വീണ്ടും കോഹ് ലിക്കെതിരെ ഡിആര്‍എസ് വിവാദം കത്തിച്ച് സ്മിത്ത്; കോഹ് ലി മെനഞ്ഞ കളിയായിരുന്നു എല്ലാം

സ്മിത്തിന്റെ മൈ ജേര്‍ണി എന്ന പുസ്തകത്തിലാണ് ഇന്ത്യയിലെ ടെസ്റ്റ് പരമ്പരയ്ക്കിടെ ഇന്ത്യന്‍ നായകന്‍ കോഹ് ലിയുമായുണ്ടായ ഡിആര്‍എസ് വിവാദത്തെ കുറിച്ച് സ്മിത്ത് എഴുതുന്നത്
വീണ്ടും കോഹ് ലിക്കെതിരെ ഡിആര്‍എസ് വിവാദം കത്തിച്ച് സ്മിത്ത്; കോഹ് ലി മെനഞ്ഞ കളിയായിരുന്നു എല്ലാം

ഡിആര്‍എസ് വിവാദത്തിന്റെ മുറിവുകള്‍ വീണ്ടും ഓര്‍മപ്പെടുത്തി ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. ബുധനാഴ്ച പുറത്തിറക്കിയ സ്മിത്തിന്റെ മൈ ജേര്‍ണി എന്ന പുസ്തകത്തിലാണ് ഇന്ത്യയിലെ ടെസ്റ്റ് പരമ്പരയ്ക്കിടെ ഇന്ത്യന്‍ നായകന്‍ കോഹ് ലിയുമായുണ്ടായ ഡിആര്‍എസ് വിവാദത്തെ കുറിച്ച് സ്മിത്ത് എഴുതുന്നത്. 

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി നടന്ന ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിനിടയില്‍ ഡ്രസിങ് റൂമില്‍ നിന്നും ഡിആര്‍എസ് റിവ്യു നല്‍കുന്നതിലുള്ള നിര്‍ദേശം സ്മിത്ത് ചോദിച്ചതിന്‌ എതിരെയായിരുന്നു കോഹ് ലി രംഗത്തെത്തിയത്. ഇരു ടീം അംഗങ്ങളും തമ്മിലുള്ള ബന്ധം വഷളാവുന്നതിലേക്കായിരുന്നു സംഭവം നീങ്ങിയത്. 

ഓസ്‌ട്രേലിയന്‍ ടീം നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സംഘമാണെന്നായിരുന്നു ഡിആര്‍എസ് വിവാദം കത്തുന്നതിന് ഇടയിലെ കോഹ് ലിയുടെ പ്രതികരണം. ഇതിനെതിരെയാണ് സ്മിത്ത് തന്റെ ബുക്കില്‍ കോഹ് ലിക്കെതിരെ എഴുതിയിരിക്കുന്നത്. കോഹ് ലി ഓസ്‌ട്രേലിയയ്‌ക്കെതിരെ മനപൂര്‍വം ഡിആര്‍എസ് വിവാദം സൃഷ്ടിക്കുകയായിരുന്നു എന്നാണ് സ്മിത്ത് മൈ ജേര്‍ണിയില്‍ പറയുന്നത്. 

കോഹ് ലി ഉന്നയിക്കുന്ന കാര്യം എന്തെന്ന് തനിക്ക് മനസിലായിരുന്നില്ല. ഡ്രസിങ് റൂമില്‍ നിന്നും നിര്‍ദേശം ആരായാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നുമില്ല. ഡ്രസിങ് റൂമില്‍ നിന്നും നിര്‍ദേശം സ്വീകരിക്കാന്‍ ശ്രമിച്ചത് അമ്പയര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തി എന്നും കോഹ് ലി പറയുന്നുണ്ട്. എന്നാല്‍ അമ്പയര്‍മാരോ, മാച്ച് റഫറിയോ അത്തരമൊരു കാര്യം തങ്ങളോട് സംസാരിച്ചിട്ടില്ലെന്നും സ്മിത്ത് പറയുന്നു. 

തീവ്രമായ സാഹചര്യങ്ങളില്‍ തന്നിലെ മികച്ച പ്രകടനം പുറത്തെടുക്കുന്ന വ്യക്തിയാണ് കോഹ് ലി. എന്നെപോലെ തന്നെ പോരാട്ടം ഇഷ്ടപ്പെടുന്ന ആളാണ് കോഹ് ലി. കോഹ് ലിക്കുള്ളിലെ മികച്ച പ്രകടനം പുറത്തെടുക്കുന്നതിന് വേണ്ടി പരമ്പരയുടെ തീവ്രത വര്‍ധിപ്പിക്കുന്നതിനായി കോഹ് ലിയുടെ ഭാഗത്ത് നിന്നുമുണ്ടായ നീക്കമാണ് ഡിആര്‍എസ് വിവാദമെന്ന് മൈ ജേര്‍ണിയില്‍ സ്മിത്ത് പറയുന്നു. 

ഫെബ്രുവരി മാര്‍ച്ചിലെ ഇന്ത്യന്‍ പര്യടനത്തില്‍ മികച്ച ഫോമിലായിരുന്നു സ്മിത്തിന്റെ കളിയെങ്കിലും ബാംഗ്ലൂര്‍ ടെസ്റ്റില്‍ ഓസീസിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഔട്ടായതിന് ശേഷം സ്മിത്തിനോട് ക്രീസ് വിടാന്‍ അമ്പയര്‍ നിര്‍ദേശിച്ചത് താരത്തിന് തിരിച്ചടിയായിരുന്നു. അമ്പയര്‍ ഔട്ട് വിധിച്ചതിന് ശേഷം ഡിആര്‍എസ് അപ്പീല്‍ നല്‍കണമോ എന്ന്‌ ഡ്രസിങ് റൂമില്‍ നിന്നും അഭിപ്രായം തേടുകയായിരുന്നു സ്മിത്ത്. 

ബുദ്ധിശൂന്യമായ നടപടിയായിരുന്നു ഡ്രസീങ് റൂമിലേക്ക് ചൂണ്ടി അഭിപ്രായം തേടിയതെന്നായിരുന്നു സ്മിത്ത് ആ സമയം പ്രതികരിച്ചിരുന്നത്. എന്നാല്‍ ഇരു ക്രിക്കറ്റ് ബോര്‍ഡുകളും തങ്ങളുടെ താരങ്ങള്‍ക്ക് പിന്നില്‍ ശക്തമായി നിന്നതോടെ വിവാദം കത്തുകയായിരുന്നു. സ്മിത്തിന്റെ ആത്മര്‍ഥതെ ഇന്ത്യന്‍ നായകന്‍ ചോദ്യം ചെയ്‌തെന്ന് ആരോപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ ജയിംസ് സതര്‍ലാന്‍ഡ് മുന്നോട്ടുവന്നു. സ്മിത്തിനെതിരെ ഐസിസിയ്ക്ക് പരാതി നല്‍കിയായിരുന്നു ബിസിസിഐയുടെ മറുപടി. പിന്നീട് ഇരു ബോര്‍ഡുകളും വിവാദത്തില്‍ നിന്നും പിന്‍വാങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com