മെസിക്കും സുവാരസിനുമൊപ്പം ഇനി ചിലിയന്‍ കൗശലങ്ങളും; ആര്‍തുറോ വിദാല്‍ ബാഴ്‌സലോണയില്‍

ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന്റെ ചിലിയന്‍ താരം ആര്‍തുറോ വിദാല്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍
മെസിക്കും സുവാരസിനുമൊപ്പം ഇനി ചിലിയന്‍ കൗശലങ്ങളും; ആര്‍തുറോ വിദാല്‍ ബാഴ്‌സലോണയില്‍

മാഡ്രിഡ്: ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന്റെ ചിലിയന്‍ താരം ആര്‍തുറോ വിദാല്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍. ബയേണുമായി താരത്തെ സ്വന്തമാക്കുന്നത് സംബന്ധിച്ച് തീരുമാനമായതായി ബാഴ്‌സലോണ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ സ്ഥിരീകരിച്ചു. രണ്ട് കോടി എഴുപത് ലക്ഷം പൗണ്ടിനാണ് വിദാല്‍ ബാഴ്‌സയിലേക്കെത്തുന്നത്. മൂന്ന് വര്‍ഷത്തെ കരാറിലാണ് ജര്‍മന്‍ ടീമില്‍ നിന്ന് ചിലിയന്‍ താരം സ്പാനിഷ് ടീമിലേക്ക് ചേക്കേറുന്നത്. 

ഈ സീസണില്‍ ബാഴ്‌സലോണയിലേക്കെത്തുന്ന നാലാമത്തെ താരമാണ് വിദാല്‍. മാല്‍ക്കം, ആര്‍തുര്‍, ക്ലെമന്റ് ലെംഗ്‌ലറ്റ് എന്നിവരാണ് നേരത്തെ ടീമിലെത്തിയത്. 

ആന്ദ്രെ ഇനിയെസ്റ്റ പടിയിറങ്ങിയതും കഴിഞ്ഞ സീസണില്‍ മികവ് പുലര്‍ത്തിയ പൗലീഞ്ഞോ ചൈനീസ് ലീഗിലേക്ക് തിരികെ പോയതും ബാഴ്‌സയുടെ മധ്യനിരയ്ക്ക് ക്ഷീണമായി നില്‍ക്കുന്നുണ്ട്. അതിനുള്ള പരിഹാരമെന്ന നിലയ്ക്കാണ് പരിചയ സമ്പന്നനായ വിദാലിനെ സ്വന്തമാക്കിയതിലൂടെ ബാഴ്‌സ ലക്ഷ്യമിട്ടത്. 

2015ല്‍ ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്റസില്‍ നിന്നാണ് വിദാല്‍ ബയേണിലേക്കെത്തിയത്. താരത്തിനായി ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനും ശക്തമായി രംഗത്തുണ്ടായിരുന്നെങ്കിലും വിദാല്‍ ബാഴ്‌സലോണയിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ബയേണ്‍ മ്യൂണിക്കിനൊപ്പം മൂന്ന് തവണ ബുണ്ടസ് ലീഗ കിരീടം സ്വന്തമാക്കിയാണ് വിദാല്‍ നൗ കാമ്പിലേക്കെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com