പൊന്നില്ലാതെ സിന്ധു; വീണ്ടും ഫൈനലില്‍ തോല്‍വി; ലോക ബാഡ്മിന്റണില്‍ വെള്ളി

ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയുടെ പി.വി സിന്ധുവിനെ കീഴടക്കി കരോലിന മരിന്‍ സ്വര്‍ണം സ്വന്തമാക്കി
പൊന്നില്ലാതെ സിന്ധു; വീണ്ടും ഫൈനലില്‍ തോല്‍വി; ലോക ബാഡ്മിന്റണില്‍ വെള്ളി

നാന്‍ജിങ് (ചൈന): വീണ്ടും ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് തോല്‍വി. വനിതാ സിംഗിള്‍സില്‍ ഒരിക്കല്‍ക്കൂടി സുവര്‍ണ പ്രതീക്ഷ സമ്മാനിച്ച് ഫൈനലിലെത്തിയ പി.വി സിന്ധു കലാശപ്പോരില്‍ സ്പാനിഷ് താരവും ഒളിമ്പിക് സ്വര്‍ണ മെഡല്‍  ജേത്രിയുമായ കരോലിന മരിനോട് പരാജയപ്പെടുകയായിരുന്നു. ലോക ബാഡ്മിന്റണ്‍ വേദിയിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണത്തിനായുള്ള കാത്തിരിപ്പു നീളുന്നു. നിര്‍ണായക സമയത്ത് മികവിന്റെ ഔന്നത്യത്തിലേക്ക് ഉയര്‍ന്ന മരിന്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിനെ കീഴടക്കിയത്. സ്‌കോര്‍: 21- 19, 21- 10. 

കഴിഞ്ഞ വര്‍ഷവും ഫൈനലില്‍ തോറ്റ സിന്ധു തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് വെള്ളി നേടുന്നത്. കഴിഞ്ഞ തവണ ഫൈനലില്‍ പരാജയപ്പെടുത്തിയ ജപ്പാന്‍ നൊസോമി ഒകുഹാരയെ ഇത്തവണ സെമിയില്‍  വീഴ്ത്തിയാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്നത്. എന്നാല്‍ ഫൈനലില്‍  ഇന്ത്യന്‍ താരത്തിന്റെ കണക്കുകൂട്ടലുകള്‍ അസ്ഥാനത്തായി. 

ആദ്യ സെറ്റ്  ഇഞ്ചോടിഞ്ച് പൊരുതി കീഴടങ്ങിയ സിന്ധുവിനെ രണ്ടാം സെറ്റില്‍ മരിന്‍ തീര്‍ത്തും നിഷ്പ്രഭമാക്കി. റിയോ ഒളിമ്പിക്‌സിലും വനിതാ സിംഗിള്‍സ് ഫൈനലില്‍ സിന്ധുവിനെ വീഴ്ത്തിയാണ് മരിന്‍ സ്വര്‍ണം നേടിയത്. ആ സ്വര്‍ണ നഷ്ടത്തിന് ഇവിടെ പകരം വീട്ടാനിറങ്ങിയ സിന്ധുവിനെ മത്സരം പുരോഗമിക്കവേ സ്പാനിഷ് താരം ചിത്രത്തില്‍ നിന്നേ മായ്ച്ചുകളഞ്ഞു. 

ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ മരിന്റെ മൂന്നാം സ്വര്‍ണമാണിത്. നേരത്തെ 2014, 2015 വര്‍ഷങ്ങളിലും സ്പാനിഷ് താരം ലോക ജേത്രിയായിരുന്നു. 2015ല്‍ സൈന നേഹ്‌വാളിനെ കീഴടക്കിയായിരുന്നു മരിന്റെ സുവര്‍ണ നേട്ടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com