കോഹ് ലിക്ക് കളിച്ചു മതിയായി; ലങ്കയ്‌ക്കെതിരായ പരമ്പരയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് ഇന്ത്യന്‍ നായകന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd October 2017 11:31 AM  |  

Last Updated: 23rd October 2017 11:31 AM  |   A+A-   |  

cricket-tri-wis-in

ടീമിലെത്തിയ നാള്‍ മുതല്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് വിരാട് കോഹ് ലി. ടീമില്‍ നിന്നു പുറത്തേക്ക് പോവേണ്ട സാഹചര്യം കോഹ് ലിക്കുണ്ടായിട്ടില്ല, പരിക്കുകള്‍ കാരണം ഏതാനും മത്സരങ്ങള്‍ നഷ്ടപ്പെട്ടതല്ലാതെ. ഇടവേളയില്ലാതെ ഇന്ത്യയ്ക്കായി മത്സരം കളിച്ച തനിക്കിപ്പോള്‍ ബ്രേക്ക് വേണമെന്നാണ് കോഹ് ലി പറയുന്നത്. 

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോഹ് ലി ബിസിസിഐയെ സമീപിച്ചു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് ശ്രീലങ്കന്‍ പരമ്പരയില്‍ നിന്നും മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നതെന്നാണ് കോഹ് ലി ബിസിസിഐയെ അറിയിച്ചിരിക്കുന്നത്. 

മൂന്ന് ടെസ്റ്റുകളും, മൂന്ന് ഏകദിനങ്ങളും, മൂന്ന് ട്വിന്റി20 മത്സരവുമാണ് ശ്രീലങ്ക ഇന്ത്യയില്‍ കളിക്കുക. നവംബര്‍ 16 മുതല്‍ ഡിസംബര്‍ വരെയാണ് പരമ്പര. ഡിസംബറില്‍ ബ്രേക്ക് എടുത്ത്, ജനുവരിയിലെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് ഒരുങ്ങുകയാണ് ഇന്ത്യന്‍ നായകന്റെ ലക്ഷ്യമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

തുടര്‍ച്ചയായി മത്സരം കളിക്കേണ്ടി വരുന്നതിലെ അതൃപ്തി ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിനിടയില്‍ കോഹ് ലി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ന്യൂസിലാന്‍ഡ് ഒരു മത്സരവും കളിച്ചിരുന്നില്ലെന്ന കാര്യവും കോഹ് ലി ചൂണ്ടിക്കാണിക്കുന്നു. 

ന്യൂസിലാന്‍ഡിനെതിരായ ട്വിന്റി20 മത്സരത്തിനും, ശ്രീലങ്കയ്‌ക്കെതിരായ ആദ്യ മൂന്ന് ടെസ്റ്റുകള്‍ക്കുമുള്ള ടീമിനെ തീരുമാനിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി ഇന്ന് യോഗം ചേരും. ഇതില്‍ ഡിസംബര്‍ മാസത്തില്‍ തനിക്ക് വിശ്രമം അനുവദിക്കണമെന്ന കോഹ് ലിയുടെ ആവശ്യത്തില്‍ തീരുമാനമുണ്ടാകും.