കോമണ്‍വെല്‍ത്ത് ഗെയിംസ്; പ്രതീക്ഷ തെറ്റിക്കാതെ സ്വര്‍ണത്തിലേക്കെത്തി സുശീല്‍ കുമാര്‍

74 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ തെറ്റിക്കാതെ സുശീല്‍ സ്വര്‍ണം നേടിയത്
കോമണ്‍വെല്‍ത്ത് ഗെയിംസ്; പ്രതീക്ഷ തെറ്റിക്കാതെ സ്വര്‍ണത്തിലേക്കെത്തി സുശീല്‍ കുമാര്‍

ഭാരദ്വഹനത്തിലൂടേയും, ഷൂട്ടിങ്ങിലൂടേയുമായിരുന്നു ആദ്യ ദിനങ്ങളിലെ സ്വര്‍ണ നേട്ടമെങ്കില്‍ എട്ടാം ദിവസം ഗുസ്തിയില്‍ തിളങ്ങുകയാണ് ഇന്ത്യന്‍ താരങ്ങള്‍. എട്ടാം ദിനം ഗുസ്തിയില്‍  ഗുസ്തില്‍ ബബിതയുടെ വെള്ളിയോടെ തുടങ്ങിയ ഇന്ത്യ സുശീല്‍ കുമാറിലൂടേയും, രാഹുല്‍ അവാരെയിലുടേയും സ്വര്‍ണത്തിലേക്കെത്തി. 

74 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ തെറ്റിക്കാതെ സുശീല്‍ സ്വര്‍ണം നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സുശീല്‍ നേടുന്ന മൂന്നാം സ്വര്‍ണമാണ് ഇത്. ദക്ഷിണാഫ്രിക്കയുടെ ജോഹന്നാസ് ബോതെയെ സാങ്കേതിക തികവ് നിറഞ്ഞ പ്രകടനത്തിലൂടെയായിരുന്നു സുശീല്‍ ഫൈനലില്‍ പരാജയപ്പെടുത്തിയത്. സുശീലിന്റെ ജയത്തോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം പതിനാലിലേക്കെത്തി.

സുശീല്‍ സ്വര്‍ണം നേടുന്നതിന് തൊട്ടുമുന്‍പായിരുന്നു ഗുസ്തിയില്‍ തന്നെ രാഹുല്‍ അവാരെയിലൂടെ ഇന്ത്യയ്ക്ക് പതിമൂന്നാം സ്വര്‍ണം ലഭിച്ചത്. 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലായിരുന്നു രാഹുലിന്റെ സ്വര്‍ണ നേട്ടം. 

പാക്കിസ്ഥാന്റെ മുഹമ്മദ് ബിലാലിനെ 12-8ന് സെമിയില്‍ പരാജയപ്പെടുത്തിയായിരുന്നു രാഹുല്‍ ഫൈനലിലേക്ക് എത്തിയത്. എന്നാല്‍ ഫൈനലിനേക്കാള്‍ രാഹുലിന് വെല്ലുവിളി നേരിട്ടത് സെമിയിലായിരുന്നു. വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ ബിലാല്‍ പൊരുതിയതോടെ ആവേശപ്പോരിന് ഒടുവിലായിരുന്നു രാഹുല്‍ സെമി കടന്നത്.

രാഹുലിന് മുന്നേ 53 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയ്ക്ക് വേണ്ടി ബബിത കുമാരി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ സ്വര്‍ണത്തിലേക്കുള്ള ബബിതയുടെ കുതിപ്പിന് കാനഡയുടെ ഡയാന വീക്കര്‍ തടയിടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com