ഇതാ മറ്റൊരു ബുഫണ്‍; പാട്ടുപാടി സഹ താരങ്ങളുടെ കൈയടി വാങ്ങി ഇറ്റാലിയന്‍ ഇതിഹാസം

ഇതാ മറ്റൊരു ബുഫണ്‍; പാട്ടുപാടി സഹ താരങ്ങളുടെ കൈയടി വാങ്ങി ഇറ്റാലിയന്‍ ഇതിഹാസം

എന്നാല്‍ ബുഫണിന്റെ മറ്റൊരു മുഖമാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധയിലേക്കെത്തുന്നത്

വിശേഷണങ്ങള്‍ക്കൊക്കെ അപ്പുറമാണ് ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ഇതിഹാസം ജിയാന്‍ലൂയി ബുഫണ്‍. മൈതാനത്തെ മാന്യമായ പെരുമാറ്റവും പ്രകടന മികവും കൊണ്ട് ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയം കീഴടക്കിയ അതികായനാണ് അദ്ദേഹം. ഇറ്റലിക്കൊപ്പം ലോകകപ്പ് കിരീടമടക്കം സ്വന്തമാക്കിയ ബുഫണ്‍ 17 വര്‍ഷക്കാലം ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്റസിന്റെ ഗോള്‍ വല കാത്ത് കഴിഞ്ഞ സീസണ്‍ അവസാനത്തോടെ ടീമിന്റെ പടിയിറങ്ങി. 

40 വയസിലെത്തിയിട്ടും മൈതാനത്ത് അദ്ദേഹം ചെറുപ്പം തന്നെ. ഫുട്‌ബോള്‍ താരത്തെ സംബന്ധിച്ച് 40 വയസ് കളിക്കാരന്റെ കരിയര്‍ അവസാനിപ്പിച്ച് പരിശീലക വേഷമടക്കമുള്ള ഇതര മേഖലകളിലേക്ക് ചേക്കേറേണ്ട സമയമാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ അതിനും ബുഫണ്‍ അപവാദമാണ്. യുവന്റസിന്റെ പടിയിറങ്ങി താരം നേരെ പോയത് ഫ്രാന്‍സിലേക്കാണ്. ഫ്രഞ്ച് ലീഗ് വണ്‍ ചാംപ്യന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്‌ന്റെ ഗോള്‍ കീപ്പറാണ് ഇപ്പോള്‍ വെറ്ററന്‍ താരം. ലക്ഷ്യം കരിയറിലെ ഇതുവരെ സ്വന്തമാക്കാന്‍ സാധിക്കാത്ത ചാംപ്യന്‍സ് ലീഗ് കിരീടം. കരിയറിന്റെ സായഹ്നത്തിലെത്തി നില്‍ക്കുന്ന ബുഫണ്‍ ആദ്യമായാണ് ഇറ്റലിക്ക് പുറത്തുള്ള ഒരു ടീമില്‍ കളിക്കുന്നതും. 

സഹ താരങ്ങളോടും എതിരാളികളോടുമൊക്കെ അനുഭാവപൂര്‍വം പെരുമാറുന്ന ബുഫണിനെ നാം എത്രയോ തവണയായി കാണുന്നു. എന്നാല്‍ ബുഫണിന്റെ മറ്റൊരു മുഖമാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധയിലേക്കെത്തുന്നത്. മറ്റൊന്നുമല്ല. പി.എസ്.ജി ടീമിന്റെ ഡൈനിങ് റൂമില്‍ സഹ താരങ്ങള്‍ക്കായി കലാ പ്രകടനം നടത്തുന്ന ബുഫണിന്റെ ഒരു വീഡിയോ ക്ലിപ്പാണത്. 

കൂളിങ് ഗ്ലാസ് വച്ച് ഡൈനിങ് റൂമിലെ കസേരകളിലൊന്നില്‍ കയറി നിന്ന് കൈകളുയര്‍ത്തി അഭിനയിച്ച് പാട്ടുപാടുന്ന ബുഫണിന്റെ പ്രകടനം സഹ താരങ്ങളില്‍ ചിരി പടര്‍ത്തി. പാട്ടിനെ നെയ്മറടക്കമുള്ള താരങ്ങള്‍ വന്‍ കൈയടിയോടെ സ്വീകരിക്കുകയും ചെയ്തു. എന്തായാലും ഇതിഹാസ താരത്തിന്റെ ജഡകളൊന്നുമില്ലാതെ ഒരു കൊച്ചു കുഞ്ഞിനെ പോലെ നിഷ്‌കളങ്കമായി പെരുമാറുന്ന ബുഫണിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com