ഒത്തുകളി വിവാദം; ലോക കപ്പ്‌ നേടിയ സംഘത്തിലെ ഒരു ഇന്ത്യന്‍ താരം സംശയത്തിന്റെ നിഴലില്‍

കസ്റ്റഡിയിലെടുത്ത 14 പേരില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു
ഒത്തുകളി വിവാദം; ലോക കപ്പ്‌ നേടിയ സംഘത്തിലെ ഒരു ഇന്ത്യന്‍ താരം സംശയത്തിന്റെ നിഴലില്‍

2011ലെ ലോക കപ്പ്‌ നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന ഒരു താരം ഒത്തുകളി ആരോപണത്തിന്റെ നിഴലില്‍. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന രജ്പുത്താന പ്രീമിയര്‍ ലീഗ് ട്വിന്റി20 ടൂര്‍ണമെന്റില്‍ ഉയര്‍ന്ന ഒത്തുകളി ആരോപണത്തെ കുറിച്ച് അന്വേഷിക്കുന്നതിന് ഇടയിലാണ് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ച താരത്തിന് നേര്‍ക്ക് സംശയമുന നീളുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. 

രജ്പുതാന പ്രീമിയര്‍ ലീഗിനെ കുറിച്ചുയര്‍ന്ന ഒത്തുകളി ആരോപണം ആദ്യം ബിസിസിഐയുടെ അഴിമതി വിരുദ്ധ സുരക്ഷാ വിഭാഗം അന്വേഷിച്ചിരുന്നു. പിന്നീട് രാജസ്ഥാന്‍ പൊലീസിലെ സിഐഡി വിഭാഗവും ഒത്തുകളി ആരോപണം അന്വേഷിച്ചു. ഒരു പ്രമുഖ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് രജ്പുതാന പ്രീമിയര്‍ ലീഗില്‍ ഒത്തുകളിക്ക് ചുക്കാന്‍ പിടിച്ചവരുമായി ബിസിനസ് പങ്കാളിത്തമുണ്ടെന്ന രാജസ്ഥാന്‍ പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

ഒരു ഓവറില്‍ ഏഴ് വൈഡുകള്‍ എറിഞ്ഞ് അവസാന ഓവറില്‍ എട്ട് എക്സ്രാ റണ്‍സ് ഉള്‍പ്പെടെ നല്‍കിയായിരുന്നു ഈ ഒത്തുകളി നടന്നത്. ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത 14 പേരില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു. 

കസ്റ്റഡിയിലെടുത്തവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങി എങ്കിലും ഇവരുടെ ലാപ്‌ടോപ്പ്, വാക്കി ടോക്കി, മൊബൈല്‍ ഫോണ്‍ എന്നിവ പൊലീസ് പിടിച്ചെടുത്തിരുന്നു. രജ്പുതാന പ്രീമിയര്‍ ലീഗിലെ കളിക്കാര്‍, അമ്പയര്‍മാര്‍, സംഘാടകര്‍ എന്നിവരുള്‍പ്പെടെ പതിനാല് പേരെയായിരുന്നു രാജസ്ഥാന്‍ പൊലീസ് അറസ്റ്റ്് ചെയ്തിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com