ഞാന്‍ പണ്ടേ സിക്‌സറടി വീരന്‍: ഹാര്‍ദിക് പാണ്ഡ്യ

ഞാനിത് ആദ്യമായല്ല സിക്‌സര്‍ അടിക്കുന്നത്. ചെറുപ്പം മുതലേ ബാറ്റിങ് ക്രീസില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ എപ്പോഴും ശ്രമിക്കുന്നത് സിക്‌സറിനാണ്
ഞാന്‍ പണ്ടേ സിക്‌സറടി വീരന്‍: ഹാര്‍ദിക് പാണ്ഡ്യ

ഇന്‍ഡോര്‍: ബൗളര്‍മാരെ സിക്‌സറിനു പറത്തുകയെന്നത് ചെറുപ്പം മുതലേ തന്റെ ശീലമാണെന്ന് ഹാര്‍ദിക് പാണ്ഡ്യ. ഓസ്‌ട്രേലിയക്കെതിരെ നാലു സിക്‌സര്‍ ഉള്‍പ്പെടെയുള്ള പാണ്ഡ്യയുടെ മിന്നുന്ന ഇന്നിങ്‌സ് ശ്രദ്ധ പിടിച്ചുപറ്റിയതിനെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു ഈ പ്രതികരണം.

ഞാനിത് ആദ്യമായല്ല സിക്‌സര്‍ അടിക്കുന്നത്. ചെറുപ്പം മുതലേ ബാറ്റിങ് ക്രീസില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ എപ്പോഴും ശ്രമിക്കുന്നത് സിക്‌സറിനാണ്. രാജ്യാന്തര തലത്തിലെ കളിയില്‍ അതു ശ്രദ്ധേയമാവുന്നത് ഇപ്പോഴാണ്. ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരായ കളിയിലെ 76 റണ്‍ ആണോ ബാറ്റിങ്ങില്‍ ബ്രേയ്ക്ക് ആയതെന്ന് പലരും ചോദിക്കാറുണ്ട്. അങ്ങനെ കരുതുന്നവര്‍ക്ക് അങ്ങനെ കരുതാമെന്നേയുള്ളൂ- പാണ്ഡ്യ പറഞ്ഞു.

ചെന്നൈയില്‍ ലെഗ് സ്പിന്നര്‍ ആദം സാമ്പയെ മൂന്നു തവണയാണ് പാണ്ഡ്യ ആകാശത്തിലൂടെ അതിര്‍ത്തി കടത്തിയത്. ഇന്‍ഡോറില്‍ ഇടങ്കൈയന്‍ സ്പിന്നര്‍ ആഷ്ടണ്‍ ആഗറാണ് പാണ്ഡ്യയുടെ ബാറ്റിന്റെ ചൂടറിഞ്ഞത്. ചെന്നൈയില്‍ സാമ്പയെ സിക്‌റിനു പറത്താമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് പാണ്ഡ്യ പറഞ്ഞു. ഏഴാമത്തെ ഓവര്‍ വരെ ഞാന്‍ കാത്തുനിന്നു. ആ ഓവര്‍ കളിയുടെ ഗതി മാറ്റുകയും ചെയ്തു. സാഹചര്യത്തിന് അനുസരിച്ച് കളിച്ചു എന്നേയുള്ളൂവെന്നാണ് പാണ്ഡ്യ അതിനെക്കുറിച്ചു പറയുന്നത്. 

ഇന്‍ഡോറില്‍ മൂന്നാം ഏകദിനത്തില്‍ നാലാം നമ്പറിലാണ് പാണ്ഡ്യ ബാറ്റിങ്ങിന് ഇറങ്ങിയത്. എപ്പോള്‍ ഇങ്ങുന്നുവെന്നതില്‍ കാര്യമില്ല. ഇത്തവണ കൂടുതല്‍ പന്തുകള്‍ കളിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഒരു വ്യത്യാസം. വെല്ലുവിളി എന്നതിനേക്കാള്‍ ടീമിനായി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞു എന്നതാണ് പ്രധാനം. സ്വന്തം കളി പുറത്തെടുക്കുക എന്നതിലാണ് കാര്യം. അത് ഏതു വിധത്തിലുള്ള കളിയാണെങ്കിലും. ഇത്തവണ സ്പിന്നര്‍മാരെ കൈകാര്യം ചെയ്യുക എന്നതായിരുന്നു തന്ത്രം. അതിനു കഴിഞ്ഞു. ഈ പ്രകടനത്തോടെ ഉത്തരവാദിത്വം കൂടുകയാണോ എന്ന ചോദ്യത്തിലൊന്നും കാര്യമില്ല. സ്വന്തം കളി കളിക്കുക എന്നതാണ് തന്റെ ശൈലിയെന്ന് പാണ്ഡ്യ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com