവും പുറത്തായി. 25 പന്തില്‍ നിന്ന് 12 റണ്‍സ് മാത്രമാണ് കേദാറിന്റെ സമ്പാദ്യം. ദിനേഷ് കാര്‍ത്തികും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ചേര്‍ന്നു സ്‌കോര്‍ നൂറു കടത്തി. ദിനേഷ് കാര്‍ത്തിക്കിനെ ടിം സൗത്തിയുടെ പന്തില്‍ ക്യാച്ചെടുത്തു കോളിന്‍ മണ്‍റോ പുറത്താക്കി. 

ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ മാര്‍ട്ടിന്‍ ഗപ്ടിലിന് ക്യാച്ച് നല്‍കി എംഎസ് ധോണിയും കൂടാരം കയറി. 42 ബോളില്‍ 25 റണ്‍സാണ് ധോണി നേടിയത്. തൊട്ടു പിന്നാലെയെത്തിയ ഹാര്‍ദിക് പാണ്ഡ്യ കൂറ്റനടികള്‍ക്കു ശ്രമിച്ചു. എന്നാല്‍ വലിയ സ്‌കോര്‍ നേടാനാകാതെ ഹാര്‍ദിക് 16 റണ്‍സുമായി മടങ്ങി. അവസാന ഓവറുകളില്‍ മികച്ച സ്‌കോര്‍ ലക്ഷ്യമാക്കി കളിച്ച കോഹ്‌ലി 121 റണ്‍സെടുത്തു പുറത്തായി. 14 ബോള്‍ നേരിട്ട് ഭുവനേശ്വര്‍ കുമാര്‍ 26 റണ്‍സെടുത്തു.

ന്യൂസീലന്‍ഡിനായി 35 റണ്‍സ് മാത്രം വിട്ടുകൊടുത്തു നാലു വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടിന്റെ പ്രകടനം കൂറ്റന്‍ സ്‌കോര്‍ കെട്ടിപ്പടുക്കുന്നതില്‍ ഇന്ത്യയ്ക്ക് തടസ്സമായി. ന്യൂസീലാന്‍ഡിന് വേണ്ടി ടിം സൗത്തീ മൂന്നു വിക്കറ്റും മിച്ചല്‍ സാന്റ്‌നര്‍ ഒരു വിക്കറ്റും വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com