വിരമിക്കണമെന്നോ? ധോനി പകുതി പോലും പിന്നിട്ടിട്ടില്ലെന്ന് രവി ശാസ്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd September 2017 10:40 AM |
Last Updated: 03rd September 2017 11:03 PM | A+A A- |

വിരമിക്കല്‍ സമയം അടുത്തെന്ന് പറഞ്ഞവര്‍ക്ക് ബാറ്റു കൊണ്ടും, വിക്കറ്റിന് പിന്നിലെ മാന്ത്രീകത കൊണ്ടും ലങ്കയില്‍ നിന്നും ചുട്ട മറുപടിയായിരുന്നു ധോനി നല്‍കിയത്. അടുത്തൊന്നും ഇനി ധോനിയുടെ വിരമിക്കലിന് വേണ്ടിയുള്ള മുറവിളികള്‍ ഉയരില്ലെന്ന് ഉറപ്പിക്കാം. ഇപ്പോള്‍ 2019ലെ ലോക കപ്പ് കളിക്കാനും ധോനി ഉണ്ടാകുമെന്ന് സൂചന നല്‍കിയാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയുടെ പ്രതികരണം.
ധോനി കരിയറിന്റെ പകുതി പോലും പിന്നിട്ടിട്ടില്ലെന്ന് പറഞ്ഞായിരുന്നു ധോനിക്കുള്ള ശാസ്ത്രിയുടെ പിന്തുണ. 300ാം ഏകദിനത്തില്‍ ഉള്‍പ്പെടെ ലങ്കയ്‌ക്കെതിരായ മൂന്ന് ഏകദിനത്തിലും ധോനി തിളങ്ങിയിരുന്നു.
ടീം അംഗങ്ങള്‍ക്കിടയില്‍ ധോനിക്കുള്ള സ്വാധീനം അതിശയിപ്പിക്കുന്നതാണ്. മൈതാനത്ത് ധോനി ടീമിന് ആഭരണമാകുമെങ്കില്‍ ഡ്രസിങ് റൂമില്‍ ധോനി ഇതിഹാസമാണ്. ധോനിയുടെ കാലം കഴിഞ്ഞെന്ന് ഒരു തരത്തിലും പറയാനാകില്ല, പകുതി പോലും കഴിഞ്ഞിട്ടില്ലെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടുന്നു.
ധോനിയുടെ കാലം കഴിഞ്ഞു എന്ന് വിശ്വസിക്കുന്നവരുടേത് തെറ്റായ ചിന്തയാണ്. ഇപ്പോഴും രാജ്യത്തെ വിക്കറ്റ് കീപ്പര്‍മാരില്‍ ഒന്നാമന്‍ ധോനിയാണ്. 36ാം വയസില്‍ സുനില്‍ ഗവാസ്‌കറേയും സച്ചിനേയും മാറ്റാന്‍ നിങ്ങള്‍ തയ്യാറായോ? കൂടുതല്‍ നാള്‍ രാജ്യത്തിനായി കളിച്ചതു കൊണ്ട് അദ്ദേഹം വിരമിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്? നിങ്ങള്‍ എങ്ങിനെയാണ് താരങ്ങളെ തിരഞ്ഞെടുക്കുന്നത്? നന്നായി കളിക്കുന്ന താരങ്ങളെയാണ് ടീമില്‍ ഉള്‍പ്പെടുത്തുന്നത്. അങ്ങിനെ വരുമ്പോള്‍ ധോനിയെ ഒഴിവാക്കണമെന്ന് എങ്ങിനെ പറയാനാകുമെന്നും ശാസ്ത്രി ചോദിക്കുന്നു.
2019 ലോക കപ്പ് മുന്നില്‍ കണ്ട് ടീമില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന സമയമാണ് ഇത്. ഈ സമയം ധോനി ലോക കപ്പിനിറങ്ങുന്ന ഇന്ത്യന്‍ സംഘത്തില്‍ ഉണ്ടാകുമെന്ന വ്യക്തമായ സൂചനയാണ് ശാസ്ത്രി നല്‍കുന്നത്.