2019ലെ ലോക കപ്പില്‍ ധോനി ഉണ്ടാകുമോ ഇല്ലയോ? രവിശാസ്ത്രി നയം വ്യക്തമാക്കുന്നു

ധോനിയുടെ കാര്യത്തില്‍ ട്രെയിലര്‍ മാത്രമാണ് നമ്മള്‍ ഇതുവരെ കണ്ടത്. സിനിമ വരാനിരിക്കുന്നതേ ഉള്ളുവെന്നും ശാസ്ത്രി
2019ലെ ലോക കപ്പില്‍ ധോനി ഉണ്ടാകുമോ ഇല്ലയോ? രവിശാസ്ത്രി നയം വ്യക്തമാക്കുന്നു

ധോനിയുടെ വിരമിക്കലിനെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ ഇനി വേണ്ട. ഇന്ത്യയ്ക്ക് ലോക കപ്പ് നേടിത്തന്ന മുന്‍ നായകന്‍ 2019ലെ ലോക കപ്പിലും ഇന്ത്യയ്ക്കായി ഇറങ്ങുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പരിശീലകന്‍ രവിശാസ്ത്രി. 

ഫിറ്റ്‌നസിന്റെ കാര്യത്തിലും ഫോമിലും മികവ് പുലര്‍ത്തുന്നിടത്തോളം കാലം ധോനി് ടീമിലുണ്ടാകും. ഈ ഫോമില്‍ കളി തുടരുന്ന ധോനിയെ ടീമില്‍ നിന്നും ഒഴിവാക്കുന്ന കാര്യം സെലക്ടര്‍മാര്‍ക്ക് ചിന്തിക്കാന്‍ കൂടി സാധിക്കില്ലെന്നും ശാസ്ത്രി ചൂണ്ടിക്കാണിക്കുന്നു. 

സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവരുമായി ധോനിയെ താരതമ്യം ചെയ്ത ശാസ്ത്രി, ധോനിയുടെ റെക്കോര്‍ഡുകളും ബഹുമാനിക്കപ്പെടണം എന്ന് പറഞ്ഞു. എം.എസ്.ധോനിയെ പോലൊരു ഇതിഹാസത്തെ വേറെ എവിടെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കുമെന്നും ശാസ്ത്രി ചോദിക്കുന്നു. ടിവി ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശാസ്ത്രിയുടെ പ്രതികരണം. 

ഫിറ്റ്‌നസിന്റേയും, ഫോമിന്റേയും അടിസ്ഥാനത്തിലാണ് ഒരു താരം വിലയിരുത്തപ്പെടേണ്ടത്. ധോനിക്കിത് രണ്ടുമുണ്ട്. വിക്കറ്റ് കീപ്പിങ് പരിഗണിച്ചാല്‍ രാജ്യത്ത് ധോനിയെ മറികടക്കാന്‍ മറ്റൊരാളുണ്ടാകില്ല. 

ധോനിയുടെ കാര്യത്തില്‍ ട്രെയിലര്‍ മാത്രമാണ് നമ്മള്‍ ഇതുവരെ കണ്ടത്. സിനിമ വരാനിരിക്കുന്നതേ ഉള്ളുവെന്നും ശാസ്ത്രി പറയുന്നു. 

ശ്രീലങ്കയില്‍ നടന്ന അഞ്ച് ഏകദിന മത്സരങ്ങളില്‍ നിന്നായി 82.23 സ്‌ട്രൈക്ക് റേറ്റില്‍ 162 റണ്‍സാണ് ധോനി അടിച്ചെടുത്തത്. മൂന്നാം മത്സരവും കളിച്ച ധോനി, ഏകദിനത്തില്‍ 100 സ്റ്റംമ്പിങ്ങുകള്‍ നടത്തുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡും സ്വന്തം പേരിലാക്കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com