ഞാന്‍ ഇപ്പോള്‍ വിരമിക്കേണ്ടിയിരുന്നില്ല; ബോള്‍ട്ടിന് ശേഷം വട്ടപൂജ്യമായി ജമൈക്ക

ഉസൈന്‍ ബോള്‍ട്ട് അടക്കി വാണിരുന്ന നൂറ് മീറ്ററില്‍ യോഹന്‍ ബ്ലേക്ക് ജമൈക്കയ്ക്ക് വേണ്ടി ഇറങ്ങിയിട്ടും കാര്യമൊന്നുമുണ്ടായിരുന്നില്ല
ഞാന്‍ ഇപ്പോള്‍ വിരമിക്കേണ്ടിയിരുന്നില്ല; ബോള്‍ട്ടിന് ശേഷം വട്ടപൂജ്യമായി ജമൈക്ക

കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയായ ഗോള്‍ഡ് കോസ്റ്റിലേക്ക് വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടും എത്തിയിരുന്നു. പക്ഷേ ട്രാക്കിലേക്കായിരുന്നില്ല. സിനിമാ താരങ്ങള്‍ക്കൊപ്പം നിന്നും തമാശകളിലേര്‍പ്പെട്ടും ബോള്‍ട്ട് ട്രാക്കിന് പുറത്തെ ജീവിതം ആഘോഷമാക്കുകയാണ്. എന്നാല്‍ ബോള്‍ട്ടില്ലാത്ത ജമൈക്കയുടെ കാര്യം അങ്ങിനെയല്ല. 

ട്രാക്കിലെ വേഗരാജാവ് കളം വിട്ടതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വട്ടപൂജ്യമായി ജമൈക്ക. ട്രാക്കില്‍ നിന്നും ഒരു സ്വര്‍ണം പോലും നേടാതെയാണ് ജമൈക്കന്‍ സംഘം മടങ്ങിയത്. ഉസൈന്‍ ബോള്‍ട്ട് അടക്കി വാണിരുന്ന നൂറ് മീറ്ററില്‍ യോഹന്‍ ബ്ലേക്ക് ജമൈക്കയ്ക്ക് വേണ്ടി ഇറങ്ങിയിട്ടും കാര്യമൊന്നുമുണ്ടായിരുന്നില്ല. ദക്ഷിണാഫ്രിക്കന്‍ താരം അകനി സിംമ്പിനിയുടെ മുന്നില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട ബ്ലേക്കിന് സ്വര്‍ണത്തിന് അടുത്തേക്ക് പോലും ഓടിയെത്തുവാനായില്ല. 

2011ല്‍ തുടക്കം പിഴച്ച് ബോള്‍ട്ട് പിന്മാറിയ ലോക ചാമ്പ്യന്‍ഷിപ്പില്‍ ബ്ലേക്ക് ഒന്നാമതേക്ക് എത്തിയിരുന്നു. എന്നാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലെ 100 മീറ്ററില്‍ മൂന്നാമത് ഓടിയെത്താനെ ബ്ലേക്കിന് സാധിച്ചുള്ളു. രണ്ട് ഒളിംപിക്‌സ് മെഡലുകള്‍ നേടിയ ജമൈക്കയുടെ വനിതാ താരം എലൈന്‍ തോമ്പസണിനും 200 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണത്തിലേക്ക് എത്താനായില്ല. 

എന്നാല്‍ കരീബിയന്‍ ദ്വീപായ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ നിന്നുമുള്ള ജമൈക്കയുടെ എതിരാളികളായ റിച്ചാര്‍ഡ്‌സന്‍ പുരുഷന്മാരുടെ 200 മീറ്ററില്‍ സ്വര്‍ണം നേടുകയും, ഇവിടെ നിന്നുമുള്ള വനിതാ താരം മിഷെല്ലെ ലീ 100 മീറ്ററില്‍ ജമൈക്കയെ പിന്തള്ളി സ്വര്‍ണത്തിലേക്ക് എത്തുകയും ചെയ്തു. 

എന്നാല്‍ ജമൈക്ക ഒരു തരത്തിലും പ്രതിസന്ധി നേരിടുന്നില്ലെന്നാണ് ജമൈക്കയുടെ ഒളിംപിക്‌സ് തലവന്‍ പറയുന്നത്. ജമൈക്കയുടെ പുതു തലമുറ ഓട്ടക്കാര്‍ ഉയര്‍ന്നു വരികയാണ്. ജൂണില്‍ അല്ലെങ്കില്‍ ജൂലൈയിലായിരിക്കും ജമൈക്കന്‍ താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുകയെന്നും ജമൈക്കന്‍ ഒളിംപിക്‌സ് ചീഫ് ക്രിസ്റ്റര്‍ സമുഡ പറയുന്നു. 

4*100 മീറ്റര്‍ റിലേയില്‍ ജമൈക്കന്‍ താരങ്ങളുടെ പ്രകടനത്തിന് ശേഷം എത്തിയ ബോള്‍ട്ടിന്റെ ട്വീറ്റ് തന്നെ ജമൈക്ക നേരിടുന്ന പ്രതിസന്ധി വ്യക്തമാക്കുന്നു. എനിക്കുള്ളില്‍ ചില ചോദ്യങ്ങള്‍ ഉടലെടുത്തു എന്നായിരുന്നു എട്ട് തവണ ഒളിംപിക്‌സ് ചാമ്പ്യനായ ബോള്‍ട്ട് ട്വീറ്റ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com