ചരിത്ര ടെസ്റ്റിന് ഇന്ന് തുടക്കം; ആയിരാമത്തെ ടെസ്റ്റ് അവിസ്മരണീയമാക്കാന്‍ ഇംഗ്ലണ്ട്; പ്രതീക്ഷയോടെ ഇന്ത്യ

എഡ്ജ്ബാസ്റ്റണില്‍ ചരിത്ര ടെസ്റ്റിന് ഇന്ത്യയും ഇംഗ്ലണ്ടും ഇന്നിറങ്ങും. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ആയിരാമത്തെ ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടമെന്ന റെക്കോര്‍ഡില്‍ ഇതോടെ ഇന്ത്യയും പങ്കാളിയാകും
ചരിത്ര ടെസ്റ്റിന് ഇന്ന് തുടക്കം; ആയിരാമത്തെ ടെസ്റ്റ് അവിസ്മരണീയമാക്കാന്‍ ഇംഗ്ലണ്ട്; പ്രതീക്ഷയോടെ ഇന്ത്യ

ബിര്‍മിങ്ങ്ഹാം: എഡ്ജ്ബാസ്റ്റണില്‍ ചരിത്ര ടെസ്റ്റിന് ഇന്ത്യയും ഇംഗ്ലണ്ടും ഇന്നിറങ്ങും. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ആയിരാമത്തെ ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടമെന്ന റെക്കോര്‍ഡില്‍ ഇതോടെ ഇന്ത്യയും പങ്കാളിയാകും. വിജയത്തോടെ ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഉജ്ജ്വല തുടക്കം കുറിക്കാനുള്ള ലക്ഷ്യം മുന്നില്‍ കണ്ടാണ് കോഹ്‌ലിയും കൂട്ടരും ഇന്ന് ഇറങ്ങുന്നത്. എക്കാലത്തും ഇന്ത്യക്കാരെ ബുദ്ധിമുട്ടിച്ചിട്ടുള്ള പിച്ചില്‍ ചരിത്രത്തിലേക്ക് രേഖപ്പെടുത്താനൊരുങ്ങുന്ന മത്സരം വിജയിക്കുകയാണ് ഇന്ത്യ മുന്നില്‍ കാണുന്നത്. അതേസമയം തങ്ങളുടെ ആയിരാമത്തെ ടെസ്റ്റ് അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ജോ റൂട്ടിന്റെ ഇംഗ്ലീഷ് പട. ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന് കളി തുടങ്ങും.

എഡ്ജ്ബാസ്റ്റണില്‍ ആതിഥേയരായ ഇംഗ്ലണ്ട് ഇതുവരെ ഇന്ത്യക്ക് കീഴടങ്ങിയിട്ടില്ല. ഇവിടെ കളിച്ച ആറ്് ടെസ്റ്റില്‍ അഞ്ചിലും ഇന്ത്യ തോല്‍വിയറിഞ്ഞു. ഒരിക്കലും ജയിക്കാത്ത പിച്ചില്‍ ഇത്തവണ വിജയപ്പടവുകള്‍ കയറാമെന്ന വിശ്വാസത്തിലാണ് കോഹ്‌ലിയും കൂട്ടരും.
2011 ലാണ് ഇന്ത്യ അവസാനമായി എഡ്ജ്ബാസ്റ്റണില്‍ ടെസ്റ്റ് കളിച്ചത്. അന്ന് അലിസ്റ്റര്‍ കുക്കിന്റെ മാസ്റ്റര്‍ ക്ലാസ് ബാറ്റിങ്ങിന് മുന്നില്‍ ഇന്ത്യ കീഴടങ്ങി. ധോണി ക്യാപ്റ്റനായ ടീം ഒരിന്നിങ്ങ്‌സിനും 242 റണ്‍സിനുമാണ് തോറ്റത്. എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ട് പുലിയാണ്. ഇന്ത്യ മാത്രമല്ല മറ്റ് ടീമുകളും ഇവിടെ ആതിഥേയര്‍ക്ക് മുന്നില്‍ തകര്‍ന്നിട്ടുണ്ട്. 2005നു ശേഷം ഇവിടെ കളിച്ച പത്ത് ടെസ്റ്റുകളില്‍ ഏഴെണ്ണത്തിലും ഇംഗ്ലണ്ട് വിജയക്കൊടി പാറിച്ചു. ഒന്നില്‍ മാത്രമാണ് തോറ്റത്. രണ്ട് മത്സരങ്ങള്‍ സമനിലയായി.

വിരാട്് കോഹ്‌ലിയിലാണ് ഇന്ത്യന്‍ പ്രതീക്ഷ. കഴിഞ്ഞ തവണ ഇംഗ്ലണ്ട് പര്യടനത്തില്‍ തകര്‍ന്നു പോയ കോഹ്‌ലിക്ക് ഇത്തവണ പലതും തെളിയിക്കേണ്ടതുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളെന്ന പെരുമ സ്വന്തമായുള്ള കോഹ്‌ലി ഏകദിന പരമ്പരയില്‍ തകര്‍ത്തു കളിച്ചു. മുരളി വിജയ്, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, കെ.എല്‍ രാഹുല്‍ എന്നിവരും അണിനിരക്കുന്ന ഇന്ത്യന്‍ ബാറ്റിങ്ങ് നിര ശക്തമാണ്. എന്നാല്‍ സ്വിങിനെയും പേസിനെയും തുണയ്ക്കുന്ന പിച്ചില്‍ ബാറ്റ്‌സ്മാന്‍മാര്‍ മികവ് പുലര്‍ത്തുന്നതിനനുസരിച്ചാണ് ഇന്ത്യന്‍ മുന്നേറ്റം.

പരുക്കേറ്റ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുമ്‌റ എന്നിവരില്ലെങ്കിലും ഇന്ത്യന്‍ ബൗളിങ്ങ് നിര ശക്തമാണ്. ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരാണ് പേസിലെ ശക്തി. രവീന്ദ്ര ജഡേജയും ആര്‍ അശ്വിന്‍, പുതുമുഖം കുല്‍ദീപ് യാദവ് എന്നിവരാണ് സ്പിന്നിനെ നയിക്കുന്നത്.

പരിചയ സമ്പന്നനും മുന്‍ ഇംഗ്ലീഷ് നായകനുമായ അലിസ്റ്റര്‍ കുക്കാണ് എഡ്ജ്ബാസ്റ്റണിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരന്‍. ഒന്‍പത് മത്സരങ്ങളിലായി 856 റണ്‍സാണ് ഈ പിച്ചില്‍ മുന്‍ ഇംഗ്ലീഷ് നായകന്‍ അടിച്ചെടുത്തത്. 2011 ല്‍ ഇന്ത്യക്കെതിരെ 294 റണ്‍സ് എടുത്ത കുക്ക് ഇത്തവണയും ടീമിലുണ്ട്. ഏകദിനത്തില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടി ഇന്ത്യയില്‍ നിന്ന് പരമ്പര തട്ടിപ്പറിച്ചെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങിനെ നയിക്കുന്നത്. ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്ട്‌ലര്‍, ബെന്‍ സ്‌റ്റോക്ക്‌സ് തുടങ്ങിയവരാണ് ഇംഗ്ലീഷ് നിരയിലെ മികച്ച ബാറ്റ്‌സ്മാന്മാര്‍. 

ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളര്‍ ജെയിംസ് ആഡേഴ്‌സനാണ് ഇംഗ്ലണ്ടിന്റെ പേസ് നിരയെ നയിക്കുന്നത്. കഴിഞ്ഞ പര്യടനത്തില്‍ പത്ത്് ഇന്നിങ്ങ്‌സുകളില്‍ നാലു തവണയും കോഹ്‌ലി ആന്‍ഡേഴ്‌സന് മുന്നിലാണ് അടിയറവ് പറഞ്ഞത്. സ്റ്റുവര്‍ട്ട് ബ്രോഡും ആന്‍ഡേഴ്‌സന് മികച്ച പിന്തുണ നല്‍കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com