ഇത്തവണ ക്രിസ്മസ് ക്ലാസിക്കോ, ബാഴ്‌സയുടെ മണ്ണില്‍ റയലെത്തുമ്പോള്‍ തീപാറും

ഈ സീസണിലെ ആദ്യ ലാലീഗ എല്‍ ക്ലാസിക്കോ ഡിസംബര്‍ 23ന് കാമ്പ് നൗവില്‍ നടക്കും
ഇത്തവണ ക്രിസ്മസ് ക്ലാസിക്കോ, ബാഴ്‌സയുടെ മണ്ണില്‍ റയലെത്തുമ്പോള്‍ തീപാറും

ബാഴ്‌സയും റയലും നേര്‍ക്കു നേര്‍ വരുമ്പോള്‍ തീപാറുമെന്ന് ആരാധകര്‍ക്ക് ഉറപ്പാണ്. ആരാധക പടയില്‍ മുന്നില്‍ നില്‍ക്കുന്ന രണ്ട് ടീമുകള്‍ കളിക്കളത്തില്‍ ഒരുമിച്ചെത്തുമ്പോള്‍ ഫുട്‌ബോള്‍ ലോകം ആ മൈതാനത്തേക്ക് ചുരുങ്ങും. ഇത്തവണത്തെ ആദ്യ എല്‍ ക്ലാസിക്കോ ബാഴ്‌സയുടെ തട്ടകത്തിലാണ്.

ഈ സീസണിലെ ആദ്യ ലാലീഗ എല്‍ ക്ലാസിക്കോ ഡിസംബര്‍ 23ന് കാമ്പ് നൗവില്‍ നടക്കും. ഡിസംബര്‍ 20ന് റയലും ബാഴ്‌സയും ഏറ്റുമുട്ടുമെന്നായിരുന്നു വാര്‍ത്തകളെങ്കിലും ഡിസംബര്‍ 23ലേക്ക് മത്സരം മാറ്റുകയായിരുന്നു. 

ഡിസംബര്‍ ആറ് മുതല്‍ 16 വരെ യുനൈറ്റഡ് അറബ് എമറൈറ്റ്‌സില്‍ നടക്കുന്ന ക്ലബ് വേള്‍ഡ് കപ്പില്‍ പങ്കെടുത്ത് എത്തുന്ന റയല്‍ താരങ്ങള്‍ക്ക് സാവകാശം നല്‍കുന്നതിന് വേണ്ടിയാണ് മത്സരം മാറ്റിവെച്ചിരിക്കുന്നത്. 

സിനദിന്‍ സിദാന്റെ സംഘം കഴിഞ്ഞ മാസം നടന്ന സൂപ്പര്‍ കോപ്പയില്‍ ബാഴ്‌സ പടയെ 5-1ന് തറപറ്റിച്ചെങ്കിലും, എസ്പ്യാനോളിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തുരുത്തി ബാഴ്‌സ തങ്ങളുടെ തിരിച്ചു വരവ് അറിയിക്കുന്നുണ്ട്. എന്നാല്‍ റയലിനാകട്ടെ സ്വന്തം തട്ടകത്തില്‍ ലെവന്റ്‌സിനെതിരെ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. 

റയലും ബഴ്‌സയും നേര്‍ക്കു നേര്‍ വരുമ്പോള്‍ കഴിഞ്ഞുപോയ കണക്കുകളൊന്നും നോക്കിയിട്ട് കാര്യമില്ലെന്ന് ആരാധകര്‍ക്കറിയാം. പുതിയ ചരിത്രം എഴുതിയായിരിക്കും ലാലീഗ എല്‍ ക്ലാസിക്കോയില്‍ താരങ്ങള്‍ ബൂട്ടഴിക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com