മെസിയോ, റൊണാള്‍ഡോയോ? അതോ നെയ്മര്‍ കൊണ്ടുപോകുമോ ബാലന്‍ ദി ഓര്‍

പത്താമത്തെ വര്‍ഷം ബാലന്‍ ദി ഓര്‍ മൂന്നാമതൊരാളുടെ കൈകളിലേക്ക് എത്തുമോയെന്ന കണക്കുകൂട്ടല്‍ ആരാധകര്‍ തുടങ്ങി കഴിഞ്ഞു
മെസിയോ, റൊണാള്‍ഡോയോ? അതോ നെയ്മര്‍ കൊണ്ടുപോകുമോ ബാലന്‍ ദി ഓര്‍

ലോക ഫുട്‌ബോള്‍ ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും അടക്കി വാഴുകയാണെന്ന് ഉറപ്പിക്കാന്‍ ബാലന്‍ ദി ഓറിന്റെ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ ചരിത്രമെടുത്താല്‍ മതിയാകും. പത്താമത്തെ വര്‍ഷം ബാലന്‍ ദി ഓര്‍ മൂന്നാമതൊരാളുടെ കൈകളിലേക്ക് എത്തുമോയെന്ന കണക്കുകൂട്ടല്‍ ആരാധകര്‍ തുടങ്ങി കഴിഞ്ഞു. 

മുന്‍തൂക്കം റൊണാള്‍ഡോയ്ക്ക്‌

അഞ്ചാം തവണ റൊണാള്‍ഡോ ബാലന്‍ ദി ഓറില്‍ മുത്തമിട്ട്‌ മെസിക്കൊപ്പം തന്നെയാണ് താനും എന്ന് തെളിയിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഈ വര്‍ഷം ബാലന്‍ ദി ഓര്‍ ലഭിക്കാനുള്ള സാധ്യതയില്‍ മെസിയെ വെട്ടി റൊണാള്‍ഡോ മുന്നില്‍ കയറി കഴിഞ്ഞു. 

ഒരിക്കല്‍ കൂടി ബാലന്‍ ദി ഓര്‍ റൊണാള്‍ഡോയുടെ കൈകളിലേക്കെത്തിയാല്‍ ഫുട്‌ബോള്‍ മിശിഹായ്‌ക്കൊപ്പം 5-5ന് നില്‍ക്കുമെന്നതിന് പുറമെ, ഇരുവരുടേയും കാലുകളിലേക്ക് ഫുട്‌ബോള്‍ ലോകം ചുരുങ്ങിയിട്ട് ഒരു ദശകം പിന്നിട്ടെന്ന് വിളിച്ചു പറയുകയുമാകാം. 

2011-12ന് ശേഷം റയലിനായി ഒരു ലീഗ് കിരീടം നേടാന്‍ മുന്നില്‍ നിന്നും നയിച്ചത് ക്രിസ്റ്റ്യാനോ ആയിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍, സെമി ഫൈനലുകള്‍ കടത്തി, യുവന്റിന്റെ കയ്യില്‍ നിന്നും കിരീടം തട്ടിയെടുത്തതിന് പിന്നില്‍ ക്രിസ്റ്റ്യാനോ അല്ലാതെ മറ്റാരുമല്ല. 

ഈ സീസണില്‍ ആഗ്രഹിച്ച തുടക്കമല്ല പോര്‍ച്ചുഗല്‍ താരത്തെ തേടിയെത്തിയത്. എല്‍ ക്ലാസിക്കോയ്ക്ക് ശേഷം നാല് മത്സരത്തില്‍ നിന്നും താരത്തിന് വിലക്ക് നേരിട്ടെങ്കിലും ബാലന്‍ ദി ഓറിന്റെ കാര്യത്തില്‍ ആരാധക പിന്തുണ കൂടുതല്‍ റൊണാള്‍ഡോയ്ക്കാണ്. 

താന്‍ തന്നെ രാജാവെന്ന് ഉറപ്പിക്കാന്‍ മെസി

ബാഴ്‌സയെ സ്വന്തം ചുമലിലേറ്റിയാണ് മെസിയുടെ പുതിയ സീസണും. നെയ്മറിന്റെ പോക്കും, സുവാരസിന്റെ പരിക്കും, മറ്റൊരു സമയത്തും ഉണ്ടാകാത്ത തരത്തില്‍ ക്ലബിന്റെ ഭാരം മെസിയിലേക്ക് എത്തുന്നു. ഈ സമയം ബാലന്‍ ദി ഓര്‍ ആറാം തവണയും സ്വന്തമാക്കി താന്‍ തന്നെയാണ് എക്കാലത്തേയും മികച്ച താരമെന്ന് മെസി ഉറപ്പിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. 

നാല് മത്സരങ്ങളില്‍ നിന്നും മൂന്ന് ഗോളുകള്‍ അടിച്ചാണ് മെസി തന്റെ സീസണ്‍ തുടങ്ങിയിരിക്കുന്നത്. 2016-17 ടീം അംഗങ്ങളില്‍ നിന്നും വേണ്ട പിന്തുണ ലഭിക്കാതിരുന്നിട്ട് കൂടി മെസിക്ക് അനുകൂലമായ സീസണായിരുന്നു.  

മെസിയേയും റൊണാള്‍ഡോയേയും നെയ്മര്‍ വെട്ടുമോ

മെസി, റൊണാള്‍ഡോ എന്നിവര്‍ക്ക് പിന്നില്‍ മൂന്നാമനായി എന്നും നെയ്മറിന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നു. മുന്നിലുള്ള രണ്ട് പേരെ മാറ്റി നെയ്മര്‍ ഇത്തവണ ബാലന്‍ ദി ഓറില്‍ മുത്തമിടുമോയെന്നാണ് ആരാധകരുടെ കാത്തിരിപ്പ്.

റെക്കോര്‍ഡ് തുകയ്ക്ക് പിഎസ്ജിയിലേക്കുള്ള പോക്കിലൂടെ ലോകത്തിലെ മികച്ച താരമാണ് താനെന്ന് വ്യക്തമാക്കുക കൂടിയായിരുന്നു നെയ്മര്‍. പിഎസ്ജിയിലേക്ക് ചേക്കേറിയതിന് ശേഷം മൂന്ന് മത്സരങ്ങളില്‍ നിന്നായി ആറ് ഗോളുകള്‍ അടിച്ചു പറത്തി നെയ്മര്‍ വരവറിയിച്ചിരുന്നു. 

മെസിയുടെ നിഴലില്‍ നിന്നും വിട്ട്, ലോകത്തിലെ മികച്ച താരത്തിലേക്ക് ഉയരുന്നത് ലക്ഷ്യമിട്ടായിരുന്നു നെയ്മറിന്റെ പോക്കെന്ന വിലയിരുത്തല്‍ ഉയര്‍ന്നു കഴിഞ്ഞു. ബാലന്‍ ദി ഓര്‍ സ്വന്തമാക്കി നെയ്മര്‍ ഒന്നാമതെത്തുമോ എന്നാണ് ഇനി അറിയേണ്ടത്. 

ബഫോനും, റാമോസുമുണ്ട് ബാലന്‍ ദി ഓറിനായി. യുവേഫാ ചാമ്പ്യന്‍സ് ലീഗിന് ശേഷമാണ് ഇറ്റാലിയന്‍ താരമായ ബഫോനിന്റെ പേര് ബാലന്‍ ദി ഓറിനായി ഉയര്‍ന്നു കേടട്ടത്.  റയല്‍ നായകന്‍ സെര്‍ജിയോ റാമോസാണ് ബാലന്‍ ദി ഓര്‍ പട്ടികയില്‍ ആരാധകര്‍ക്ക് പ്രതീക്ഷയുള്ള മറ്റൊരു താരം. സിനദിന്‍ സിദാന്റെ ടീം ആവശ്യപ്പെടുന്ന സമയം നായകന്റെ കളി കളിക്കുന്നതാണ് റാമോസിനെ ആരാധകരുടെ പ്രിയപ്പെട്ടതാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com