52 സെക്കന്‍ഡ് എഴുന്നേറ്റു നില്‍ക്കുന്നതില്‍ എന്താണ് പ്രശ്‌നം? ദേശീയഗാന വിവാദത്തില്‍ ഗൗതം ഗംഭീര്‍

ക്ലബിന്റെ മുന്‍പില്‍ 20 മിനിറ്റും റസ്റ്റോറന്റിന്റെ മുന്‍പില്‍ 30 മിനിറ്റും കാത്തുനില്‍ക്കാമെങ്കില്‍ ദേശീയഗാനത്തിനായി 52 സെക്കന്‍ഡ് എണീറ്റ് നില്‍ക്കുന്നതില്‍ എന്താണ് പ്രശ്‌നം
52 സെക്കന്‍ഡ് എഴുന്നേറ്റു നില്‍ക്കുന്നതില്‍ എന്താണ് പ്രശ്‌നം? ദേശീയഗാന വിവാദത്തില്‍ ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി : മനസ്സില്‍ ഉളളത് തുറന്നുപറയുന്നതില്‍ ഒരു മടിയും കാണിക്കാത്ത പ്രകൃതത്തിന്റെ ഉടമയാണ് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ക്രിക്കറ്റ് മത്സരങ്ങളിലും പുറത്തും നമ്മള്‍ അത് കണ്ടതാണ്. ദേശീയ തലത്തിലെ ചൂടേറിയ ചര്‍ച്ചയായ സിനിമാ തിയേറ്ററുകളിലെ ദേശീയ ഗാനവിഷയത്തിലും തന്റെ സ്വന്തം അഭിപ്രായം പുറത്ത് പറഞ്ഞ് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഗംഭീര്‍. ക്ലബിന്റെ മുന്‍പില്‍ 20 മിനിറ്റും ഇഷ്ടപ്പെട്ട റസ്റ്റോറന്റിന്റെ മുന്‍പില്‍ 30 മിനിറ്റും കാത്തുനില്‍ക്കാമെങ്കില്‍ ദേശീയഗാനത്തിനായി കേവലം 52 സെക്കന്‍ഡ് എഴുന്നേറ്റു നില്‍ക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്ന ചോദ്യമാണ് ഗൗതം ഗംഭീര്‍ ട്വിറ്ററിലൂടെ ഉന്നയിക്കുന്നത്.  

Standin n waitin outsid a club:20 mins.Standin n waitin outsid favourite restaurant 30 mins.Standin for national anthem: 52 secs. Tough?

ദേശീയ ഗാനം സിനിമാ തിയേറ്ററുകളില്‍ കേള്‍പ്പിക്കണമെന്ന  മുന്‍ ഉത്തരവിന് എതിരായി അടുത്തിടെ സുപ്രീംകോടതി നിരീക്ഷണം നടത്തിയിരുന്നു. ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എണീറ്റ് നിന്നില്ല എന്ന ഒറ്റകാരണം ചൂണ്ടികാട്ടി ഒരാളെ എങ്ങനെ ദേശവിരുദ്ധനായി ചിത്രികരിക്കാന്‍ സാധിക്കുമെന്ന ചോദ്യമാണ് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉന്നയിച്ചത്. നാളെ സിനിമാ തിയേറ്ററുകളില്‍ ടീ ഷര്‍ട്ടുകളും ഷോര്‍ട്ട്‌സും ധരിക്കുന്നത് ദേശീയഗാനത്തെ അപമാനിക്കുന്നതിന് തുല്യമാണ് എന്ന് കാണിച്ച് നിങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയാല്‍ അതിനെ എങ്ങനെ അംഗീകരിക്കാന്‍ പറ്റും എന്നും കോടതി നിരീക്ഷിച്ചിരുന്നു.

നവംബര്‍ 2016ലാണ് ദേശീയ ഗാനം സിനിമാ തിയേറ്ററുകളില്‍ കേള്‍പ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. തുടര്‍ന്ന്  ഉത്തരവിനെ അനുകൂലിച്ച് എതിര്‍ത്തും വിവിധ കോണുകളില്‍ നിന്നും നിരവധി പേര്‍ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗൗതം ഗംഭീറും അഭിപ്രായവുമായി രംഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com