എന്തും സംഭവിക്കാം; കോഹ്‌ലിയുണ്ട് ക്രീസില്‍; ഇന്ത്യക്ക് വിജയത്തിലേക്ക് 84 റണ്‍സ് കൂടി 

ഇന്ത്യക്കും വിജയത്തിനും ഇടയില്‍ അഞ്ച് വിക്കറ്റുകളും 84 റണ്‍സും ബാക്കി
എന്തും സംഭവിക്കാം; കോഹ്‌ലിയുണ്ട് ക്രീസില്‍; ഇന്ത്യക്ക് വിജയത്തിലേക്ക് 84 റണ്‍സ് കൂടി 

ബര്‍മിങ്ഹാം: ഇന്ത്യക്കും വിജയത്തിനും ഇടയില്‍ അഞ്ച് വിക്കറ്റുകളും 84 റണ്‍സും ബാക്കി. ഒന്നാം ഇന്നിങ്‌സില്‍ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായ നായകന്‍ വിരാട് കോഹ്‌ലിയും മികച്ച പിന്തുണയുമായി ദിനേഷ് കാര്‍ത്തികും ക്രീസില്‍ നില്‍ക്കുന്നത് ആശ്വാസം. ഇംഗ്ലണ്ടിന്റെ ആയിരാം ടെസ്റ്റ് പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നു.  

സ്‌കോര്‍: ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് 287, രണ്ടാം ഇന്നിങ്‌സ് 180, ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 274, രണ്ടാം ഇന്നിങ്‌സ് അഞ്ചിന് 110.

194 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 110 റണ്‍സ് എന്ന നിലയിലാണ്. ഒരു ഘട്ടത്തില്‍ തകര്‍ച്ചയെ നേരിട്ട ഇന്ത്യയെ അറാം വിക്കറ്റില്‍ ഒന്നുചേര്‍ന്ന കോഹ്‌ലി- കാര്‍ത്തിക് സഖ്യം മുന്നോട്ട് നയിച്ചതോടെയാണ് കളി ആവേശകരമായ അവസ്ഥയിലേക്ക് നീങ്ങിയത്. 

മുന്‍നിര തകര്‍ന്നപ്പോള്‍ ഒരറ്റത്ത് ഉറച്ചുനിന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 76 പന്തുകള്‍ നേരിട്ട് മൂന്നു ബൗണ്ടറികള്‍ ഉള്‍പ്പെടെ 43 റണ്‍സെടുത്ത് ക്രീസില്‍ തുടരുന്നു. 44 പന്തില്‍ 18 റണ്‍സ് നേടിയ ദിനേഷ് കാര്‍ത്തികാണ് നായകന് കൂട്ട്. പിരിയാത്ത ആറാം വിക്കറ്റില്‍ ഇരുവരും ഇതുവരെ 32 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. മുരളി വിജയ് (ആറ്), ശിഖര്‍ ധവാന്‍ (13) എന്നിവരെ പുറത്താക്കിയ സ്റ്റുവര്‍ട്ട് ബ്രോഡാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ തകര്‍ച്ചയ്ക്കു തുടക്കമിട്ടത്. പിന്നാലെ ലോകേഷ് രാഹുലിനെ (13) ബെന്‍ സ്‌റ്റോക്‌സും വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയെ (രണ്ട്) സാം കുറാനും അശ്വിനെ ആന്‍ഡേഴ്‌സനും (13) പുറത്താക്കി. 

നേരത്തെ ഇന്ത്യയ്ക്കായി ഇഷാന്ത് ശര്‍മ നടത്തിയ അഞ്ചു വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 13 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുള്‍പ്പെടെ 22 റണ്‍സ് ലീഡുമായി മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 180 റണ്‍സിന് പുറത്തായി. 21 ഓവറില്‍ 51 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മയാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ മികച്ചുനിന്നു. ഇഷാന്തിന്റെ എട്ടാം അഞ്ചു വിക്കറ്റ് നേട്ടമാണിത്. അശ്വിന്‍ മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റും വീഴ്ത്തി.

രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന സാം കുറാന്‍ അര്‍ധ സെഞ്ച്വറി നേടി. കുറാന്‍ 65 പന്തില്‍ ഒന്‍പതു ബൗണ്ടറിയും രണ്ടു സിക്‌സും ഉള്‍പ്പെടെ 63 റണ്‍സെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com