മെസിക്കും ക്രിസ്റ്റ്യാനോയ്ക്കും മുകളിലേക്കാണ് വരുന്നത്; ഇരുവര്‍ക്കും ശേഷം ബാലന്‍ ദി ഓറെന്ന നെയ്മറിന്റെ ലക്ഷ്യത്തിനും മുകളിലേക്കാണ് സല വരുന്നത് 

പ്രതികൂല സാഹചര്യങ്ങള്‍ നിറയുന്ന രാജ്യത്ത് നിന്നും ഉയര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാണെന്ന പ്രതീക്ഷ ഈജ്പിത്യന്‍ യുവാക്കളില്‍ നിറച്ചാണ് സല വലകുലുക്കി കൊണ്ടേയിരിക്കുന്നത്
മെസിക്കും ക്രിസ്റ്റ്യാനോയ്ക്കും മുകളിലേക്കാണ് വരുന്നത്; ഇരുവര്‍ക്കും ശേഷം ബാലന്‍ ദി ഓറെന്ന നെയ്മറിന്റെ ലക്ഷ്യത്തിനും മുകളിലേക്കാണ് സല വരുന്നത് 

ഓരോ തവണയും സല ഗോള്‍ വല ചലിപ്പിക്കുമ്പോഴും തെരുവുകളേയും നഗരങ്ങളേയും അത് ആരവത്തില്‍ മുക്കിയിരുന്നു. പക്ഷേ ഈ പറയുന്നത് ഏന്‍ഫീല്‍ഡിലെ മാത്രം കാര്യമല്ല. ലിവര്‍പൂളിന്റെ കാര്യവുമല്ല. സല ബൂട്ടണിഞ്ഞ് ഇറങ്ങുമ്പോള്‍ കെയ്‌റോ ഇങ്ങനെയാണ്. ഈജിപ്ത് മുഴുവനും സമാനമാണ് കാര്യങ്ങള്‍. 41 തവണ സല വല കുലുക്കിയപ്പോഴും തെരുവും നഗരവുമെല്ലാം ആരവാഘോഷത്തില്‍ മുങ്ങി. 

മെസി, ക്രിസ്റ്റിയാനോ എന്നീ രണ്ട് പേരുകള്‍ക്ക് ചുറ്റം കറങ്ങിയിരുന്ന ഫുട്‌ബോള്‍ ലോകത്തേക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു മുഹമ്മദ് സലയുടെ കടന്നു വരവ്. മെസിക്കും, ക്രിസ്റ്റ്യാനോയ്ക്കും പിന്നാലെ ബാലന്‍ ദി ഓര്‍ കയ്യടക്കുക നെയ്മറാകുമെന്ന വിലയിരുത്തലു കൂടി തെറ്റിച്ചായിരുന്നു സലയുടെ വരവ്. ഒരു സീസണ്‍ കൊണ്ട് തന്നെ സല വ്യക്തികത നേട്ടങ്ങള്‍ പലതും തന്റെ പേരിലാക്കി. ഇപ്പോള്‍ പ്രീമിയര്‍ ലീഗ് പ്ലേയര്‍ ഓഫ് ദി ഇയറായും സല മാറി. 

സീസണില്‍ 41 തവണയാണ് സല വലകുലുക്കിയത്. ഗോള്‍ഡന്‍ ബൂട്ടിലേക്കുള്ള കുതിപ്പില്‍ കെയിന്റെ രണ്ടാം മോഹത്തേ സ്വപ്‌നം മാത്രമായി നിലനിര്‍ത്തി സല പിന്നിലാക്കി കഴിഞ്ഞു. 10 വര്‍ഷം കൊണ്ട് മെസിയും, ക്രിസ്റ്റ്യാനോയും വളര്‍ന്ന നിലവാരത്തിലേക്ക് സല ഇപ്പോള്‍ തന്നെ എത്തിയിരിക്കുന്നു എന്നായിരുന്നു ലിവര്‍പൂള്‍ നായകന്‍ ഹെന്‍ഡേഴ്‌സന്റെ പ്രതികരണം. 

ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ റോമയെ നേരിടുന്നതിന് ദിവസങ്ങള്‍ മാത്രം മുന്‍പാണ് പ്രീമിയര്‍ ലീഗ് പ്ലേയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് സലയുടെ കൈകളിലേക്ക് എത്തുന്നത്. സലയ്ക്ക് മുന്‍പ് സുവാരസായിരുന്നു ലിവര്‍പൂളില്‍ നിന്നും പ്രീമിയര്‍ ലീഗ് പ്ലേയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയത്. 

ഈജിപ്തിലെ യുവാക്കള്‍ മുന്നില്‍ മാതൃകയായി വയ്ക്കുന്നത് ചുരുളന്‍മുടികൊണ്ട് തല നിറച്ച മൊ സലയെയാണ്. തെരുവികളുടെ ചുവരുകളില്‍ സലയുടെ മുഖം നിറഞ്ഞു കഴിഞ്ഞു. സലയ്ക്ക് വേണ്ടി യൂടൂബ് ചാനലുകളും ഒരുക്കി ഓരോ ഗോളിനായുമുള്ള കാത്തിരിപ്പിലാണ് അവര്‍. ഒന്നുമില്ലായ്മയില്‍ നിന്നും വളര്‍ന്നുവെന്നത് തന്നെയാണ് ഈജിപ്ത്യന്‍ യുവാക്കള്‍ക്ക് സലയെ അത്രമേല്‍ പ്രിയപ്പെട്ടതാക്കുന്നത്. 

ഈജിപ്തിന് ലോക കപ്പ് ഫുട്‌ബോളിനായി റഷ്യയിലേക്ക് പറക്കാന്‍ ചിറകു നല്‍കിയതും സലയോടുള്ള അവരുടെ സ്‌നേഹം ഇരട്ടിപ്പിക്കുന്നു. കോംഗോയ്‌ക്കെതിരെ സല നേടിയ പെനാല്‍റ്റി കൂടിയായിരുന്നു ഈജിപ്തിന്റെ ഹൃദയത്തോട് സലയെ കൂടുതല്‍ അടുപ്പിച്ചത്. 

ഈജിപ്ത് പ്രക്ഷുബ്ദമായി നിന്ന നാളുകളിലായിരുന്നു സലയുടെ വളര്‍ച്ച. 2011ല്‍ പ്രസിഡന്റ് മുബാറക്കിനെ സ്ഥാനഭ്രഷ്ടനാക്കുന്നതിനുള്ള പ്രക്ഷോഭം രാജ്യത്ത് സംഘര്‍ഷാവസ്ഥ നിറയ്ക്കുമ്പോഴായിരുന്നു സലയുടെ അതിജീവനവും, ജയവും. പ്രതികൂല സാഹചര്യങ്ങള്‍ നിറയുന്ന രാജ്യത്ത് നിന്നും ഉയര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാണെന്ന പ്രതീക്ഷ ഈജ്പിത്യന്‍ യുവാക്കളില്‍ നിറച്ചാണ് സല വലകുലുക്കി കൊണ്ടേയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com