ഇതിഹാസം തീര്‍ക്കാന്‍ റൊണാള്‍ഡോയ്ക്ക് ഇനി മറികടക്കേണ്ടത് എന്തൊക്കെ?

കഠിനാധ്വാനം കയ്മുതലാക്കിയ റൊണാള്‍ഡോയെ സര്‍ അലക്‌സ് ഫര്‍ഗൂസന്‍ ഫുട്‌ബോള്‍ ലോകത്തിന് തന്നെ വിലമതിക്കാനാകാത്ത സമ്മാനമാണെന്നും പറയുന്നവരുണ്ട്
ഇതിഹാസം തീര്‍ക്കാന്‍ റൊണാള്‍ഡോയ്ക്ക് ഇനി മറികടക്കേണ്ടത് എന്തൊക്കെ?

നിലവില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും സ്വാധീനമുള്ള കായിക താരം ആരാണ്? മുപ്പത്തിരണ്ടുകാരനായ പോര്‍ച്ചുഗല്‍ താരത്തിന്റെ ആരാധകര്‍ക്കും  കായിക പ്രേമികള്‍ക്കും ആ പേര് പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല.

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആണെന്ന് സിദാന്‍ പറഞ്ഞത് കഴിഞ്ഞ ദിവസമായിരുന്നു. ഓരോ കളിയിലും റയല്‍ താരം ആരാധകരെ കൂടുതല്‍ കൂടുതല്‍ ആവേശത്തിലാഴ്ത്തിക്കൊണ്ടിരിക്കും. 

ആരാധകരെ ആവേശത്തിലാഴ്ത്തിയും, ടീമിന് ജയം നേടിക്കൊടുത്തുമുള്ള പോക്കിനിടയില്‍ റെക്കോര്‍ഡുകളും നിരവധി റൊണാള്‍ഡോ പിന്നിട്ടു കഴിഞ്ഞു. ഈ റെക്കോര്‍ഡുകളും ഇതിഹാസം എന്ന പദത്തിലേക്ക് റോണോയെ എത്തിക്കുന്നു. 

കഠിനാധ്വാനം കയ്മുതലാക്കിയ റൊണാള്‍ഡോയെ സര്‍ അലക്‌സ് ഫര്‍ഗൂസന്‍ ഫുട്‌ബോള്‍ ലോകത്തിന് തന്ന വിലമതിക്കാനാകാത്ത സമ്മാനമാണെന്നും പറയുന്നവരുണ്ട്. പന്തുമായി പാഞ്ഞുവരുന്ന റൊണാള്‍ഡോയുടെ ദൃശ്യം തന്നെ ഏത് ലോകോത്തര പ്രതിരോധ നിരക്കാരനേയും ഉലയ്ക്കും. 

നേട്ടങ്ങളും റെക്കോര്‍ഡുകളും ഒന്നൊന്നായി പിന്നിടുന്ന റൊണാള്‍ഡോയ്ക്ക് മറികടക്കാന്‍ ഇനി മുന്നിലുള്ള പ്രധാനപ്പെട്ട റെക്കോര്‍ഡുകള്‍; 

അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍

പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ തവണ വലകുലുക്കിയ താരമാണ് റൊണാള്‍ഡോ. 78 ഗോളുകളാണ് പോര്‍ച്ചുഗല്‍ കുപ്പായത്തില്‍ റൊണാള്‍ഡോ നേടിയത്. എന്നാല്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്താന്‍ റൊണാള്‍ഡോയ്ക്ക് ഇനി ഏഴ് ഗോളുകള്‍ മാത്രം മതി. 

റയല്‍ മാഡ്രിഡ് മുന്‍ സ്‌ട്രൈക്കര്‍ ഫെറന്‍സ പുസ്‌കാസിന്റെ 84 ഗോളുകള്‍ മാത്രമാണ് റൊണാള്‍ഡോ ഇനി മറികടക്കേണ്ടത്. 

കലണ്ടര്‍ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ ഗോളുകള്‍

ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമാവുക എന്നതാണ് റൊണാള്‍ഡോയ്ക്ക് മറികടക്കാന്‍ മുന്നിലുള്ള മറ്റൊരു റെക്കോര്‍ഡ്. 2012ല്‍ 91 ഗോളുകള്‍ അടിച്ചുകൂട്ടി ബാഴ്‌സ സ്‌ട്രൈക്കര്‍ മെസിയാണ് ഈ റെക്കോര്‍ഡ് ഇപ്പോള്‍ കയ്യടക്കിയിരിക്കുന്നത്. 

2012ല്‍ റൊണാള്‍ഡോയ്ക്ക് പോര്‍ച്ചുഗലിനായും, റയലിനായും 61 ഗോളുകള്‍ മാത്രമാണ് അടിക്കാനായത്. 2013ല്‍ 59 മത്സരങ്ങള്‍ കളിച്ച റൊണാള്‍ഡോ ദേശീയ ടീമിനും ക്ലബിനുമായി 69 ഗോള്‍ നേടി. 

ഈ ലിസ്റ്റില്‍ ഒന്നാമതെത്താന്‍ പെലെ, ചിതാലൗ, ജെര്‍ഡ് മുല്ലര്‍, മെസി എന്നിവരെയാണ് റൊണാള്‍ഡോയ്ക്ക് മറികടക്കേണ്ടത്.

റയലിനായി ഏറ്റവും വേഗത്തില്‍ ഗോള്‍ വല കുലുക്കണം

10 സെക്കന്റ് കൊണ്ട് 96 മീറ്റര്‍ ഓടി ഗോള്‍ വലയിലേക്ക് പന്ത് തട്ടിയിട്ട് ആരാധകരെ വിസ്മയിപ്പിച്ചിട്ടുണ്ട് റൊണാള്‍ഡോ. വേഗ രാജാവ് ഉസൈന്‍ ബോള്‍ട്ടിന്റെ 9.58 സെക്കന്റില്‍ 100 മീറ്റര്‍ എന്ന കുതിപ്പിനോടാണ് റോണോയുടെ മൈതാനത്തെ ഓട്ടവും താരതമ്യപ്പെടുത്തുന്നത്. 

എന്നാല്‍ 77 മിനിറ്റ് തുടര്‍ച്ചയായി മൈതാനത്ത് കളിച്ചതിന് ശേഷമാണ് 10 സെക്കന്റ് കൊണ്ട് 96 മീറ്റര്‍ ഓടിയതെന്ന് പറയുമ്പോള്‍ ബോള്‍ട്ടിനേക്കാള്‍ കേമന്‍ റൊണാള്‍ഡോ ആണെന്ന് ചിലര്‍ പറയും. 

എന്നാല്‍ മൈതാനത്ത് ഇറങ്ങി റയലിനായി ഏറ്റവും കുറഞ്ഞ സമയത്തില്‍ ഗോള്‍ വല കുലുക്കി റെക്കോര്‍ഡ് ഇടണമെങ്കില്‍, പന്ത്രണ്ടാം സെക്കന്റില്‍ ഗോള്‍ വല കുലുക്കണം. 1994ല്‍ ഇവാന്‍ സമോരനോയാണ് സെവില്ലയ്‌ക്കെതിരായ മത്സരത്തില്‍ പന്ത്രണ്ടാം സെക്കന്റില്‍ ഗോള്‍ അടിച്ച് റെക്കോര്‍ഡ് തീര്‍ത്തിരിക്കുന്നത്. 

റയല്‍ കുപ്പായം ഏറ്റവും കൂടുതല്‍ തവണ അണിഞ്ഞതിന്റെ റെക്കോര്‍ഡ്

റയലിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതിന്റെ റെക്കോര്‍ഡ് റൊണാള്‍ഡോ മറികടന്നു കഴിഞ്ഞു. 400 ഗോളുകളാണ് ഇതുവരെ റൊണാള്‍ഡോ റയലിനായി അടിച്ചുകൂട്ടിയത്. ഇനിയും ഗോള്‍വല കുലുക്കികൊണ്ടേ ഇരിക്കുമെന്ന് റൊണാള്‍ഡോ വ്യക്തമാക്കുകയും ചെയ്യുന്നു. 

എന്നാല്‍ റയലിനായി 723 മത്സരങ്ങള്‍ക്കിറങ്ങിയ റൗളിന്റെ റെക്കോര്‍ഡാണ് റൊണാള്‍ഡോയ്ക്ക് മുന്നില്‍ മറികടക്കാനുള്ള മറ്റൊന്ന്. എന്നാല്‍ റയലിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച പത്ത് താരങ്ങളുടെ ലിസ്റ്റിലേക്ക് റൊണാള്‍ഡോ ഇതുവരെ എത്തിപ്പെട്ടിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com