നെയ്മറില്ലാതെ മെസി വലയുന്നു എന്ന് പറഞ്ഞവരൊക്കെ ഇപ്പോ എവിടെ? ഹാട്രിക്  കണ്ടല്ലോ അല്ലേയെന്ന് കാറ്റാലന്‍ പട

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th September 2017 11:11 AM  |  

Last Updated: 11th September 2017 07:35 PM  |   A+A-   |  

contrato-millonario-de-club-chino-a-lionel-messi

നെയ്മറില്ലാതെ മെസി വലയുന്നു എന്ന് പറഞ്ഞവരൊക്കെ എവിടെ? കാറ്റാലന്‍ പടയുടെ തട്ടകത്തില്‍ വെച്ച് അയല്‍ക്കാരായ എസ്പാന്യോളിനെ മെസിയും കൂട്ടരും ചേര്‍ന്ന് തുരത്തിവിട്ടതിന് പിന്നാലെ ബാഴ്‌സ ആരാധകര്‍ കളം നിറഞ്ഞത് ഈ ചോദ്യവുമായിട്ടായിരുന്നു, നെയ്മറില്ലാതെ മെസി വലയുന്നു എന്ന് പറഞ്ഞവരൊക്കെ ഇപ്പോ എവിടെ? 

മൈതാനത്ത് കെട്ടഴിഞ്ഞ് കളിച്ച മെസിയുടെ ഗോള്‍വേട്ട ഹാട്രിക്കില്‍ ഒതുങ്ങിയത് മാത്രമായിരുന്നു ആരാധകരെ നിരാശപ്പെടുത്തിയത്. ആദ്യ പകുതിയില്‍ രണ്ടും, രണ്ടാം പകുതിയില്‍ ഒരു തവണയുമായിരുന്നു ഫുട്‌ബോള്‍ മിശിഹ ഗോള്‍വല കുലുക്കിയത്. ഗോള്‍വല ലക്ഷ്യം വെച്ച് മെസി ഉതിര്‍ത്ത എട്ട് ഷോട്ടുകള്‍ പിഴച്ചില്ലായിരുന്നു എങ്കില്‍ എസ്പ്യാനോളിനേറ്റ പ്രഹരം ഇരട്ടിയാകുമായിരുന്നു. 

ഗോളിലേക്കെത്താനായി 53 പാസുകളാണ് മെസി സഹതാരങ്ങള്‍ക്കായി നല്‍കിയത്. സഹതാരങ്ങള്‍ക്ക് ഗോളടിക്കാനായി അവസരം ഒരുക്കിയതാകട്ടെ നാല് തവണയും. മെസി കളം നിറഞ്ഞ് കളിക്കുകയായിരുന്നു എന്ന് വ്യക്തമാകാന്‍ മറ്റ് ഉദാഹരണങ്ങള്‍ ഒന്നും വേണ്ട. 

മെസിയുടെ ഹാട്രിക്കിന് ശേഷം പുതുജീവന്‍ ലഭിച്ച ബാഴ്‌സ ആരാധകരുടെ കൂട്ടത്തില്‍ മുന്‍ ബാഴ്‌സ സ്‌ട്രൈക്കര്‍ ഗാരി ലിനെകറുമുണ്ട്. നെയ്മറില്ലാതെ മെസി ബുദ്ധിമുട്ടുന്നു, മൂന്ന് കളികള്‍, അഞ്ച് ഗോളുകള്‍, ഒരു ഹാട്രിക്കും എന്നായിരുന്നു മെസിയെ വിമര്‍ശിച്ചവര്‍ക്കുള്ള ഗാരിയുടെ പരിഹാസം നിറഞ്ഞ ട്വീറ്റ്. 

ലിനകെറിന്റെ ട്വീറ്റിന് പിന്നാലെ സമൂഹമാധ്യമങ്ങള്‍ അത് ഏറ്റെടുത്തതോടെ മെസി ഹേറ്റേഴ്‌സിനുള്ള മറുപടിയായി ട്വിറ്ററില്‍ നിറയെ. 

ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ ഇല്ലാതെ സീസണ്‍ തുടങ്ങിയ ബാഴ്‌സയ്ക്ക് കാര്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ല എങ്കിലും വീണ്ടും ബാഴ്‌സയും മെസിയും ഉയര്‍ത്തെഴുന്നേല്‍ക്കുന്നു എന്ന സൂചനയാണ് എസ്പ്യാനോളിനെതിരായ എതിരില്ലാത്ത അഞ്ച് ഗോള്‍ ജയത്തോടെ ടീം നല്‍കുന്നത്. 

പക്ഷെ മെസി കൂടി പോയാല്‍ ബാഴ്‌സയ്ക്ക് ഏല്‍ക്കുന്ന ആഘാതം വലുതായിരിക്കും എന്നുകൂടിയാണ് കഴിഞ്ഞ മത്സരങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. മെസിയുമായുള്ള പുതിയ കരാര്‍ ഒപ്പിടുന്നത് ബാഴ്‌സ വൈകിപ്പിക്കരുതെന്ന മുറവിളി ആരാധകര്‍ തുടങ്ങിക്കഴിഞ്ഞു.