നമ്മുടെ ലോക കപ്പാണ് സന്തോഷ് ട്രോഫി, ലൈവ് ടെലികാസ്റ്റിലെ കളികളേയും ബ്ലാസ്റ്റേഴ്‌സിനെ കുറിച്ചുമെല്ലാം സന്തോഷ് ട്രോഫി താരം പറയുന്നു

നാട്ടില്‍ നിന്നും പോകുമ്പോള്‍ സെമിയില്‍ കടക്കാന്‍ അന്‍പത് ശതമാനം സാധ്യത മാത്രമാണ് ഞങ്ങള്‍ തന്നെ കല്‍പ്പിച്ചിരുന്നത്
നമ്മുടെ ലോക കപ്പാണ് സന്തോഷ് ട്രോഫി, ലൈവ് ടെലികാസ്റ്റിലെ കളികളേയും ബ്ലാസ്റ്റേഴ്‌സിനെ കുറിച്ചുമെല്ലാം സന്തോഷ് ട്രോഫി താരം പറയുന്നു

ലിപ്പടക്കാനും കപ്പടിക്കാനും ഉറപ്പിച്ച് ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൗണ്ടിലിറങ്ങിയത്. എന്നാല്‍ കളി തുടങ്ങിയപ്പോള്‍ മഞ്ഞപ്പടയുടെ കൊമ്പന്മാര്‍ക്ക് കാലിടറി. അതിന്റെ നിരാശയില്‍ ആരാധകര്‍ മുന്നോട്ടു പോകുമ്പോഴായിരുന്നു സന്തോഷ് ട്രോഫിയുടെ വരവ്. എന്നാല്‍ ഫുട്‌ബോളിനെ നെഞ്ചോട് ചേര്‍ക്കുന്നവരായിട്ടും വലിയ പ്രതീക്ഷ വയ്ക്കാന്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളിലെ സന്തോഷ് ട്രോഫി ഫലങ്ങള്‍ തന്നെയായിരുന്നു കാരണം. 

പക്ഷേ സെമി കഴിഞ്ഞതോടെ കളി മാറി. ഗ്രൂപ്പില്‍ ഒന്നാമതായി മുന്നേറിയപ്പോഴും കിരീടം ഉയര്‍ത്തും എന്ന പ്രതീക്ഷ വിദൂരതയില്‍ തന്നെയായിരുന്നു. ബംഗാളിനേയും പിന്നിലാക്കി ഗ്രൂപ്പില്‍ ഒന്നാമതെത്തിയെന്ന
വാര്‍ത്തകള്‍ക്കും വലിയ പ്രചാരമൊന്നും ലഭിച്ചില്ലെങ്കിലും, സെമിയില്‍ മിസോറാമിനെ തകര്‍ത്തതോടെ ആവേശം മാധ്യമങ്ങളേറ്റെടുത്ത് മലയാളികളിലേക്കെത്തിച്ചു.

ഒരിക്കല്‍ കൂടി കേരളത്തിന് പ്രതീക്ഷ നല്‍കി സന്തോഷ് ട്രോഫിയെ  കേരളത്തിന്റെ കൈയ്യെത്തും ദൂരത്ത് എത്തിച്ചത് ഒരു മഞ്ചേരിക്കാരനായിരുന്നു. 13 വര്‍ഷത്തെ കലിപ്പടക്കാന്‍ കേരളത്തിന്റെ മുന്നേറ്റ നിരയിലേക്ക് പരിശീലകന്‍ സതീവന്‍ ബാലന്‍ എത്തിച്ച അഫ്ദല്‍ വി.കെ. മിസോറാമിനെതിരായ കളിയില്‍ പകരക്കാരനായിട്ടായിരുന്നു അഫ്ദലിന്റെ വരവ്. അതുവരെ ടൂര്‍ണമെന്റില്‍ അഫ്ദല്‍ വല കുലുക്കിയതാവട്ടെ രണ്ട് തവണയും. കാലം കേരളത്തിനായി മാറ്റിവെച്ച കിരീടം ചൂടാന്‍ ഫൈനലിലേക്ക് കുതിക്കാന്‍ കേരളത്തിന് അഫ്ദലിന്റെ ബൂട്ടില്‍ നിന്നും പിറന്ന ആ ഒരു ഗോള്‍ മതിയായിരുന്നു.

അഫ്ദല്‍ പറയുന്നു...

നാട്ടില്‍ നിന്നും പോകുമ്പോള്‍ സെമിയില്‍ കടക്കാന്‍ അന്‍പത് ശതമാനം സാധ്യത മാത്രമാണ് ഞങ്ങള്‍ തന്നെ കല്‍പ്പിച്ചിരുന്നത് എന്നാണ് അഫ്ദല്‍ പറയുന്നത്. കാരണം, മണിപ്പൂര്‍, ബംഗാള്‍, ഛത്തീസ്ഗഡ് പഞ്ചാബ് എന്നീ ടീമുകളുമായിട്ടായിരുന്നു ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ കളിക്കേണ്ടി വന്നത്.

അങ്ങിനത്തെ ഒരു ഗ്രൂപ്പില്‍ നിന്നും സെമിയിലേക്ക് കടക്കാന്‍ സാധിക്കില്ല എന്ന് വിശ്വസിച്ചായിരുന്നു നാട്ടില്‍ നിന്നും തിരിച്ചത് തന്നെ. 50-50 സാധ്യത മുന്നില്‍ വെച്ചുള്ള ആ പോക്ക് സന്തോഷ് ട്രോഫി കിരീടം ഉയര്‍ത്തുന്നതിലേക്കാണ് എത്തിയത്. അതായിരുന്നു നിയോഗമെന്ന് അഫ്ദല്‍ സമകാലിക മലയാളത്തോട് പറയുന്നു.

ലൈവ് ടെലികാസ്റ്റ് ഇല്ലാതിരുന്നത് ലാഭം പിടിക്കാന്‍

സന്തോഷ് ട്രോഫിയില്‍ എന്തുകൊണ്ട് ലൈവ് ടെലിവിഷന്‍ ടെലികാസ്റ്റ് ഉണ്ടായിരുന്നില്ല എന്നതിനെ കുറിച്ചും അഫ്ദല്‍ പറയുന്നു. നമ്മുടെ വേള്‍ഡ് കപ്പ്‌
പോലെ വിലയിരുത്തപ്പെടുന്ന ഒന്നാണ് സന്തോഷ് ട്രോഫി. അത്രയും പ്രാധാന്യമുള്ള ഒരു ടൂര്‍ണമെന്റിന്റെ ലൈവ് ടെലികാസ്റ്റ് ഉണ്ടാകുന്നില്ല എന്നത് എന്താണെന്ന് അന്വേഷിച്ചിരുന്നു.

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം എന്ന ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഫേസ്ബുക്ക് പേജ് വഴി മാത്രം മത്സരം ലൈവ് കാണിച്ചത് അതില്‍ നിന്നുമുള്ള വരുമാനം ലക്ഷ്യം വെച്ചാണ് അറിയാനായതെന്നും അഫ്ദല്‍ പറയുന്നു. അത്രയും ആളുകള്‍ ഫേസ്ബുക്ക് പേജുവഴി മത്സരം കാണുക വഴി പേജ് മാര്‍ക്കറ്റ് ചെയ്യാന്‍ വേണ്ടി കൂടിയുള്ള നീക്കമായിരുന്നു അത്.

ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെ കുറ്റം പറയരുത്, കളിക്കാരേയും

ആരാധകര്‍ ഏറെ പ്രതീക്ഷ വെച്ചിട്ടും, മികച്ച കളിക്കാരുണ്ടായിട്ടും കേരള ബ്ലാസ്റ്റേഴ്‌സിന് സെമി കടക്കാന്‍ സാധിക്കാതിരുന്നത് നിര്‍ഭാഗ്യം കൊണ്ടാണെന്നും അഫ്ദല്‍ പറയുന്നു. ഗ്രൗണ്ടില്‍ ഇറങ്ങി കഴിഞ്ഞാല്‍ തന്നിലുള്ള മികച്ചതെല്ലാം പുറത്തെടുത്ത് കളിക്കാനായിരിക്കും ഏതൊരു താരവും ശ്രമിക്കുക. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലൈനപ്പ് എടുത്ത് നോക്കിയാല്‍ തന്നെ മതി. മോശം കളിക്കാരായിട്ട് ആരാണ് അതില്‍ ഉള്ളത്. ജാക്കിചന്ദ് ആയാലും, ജിങ്കനായാലും, ബ്രൗണ്‍ ആയാലും അതില്‍ മോശം കളിക്കാര്‍ എന്ന് പറയാന്‍ ആരുമില്ല. പക്ഷേ ഭാഗ്യം കനിയാതിരുന്നതിനെ തുടര്‍ന്ന് സെമി സാധ്യതകള്‍ ബ്ലാസ്റ്റേഴ്‌സിന് മുന്നില്‍ അടയുകയായിരുന്നു. 

ഐഎസ്എല്ലിലേക്ക് വിളി വരികയാണെങ്കില്‍ അവസരങ്ങള്‍ ലഭിച്ച് കളിക്കാന്‍ സാധിക്കുന്ന ഒരു ക്ലബാണ് താന്‍ ലക്ഷ്യം വയ്ക്കുന്നതെന്നും മഞ്ചേരി സ്വദേശിയായ അഫ്ദല്‍ പറയുന്നു. ഐലീഗിലേലേക്ക്‌വന്നാല്‍ ഈസ്റ്റ് ബംഗാളിനോടാണ് അഫ്ദലിന് ഇഷ്ടം. 

ഒരു വമ്പന്‍ ക്ലബില്‍ ഞങ്ങളെ പോലൊരു താരം ചെന്നു പെട്ടാല്‍ വേറെ ഒരുപാട് കളിക്കാര്‍ ആ ടീമിലുണ്ടാകും, നമ്മളേക്കാള്‍ മിടുക്കരായി. അങ്ങിനെ വരുമ്പോള്‍ ആ ടീമിന് വേണ്ടി ഗ്രൗണ്ടില്‍ ഇറങ്ങി കളിക്കുന്നതിനുള്ള സാധ്യതകള്‍ കുറയും. മറ്റൊരു ടീമില്‍ നിന്നും ഓഫറുകള്‍ വരാന്‍ തക്ക രീതിയില്‍ മികച്ച പ്രകടനം നടത്താനുള്ള അവസരവും ഈ ക്ലബുകളില്‍ നിന്നും ലഭിക്കില്ല. നമ്മുടെ കഴിവ് തെളിയിക്കാന്‍ അവസരം ലഭിക്കുമെന്ന ഉറപ്പുള്ള ക്ലബ് തിരഞ്ഞെടുക്കണം. 

സര്‍ക്കാരിന്റെ പ്രചോദനം

സന്തോഷ് ട്രോഫി ജയിച്ച കളിക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും എന്ന നിലയില്‍ നല്ലൊരു ഓഫര്‍ തന്നെയാണ് കേരള സര്‍ക്കാര്‍ മുന്നോട്ടു വെച്ചിരിക്കുന്നത്. സന്തോഷ് ട്രോഫി എല്ലാ വര്‍ഷവും നടക്കും. എന്നാല്‍ കപ്പടിക്കുക എന്നത് വല്ലപ്പോഴും മാത്രം ഉണ്ടാകുന്ന ഒന്നാണ്. കളിക്കുന്ന ഓരോരുത്തരുടേയും മനസില്‍ കപ്പടിക്കണം, അതുകൊണ്ട് ജോലി കിട്ടി ജീവിതം സുരക്ഷിതമാക്കണം എന്ന ചിന്ത വരും. അങ്ങിനെ വരുമ്പോള്‍ സര്‍ക്കാര്‍ ഇതിലൂടെ താരങ്ങള്‍ക്ക് പ്രചോദനം നല്‍കുക തന്നെയാണ് ചെയ്യുന്നതെന്നും അഫ്ദല്‍ പറയുന്നു.

സന്തോഷ് ട്രോഫിക്കും മുന്നെ അഫ്ദല്‍ പുലിയാണ്‌

ഇംഎസ്എല് മാമ്പാട് കോളെജിന്റെ മുന്നേറ്റ നിര താരമായിരുന്ന അഫ്ദല്‍ കാലിക്കറ്റ് സര്‍വകലാശാലയെ അഖിലേന്ത്യ ഇന്റര്‍ സര്‍വകലാശാല ചാമ്പ്യന്മാരാക്കിയായിരുന്നു വരവറിയിച്ചത്. ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും ഒലിപ്പുഴയിലെ വരിക്കോടന്‍ തറവാടിനോട് ചേര്‍ന്നുള്ള മൈതാനത്ത് പന്ത് തട്ടി വളര്‍ന്ന അഫ്ദലെന്ന ഇരുപത്തിയൊന്നുകാരന്‍ തന്നെയായിരുന്നു.

രണ്ട് ഹാട്രിക്കുകളോടെയായിരുന്നു അഫ്ദല്‍ കാലിക്കറ്റിനെ ചാമ്പ്യന്മാരാക്കുന്നതില്‍ മുന്നില്‍ നിന്നും തകര്‍ത്തു കളിച്ചത്. ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഗോളില്‍ ഇഎംഎസിന് വേണ്ടിയും അഫ്ദല്‍ ഇറങ്ങിയിരുന്നു. ആദ്യ മത്സരത്തില്‍ തന്നെ ഹാട്രിക് നേടിയായിരുന്നു അഫ്ദല്‍ അവിടേയും തിളങ്ങിയത്.


 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com