ഇതൊക്കെ നമ്മള്‍ പണ്ടേ വിട്ട ഏരിയകളല്ലേ; കോഴിക്കോടിന്റെ മണ്ണില്‍ പിറന്നിട്ടുണ്ട് ഈ ബൈസിക്കിള്‍ കിക്ക്‌

എതിര്‍ ടീമിന്റെ പ്രതിരോധ നിരക്കാരില്‍ ഒരാള്‍ പിന്നില്‍ നില്‍ക്കെ ഉയര്‍ന്ന് ചാടി കാലുകള്‍ കൊണ്ട് മുകളില്‍ നില്‍ക്കുന്ന പന്ത് വലയിലേക്ക് വിജയന്‍ തൊടുത്തിട്ടു
ഇതൊക്കെ നമ്മള്‍ പണ്ടേ വിട്ട ഏരിയകളല്ലേ; കോഴിക്കോടിന്റെ മണ്ണില്‍ പിറന്നിട്ടുണ്ട് ഈ ബൈസിക്കിള്‍ കിക്ക്‌

താഴേക്ക് കുറച്ചൊന്ന് ചാഞ്ഞ് നില്‍ക്കുന്ന മാവിനിടയിലൂടെ അരിച്ചിറങ്ങുന്ന മഞ്ഞ വെയില്‍ വെളിച്ചം. തലയ്ക്ക് മുകളിലെ ആ ലക്ഷ്യം ഉറപ്പിച്ചാണ് കാലുകള്‍ മുകളിലേക്ക് ഉയര്‍ത്തി ശരീരം താഴേക്കി മടക്കി മലന്നൊന്ന് ചാടുന്നത്. അന്ന് ഫുട്‌ബോളിന് പകരം മാങ്ങയായിരുന്നു എന്ന് മാത്രം. പെലെയുടെ ജീവിതം പറയുന്ന പെലെ സിനിമയിലെ ഈ രംഗം നെഞ്ചോട് ചേര്‍ത്തു വയ്ക്കാതെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഒരു രക്ഷയുമില്ല. ഫുട്‌ബോള്‍ മൈതാനത്ത് അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്ന്. ആ ആപൂര്‍വത അതിന്റെ എല്ലാ മനോഹാരിതയിലുമാണ് എത്തുന്നത് എങ്കില്‍ പിന്നെ പറയുകയും വേണ്ട. 

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ യുവന്റ്‌സിനെതിരെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആ അപൂര്‍വ നിമിഷം വീണ്ടും ഫുട്‌ബോള്‍ ലോകത്തിന്റെ കണ്ണുകളിലേക്ക് കൊണ്ടുവന്നതോടെയാണ് ബൈസിക്കിള്‍ കിക്ക് ഒരിക്കല്‍ കൂടി ചര്‍ച്ചകളില്‍ നിറയുന്നത്. 1995ല്‍ നമ്മുടെ കോഴിക്കോട് ഈ അപൂര്‍വ നിമിഷം ജനിച്ചിരുന്നു. രാജ്യത്തിന്റെ അഭിമാനമായ ഐ.എം.വിജയനിലൂടെയായിരുന്നു ഒരു ബാക്ക് സിസര്‍ പിറന്നത്.  

എതിര്‍ ടീമിന്റെ പ്രതിരോധ നിരക്കാരില്‍ ഒരാള്‍ പിന്നില്‍ നില്‍ക്കെ ഉയര്‍ന്ന് ചാടി കാലുകള്‍ കൊണ്ട് മുകളില്‍ നില്‍ക്കുന്ന പന്ത് വലയിലേക്ക് വിജയന്‍ തൊടുത്തിട്ടു. പ്രതിരോധ നിരക്കാരന്റെ  തലയ്ക്ക് മുകളിലൂടെ പാഞ്ഞ് പന്ത് വലകുലുക്കി. അപൂര്‍വമായി മാത്രം കളിക്കളത്തില്‍ നമുക്ക് മുന്നിലേക്കെത്തുന്ന ഈ ഓവര്‍ഹെഡ് കിക്കുകള്‍ വമ്പന്‍ ക്ലബുകളുടേയും താരങ്ങളുടേയും മാത്രം കുത്തകയല്ലെന്ന് കൂടി ഉറപ്പിക്കുകയായിരുന്നു വിജയന്‍ അവിടെ. അന്ന് എതിരില്ലാത്ത ഒരു ഗോളിന് ജെസിടിക്കായിറങ്ങിയ വിജയന്‍ ടീമിന് ജയം നേടിക്കൊടുത്തു.

2011ല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ റൂണി ഓവര്‍ഹെഡ് കിക്കിലൂടെ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചിരുന്നു. ഇബ്രാഹിമോവിച്ചിന്റേയും റൊണാള്‍ഡിഞ്ഞോയുടേയും ബൈസിക്കിള്‍ കിക്കുകളൊന്നും മറക്കാനാവുന്നതുമല്ല. ഇങ്ങനെയൊരു ഗോള്‍ പിറക്കാന്‍ ഭാഗ്യത്തിന്റെ അകമ്പടി കൂടി വേണമെന്നാണ് വിജയന്‍ പറയുന്നത്.

ഇത് ഒരുജാതി വണ്ടര്‍ കിക്കാണ്. കളിക്കാരന്‍ ഉയര്‍ന്നു ചാടി പന്ത് ഹെഡ് ചെയ്തു വിടുമെന്നായിരിക്കും ഗോളിയും പ്രതിരോധ നിരക്കാരും കണക്കു കൂട്ടുക.  എന്നാല്‍ പൊടുന്നനെ ആയിരിക്കും ഗോളിമാര്‍ക്ക് പണി കൊടുക്കുന്ന ഇങ്ങനെ ഒരു ഷോട്ട് പിറക്കുക. ഒറ്റ സെക്കന്റിലെ ചിന്തയിലാണ് ക്രിസ്റ്റ്യാനോ ബൈസിക്കിള്‍ കിക്ക് എടുത്ത്. ആരായാലും അത് കണ്ട് എഴുന്നേറ്റ് നിന്നു കയ്യടിച്ചു പോകും, അന്ന് ഞാന്‍ ഗോളടിച്ചപ്പോള്‍ മലേഷ്യന്‍ ഗോള്‍കീപ്പര്‍ അമ്പരന്ന് നിന്നത് പോലെയെന്ന് വിജയന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com