ബോറടിപ്പിക്കുന്ന ടീം ആവുകയാണോ ബാഴ്‌സ? മെസി നിശബ്ദനാവുമ്പോള്‍ ആരാധകരുടെ നിരാശ കൂടുന്നു

അടുത്തിടെ സെല്‍ഫ് ഗോളുകളിലൂടെ വിജയം പിടിക്കുന്നത് ആരാധകരെ മുന്‍പെങ്ങുമില്ലാത്തവിധം നിരാശരാക്കുന്നുണ്ട്
ബോറടിപ്പിക്കുന്ന ടീം ആവുകയാണോ ബാഴ്‌സ? മെസി നിശബ്ദനാവുമ്പോള്‍ ആരാധകരുടെ നിരാശ കൂടുന്നു

യുവേഫാ ചാമ്പ്യന്‍സ് ലീഗില്‍ സെല്‍ഫ് ഗോള്‍ ബലത്തില്‍ സ്‌പോര്‍ട്ടിങ് ലിസ്‌ബോണിനെതിരെ ബാഴ്‌സയ്ക്ക് ജയം. സുവാരസിന്റെ ഹെഡര്‍ സ്‌പോര്‍ട്ടിങ്ങിന്റെ സെബാസ്റ്റിയന്‍ കോട്‌സെയുടെ കാലുകളിലൂടെയായിരുന്നു ഗോള്‍ വല കുലുക്കിയത്. 

അടുത്തിടെ സെല്‍ഫ് ഗോളുകളിലൂടെ വിജയം പിടിക്കുന്നത് ആരാധകരെ മുന്‍പെങ്ങുമില്ലാത്തവിധം നിരാശരാക്കുന്നുണ്ട്. തുടര്‍ച്ചയായി എട്ട് വിജയങ്ങള്‍ നേടിയിട്ടും ബാഴ്‌സ ആരാധകരെ ബോറടിപ്പിക്കുന്ന എന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിനേ മാനേജര്‍ വാല്‍വെര്‍ദേ സ്‌പോര്‍ട്ടിങ്ങിനെതിരായ ജയത്തിന് ശേഷം തള്ളി. ചൊവ്വാഴ്ച ടീമിനായി ഗോള്‍വല കുലുക്കാന്‍ മെസിക്കും സാധിച്ചില്ല. കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ ബാഴ്‌സ ഏറെ പിന്നിലാണെന്നാണ് വിമര്‍ശകരുടെ വാദം. സെല്‍ഫ് ഗോളുകളുടെ ബലത്തില്‍ കളി പിടിക്കുന്ന ബാഴ്‌സയ്‌ക്കെതിരെ പരിഹാസമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ബാഴ്‌സ എന്നെ ബോറടിപ്പിക്കുന്നില്ല. പ്രത്യേകിച്ച് ടീം ജയിക്കാത്ത സമയങ്ങളില്‍ എന്നും വാല്‍വെര്‍ദേ പറയുന്നു. ചില സമയങ്ങളില്‍ ഗോളുകള്‍ അടിച്ചു പറത്തി വിസ്മയിപ്പിച്ചായിരിക്കും ജയം. ചില സമയത്ത് ജയിക്കാന്‍ പാടുപെടും. ഫുട്‌ബോളില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍. 

ജയിക്കാനായി ശക്തമായ പ്രതിരോധത്തെ അതിജീവിക്കണം. സ്‌പോര്‍്ട്ടിങ്ങിനെതിരെ വ്യക്തമായ ആധിപത്യത്തോടെയാണ് ബാഴ്‌സ കളി തുടങ്ങിയത്. ഗോള്‍ അടിച്ചതിന് ശേഷം സ്‌പോര്‍ട്ടിങ് ബാഴ്‌സയെ സമ്മര്‍ദ്ദത്തിലാക്കി. ഗോള്‍ അവസരങ്ങള്‍ അവര്‍ക്ക് മുന്നിലേക്കെത്തി. എന്നാല്‍ അവരുടെ ആക്രമണത്തെ കൊല്ലാന്‍ നമുക്കായി. ചാമ്പ്യന്‍സ് ലീഗ് അങ്ങിനെയാണ്.

ചാമ്പ്യന്‍സ് ലീഗിലും, ലാലീഗിലും ബാഴ്‌സയാണ് പോയിന്റ് ടേബിളില്‍ മുന്‍പില്‍. എന്നാല്‍ ആരാധകരില്‍ എക്‌സൈറ്റ്‌മെന്റ് നിറയ്ക്കാന്‍ കഴിയുന്ന വിധത്തിലേക്ക് ബാഴ്‌സ എത്തുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്. മെസി മൈതാനത്ത് നിശബ്ദനാകുമ്പോഴാണ് ബാഴ്‌സ ആരാധകര്‍ കൂടുതല്‍ നിരാശരാകുന്നത്. 

സുവാരസിന്റെ ഫോമില്ലായ്മയാണ് ബാഴ്‌സയെ വലയ്ക്കുന്ന മറ്റൊന്ന്. ഈ സീസണില്‍ രണ്ട് ഗോളുകള്‍ മാത്രമാണ് സുവാരസ് നേടിയത്. എന്നാല്‍ തന്റെ സ്‌ട്രൈക്കറെ വിമര്‍ശിക്കാന്‍ വാല്‍വെര്‍ദെ ഒരുക്കമല്ല, ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ പറ്റിയ പൊസിഷനിലേക്ക് സുവാരിസ് എത്തുന്നുണ്ട്. ജിറോനയ്‌ക്കെതിരായ മത്സരവും ബാഴ്‌സ മാനേജര്‍ ചൂണ്ടിക്കാട്ടുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com