ബാഴ്‌സയേയും അവന്‍ എത്തിപ്പിടിച്ചു,പക്ഷേ അരപ്പട്ടിണി മുഴുപ്പട്ടിണിയിലെത്തി പ്രതിരോധം തീര്‍ക്കുന്നു

2014ല്‍ ഹൈദരാബാദില്‍ നടന്ന സെലക്ഷന്‍ ട്രയലിലൂടെ ദേവസൂര്യന് ഡല്‍ഹിയിലെ ബാഴ്‌സ അക്കാദമിയിലേക്ക് പ്രവേശനം ലഭിച്ചു
ബാഴ്‌സയേയും അവന്‍ എത്തിപ്പിടിച്ചു,പക്ഷേ അരപ്പട്ടിണി മുഴുപ്പട്ടിണിയിലെത്തി പ്രതിരോധം തീര്‍ക്കുന്നു

ഒറ്റ ജഗ്ലിങ് 294 വരെ പോകും. പ്രതിരോധ നിരയെ കബളിപ്പിച്ച് ഗോള്‍ വല കുലുക്കുന്നതിലും മിടുക്കന്‍. പക്ഷേ അരപട്ടിണിയില്‍ നിന്നും മുഴുപട്ടിണിയിലേക്ക് പോകുമ്പോള്‍ ഇവര്‍ക്ക് ഫുട്‌ബോള്‍ മറന്നേ മതിയാവൂ...

മൈതാനത്ത് കല്‍പന്തിന്റെ സൗന്ദര്യം നിറച്ച് ഏവരേയും വിസ്മിയിപ്പിച്ചായിരുന്നു ദേവസൂര്യന്റെ കുതിപ്പ്. ആ കുതിപ്പ് ബാഴ്‌സലോണയുടെ അക്കാദമി വരെ എത്തി. പക്ഷേ കഴിവുണ്ടായിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പേരില്‍ സ്വപ്‌നങ്ങളെയെല്ലാം മറക്കേണ്ട അവസ്ഥയിലാണ് ഓട്ടോ ഡ്രൈവറായ മാള പൂപ്പത്തി സ്വദേശി ശിവകുമാറിന്റെ മകന്‍ ദേവസൂര്യന്. 

2014ല്‍ ഹൈദരാബാദില്‍ നടന്ന സെലക്ഷന്‍ ട്രയലിലൂടെ ദേവസൂര്യന് ഡല്‍ഹിയിലെ ബാഴ്‌സ അക്കാദമിയിലേക്ക് പ്രവേശനം ലഭിച്ചു. അന്ന് എട്ട് വയസായിരുന്നു ദേവസൂര്യന്റെ പ്രായം. ക്ലബിന്റെ മുഖ്യ പരിശീലകന്‍ ആയിരുന്ന ജോസഫ് മോരാട്ടാലയാണ് ദേവസൂര്യനെ തെരഞ്ഞെടുത്തത്. 

അതോടെ ദേവസൂര്യനും കുടുംബവും ഡല്‍ഹിയിലേക്ക് കൂടുമാറി. പക്ഷേ വീട്ടുവാടകയും സ്‌കൂള്‍ ഫീസുമെല്ലാം താങ്ങാനാവാതെ വന്നതോടെ ദേവസൂര്യന് ബാഴ്‌സ അക്കാദമിയിലെ പരിശീലനം ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നു. എങ്കിലും ഫുട്‌ബോള്‍ മോഹം ഉപേക്ഷിക്കാതിരുന്ന ദേവസൂര്യനും അച്ഛനും ബംഗളൂരു എഫ്‌സിയില്‍ പ്രവേശനം നേടി. 

കൂടുംബം ബംഗളൂരുവിലേക്ക് കൂടുമാറുകയും ചെയ്തു. ബംഗളൂരുവില്‍ ശിവകുമാര്‍ ഓട്ടോ വാടകയ്ക്ക് എടുത്ത് ഓടിച്ച് സാമ്പത്തിക  ബുദ്ധിമുട്ട് മറികടക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ഫുട്‌ബോളില്‍ മകനുള്ള കഴിവുകള്‍ക്ക് നേരെ കണ്ണടച്ച് ഫുട്‌ബോള്‍ മോഹം ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണ് ഈ കുടുംബം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com