അനസ് 400 മീറ്ററില്‍ നാലാമത്; ആവേശപ്പോരാട്ടത്തില്‍ ദേശീയ റെക്കോഡ് ഭേദിച്ചു

400 മീറ്റര്‍ ഫൈനലില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന മലയാളി താരം മുഹമ്മദ് അനസിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
അനസ് 400 മീറ്ററില്‍ നാലാമത്; ആവേശപ്പോരാട്ടത്തില്‍ ദേശീയ റെക്കോഡ് ഭേദിച്ചു

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് നിരാശ. 400 മീറ്റര്‍ ഫൈനലില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന മലയാളി താരം മുഹമ്മദ് അനസിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മില്‍ഖാ സിങ് കഴിഞ്ഞ് അമ്പതാണ്ടിന് ശേഷം കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഫൈനലില്‍ പ്രവേശിക്കുന്ന ഇന്ത്യന്‍ താരമെന്ന ബഹുമതി സ്വന്തമാക്കിയാണ് മുഹമ്മദ് അനസ് ട്രാക്കില്‍ കയറിയത്. മെഡല്‍ നേട്ടം നേരിയ വ്യത്യാസത്തില്‍ നഷ്ടപ്പെട്ടെങ്കിലും പുതിയ ദേശീയ റെക്കോഡ് സൃഷ്ടിച്ചായിരുന്നു അനസിന്റെ മടക്കം.

ആറാം ലെയ്‌നില്‍ ഓട്ടം തുടങ്ങിയ അനസ് അവസാന അമ്പത് മീറ്ററിലെ കുതിപ്പിലാണ് നാലാമതായത്. 45.31 സെക്കന്‍ഡിലാണ് അനസ് ഫിനിഷ് ചെയ്തത്. 44.35 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ബോട്‌സ്വാനയുടെ ഐസക്ക് മാക്വാലയ്ക്കാണ് സ്വര്‍ണം. 45.09 സെക്കന്‍ഡില്‍ ഓടിയെത്തിയ ബോട്‌സ്വാനയുടെ തന്നെ ബബൊലോക്കി തെബെയ്ക്കാണ് വെള്ളി. സീസണിലെ മികച്ച വ്യക്തിഗത സമയം കണ്ടെത്തിയ ജമൈക്കയുടെ ജവോന്‍ ഫ്രാന്‍സിസ് അനസിന് മുന്നില്‍ വെങ്കലം നേടി.

സ്വന്തം പേരിലുള്ള റെക്കോഡാണ് അനസ് 0.1 സെക്കന്‍ഡ് വ്യത്യാസത്തില്‍ മെച്ചപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം മെയില്‍ ഏഷ്യന്‍ ഗ്രാന്‍പ്രീ അത്‌ലറ്റിക്‌സ് കുറിച്ച 45.32 സെക്കന്‍ഡ്  എന്ന റെക്കോഡാണ് അനസ് തിരുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com