മെസിയടക്കമുള്ള സൂപ്പര്‍ താരങ്ങളെ പരിശീലിപ്പിച്ച ഹോസപ്പ് ഗോംബു വരുന്നു ഡല്‍ഹി ഡൈനാമോസിലേക്ക്

മുന്‍ ബാഴ്‌സലോണ യൂത്ത് ടീം പരിശീലകന്‍ ഹോസപ്പ് ഗോംബു ഐ.എസ്.എല്‍ ടീമായ ഡല്‍ഹി ഡൈനാമോസിനെ പരിശീലിപ്പിക്കാനെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍
മെസിയടക്കമുള്ള സൂപ്പര്‍ താരങ്ങളെ പരിശീലിപ്പിച്ച ഹോസപ്പ് ഗോംബു വരുന്നു ഡല്‍ഹി ഡൈനാമോസിലേക്ക്

മുന്‍ ബാഴ്‌സലോണ യൂത്ത് ടീം പരിശീലകന്‍ ഹോസപ്പ് ഗോംബു ഐ.എസ്.എല്‍ ടീമായ ഡല്‍ഹി ഡൈനാമോസിനെ പരിശീലിപ്പിക്കാനെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. 25 വര്‍ഷമായി പരിശീലകനായി രംഗത്തുള്ള ഗോംബുവിന്റെ വരവ് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. 2003 മുതല്‍ ആറ് വര്‍ഷം ഗോംബു ബാഴ്‌സലോണ യൂത്ത് ടീമിന്റ കോച്ചായിരുന്നു. മെസിയടക്കമുളള താരങ്ങളെ ബാഴ്‌സലോണ സീനിയര്‍ ടീമിലേക്കായി ഒരുക്കിയെടുക്കുന്നതില്‍ ഗോംബു വലിയ പങ്കാണ് വഹിച്ചത്. നിലവില്‍ ഓസ്‌ട്രേലിയന്‍ ദേശീയ ടീമിന്റെ സഹ പരിശീലകനാണ് ഗോംബു.

എസ്പാന്യോള്‍ യൂത്ത് ടീം, ഓസ്‌ട്രേലിയന്‍ ക്ലബ് അഡലെയ്ഡ് യുനൈറ്റഡ്, വെസ്‌റ്റേണ്‍ സിഡ്‌നി വാണ്ടറേഴ്‌സ്, ഓസ്‌ട്രേലിയന്‍ അണ്ടര്‍ 23, ഹോങ്കോങ് ജയ്ന്റ് കിചീ എസ്.സി ടീമുകളേയും ഗോംബു പരിശീലിപ്പിച്ചിട്ടുണ്ട്. പന്തടക്കത്തിലൂന്നിയ ആക്രമണ ഫുട്‌ബോളിന്റെ വക്താവായ ഗോംബു ഹോങ്കോങ് കിചീയെ നാല് സീസണുകളില്‍ അഞ്ച് കിരീടത്തിലേക്ക് നയിച്ചിട്ടുണ്ട്. അഡ്‌ലെയ്ഡ് യുനൈറ്റഡിനൊപ്പം എഫ്.എഫ്.എ കപ്പും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 42കാരനായ ബാഴ്‌സ കോച്ചിന്റെ വരവ് വരാനിരിക്കുന്ന ഐ.എസ്.എല്‍ സീസണിനെ ആവേശകരമാകുമെന്ന് ഉറപ്പിക്കാം. 

കഴിഞ്ഞ സീസണില്‍ ടീമിന്റെ പരിശീലകനായിരുന്ന മിഗ്വെയില്‍ ഏഞ്ചല്‍ പോര്‍ച്ചുഗല്‍ ഇത്തവണ സ്ഥാനം ഒഴിഞ്ഞിരുന്നു. നിലവില്‍ ഡല്‍ഹി ടീമിന് പരിശീലകരാരും ഇല്ല. 

തങ്ങളുടെ സോഷ്യല്‍ മീഡിയ അകൗണ്ടുകളില്‍ ഗോംബുവിന്റെ വരവിന്റെ സൂചന ഡല്‍ഹി ടീം നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com