കരിയര്‍ അവസാനിച്ചു എന്ന് പറയുന്നവരോട്, ഫിനിക്‌സ് പക്ഷിയെ പോലെ യുവരാജ് ഉയര്‍ത്തെഴുന്നേല്‍ക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th September 2017 03:22 PM |
Last Updated: 11th September 2017 06:28 PM | A+A A- |

ഫിനിക്‌സ് പക്ഷിയെ പോലെയാണ് ഈ ക്രിക്കറ്റ് താരം. തനിക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്ന് വീണ്ടും വീണ്ടും അയാള്‍ നമ്മുക്ക് കാണിച്ചു തന്നുകൊണ്ടേയിരുന്നു. ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ് വിമര്‍ശകരുടെ വായടപ്പിക്കാനാണ് ആ കളിക്കാരന് ഇഷ്ടം. യുവരാജ് സിങ്ങിനെ കുറിച്ച് മുന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍ സബാ കരിമിന്റെ പറഞ്ഞ വാക്കുകളാണ് ഇത്.
യുവരാജിന്റെ കാര്യത്തില്‍ സെലക്ടര്‍മാരുടെ തീരുമാനം നേരത്തെ ആയിപ്പോയെന്നാണ് തന്റെ വിലയിരുത്തല്‍. കൂടുതല്‍ കഠിനാധ്വാനം ചെയ്ത പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ യുവിയില്‍ ഇപ്പോഴുണ്ട്. അത് പരിഹരിക്കുന്നതിനുള്ള സമയവും അദ്ദേഹത്തിനുണ്ട്. യുവരാജിന് അവസരം കൊടുക്കാന്‍ സെലക്ടര്‍മാര്‍ ധൈര്യം കാണിക്കണം. ചാമ്പ്യന്‍ പെര്‍ഫോമറാണ് യുവരാജ് സിങ് എന്ന് മറന്നു പോകരുതെന്നും സബാ കരിമി പറയുന്നു.
രണ്ട് മാസത്തിലധികമായി ഇന്ത്യന്‍ ടീമിന് പുറത്താണ് യുവരാജ്. ഓസ്‌ട്രേലയിന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും സെലക്ടര്‍മാര്‍ യുവരാജിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. യുവരാജിന്റെ ഭാവി സെലക്ടര്‍മാര്‍ വിധി എഴുതി കഴിഞ്ഞു എന്നാണ് പൊതുവെ വിലയിരുത്തല്‍ ഉയരുന്നത്.
യുവരാജിനെ തഴഞ്ഞതിനെതിരെ സമൂഹമാധ്യമങ്ങളിലും രൂക്ഷമായ പ്രതികരണങ്ങളായിരുന്നു ഉയര്‍ന്നത്. അതിനിടയിലാണ് ഇനിയും യുവരാജിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് കാണാമെന്ന് മുന്‍ ഇന്ത്യന്‍ സെലക്ടര്‍ തന്നെ പറയുന്നത്.
ഇതിന് മുന്‍പും യുവരാജിന്റെ കരിയര്‍ അവസാനിച്ചു എന്ന് സെലക്ടര്‍മാര്‍ വിധി എഴുതിയിട്ടുണ്ട്. എന്നാല്‍ എല്ലാവരേയും അമ്പരിപ്പിച്ച് യുവരാജ് തന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ചെയ്തിട്ടുള്ളത്. ഫിറ്റ്‌നെസ് നിലനിര്‍ത്തി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തി സെലക്ടേഴ്‌സിനെ യുവരാജ് തന്റെ കാര്യം ഓര്‍മപ്പെടുത്തി കൊണ്ടേയിരിക്കണമെന്നും സബാ കരിം പറയുന്നു.
നിലവില്‍ ഇന്ത്യന്‍ ടീമിലുള്ള പുതു തലമുറ താരങ്ങള്‍ എങ്ങിനെ കളിക്കുന്നു എന്നല്ല യുവരാജ് ശ്രദ്ധിക്കേണ്ടത്. തന്റെ കളിയില്‍ ശ്രദ്ധിച്ച്, കിട്ടുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. എല്ലാ സമയവും എല്ലാ കളിക്കാരും ഫോമിലായിരിക്കില്ല. അത് സാഹചര്യങ്ങള്‍ക്ക് അനുസരിച്ചിരിക്കും. യുവരാജ് പൂര്‍ണമായും ഫിറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ മാനേജ്‌മെന്റ് യുവിയെ ടീമിലേക്ക് തിരിച്ചെടുക്കുമെന്നും സബാ കരിം പറയുന്നു.