ബൗളര്‍മാര്‍ക്ക് 'ഷോട്ട് ക്ലോക്കും പ്രോട്ടക്ഷന്‍ ഗിയറും' വരുന്നു; ക്രിക്കറ്റില്‍ പുതിയ പരിഷ്‌കാരങ്ങള്‍  

ബൗളര്‍മാരുടെ സംരക്ഷണമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം തലപുകഞ്ഞു ആലോചിക്കുന്ന ഒരു പ്രധാനകാര്യം
ബൗളര്‍മാര്‍ക്ക് 'ഷോട്ട് ക്ലോക്കും പ്രോട്ടക്ഷന്‍ ഗിയറും' വരുന്നു; ക്രിക്കറ്റില്‍ പുതിയ പരിഷ്‌കാരങ്ങള്‍  

ഏത് കായിക ഇനമാണൈങ്കിലും മാറ്റം അനിവാര്യമാണ്.ക്രിക്കറ്റിനും ഇതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ബൗളര്‍മാരുടെ സംരക്ഷണമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം തലപുകഞ്ഞു ആലോചിക്കുന്ന ഒരു പ്രധാനകാര്യം. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ 100 പന്തുകളുടെ ഒരു ഫോര്‍മാറ്റ് കൂടി അവതരിപ്പിക്കുന്നതിന്റെ സാധ്യതകളും പരിശോധിക്കുന്നുണ്ട്. ഒരു ബൗളര്‍ക്ക് ഒരു ഓവര്‍ എറിയാന്‍ എടുക്കുന്ന സമയത്തിന് പരിധി നിശ്ചയിക്കുന്നതും ക്രിക്കറ്റ് ലോകം ഗൗരവമായി ചിന്തിക്കുകയാണ്. 

നിലവില്‍ ക്രിക്കറ്റ് കളിയില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കും, ഫീല്‍ഡര്‍മാര്‍ക്കും ആവശ്യത്തിന് സംരക്ഷണം ലഭിക്കുന്നുണ്ട്. സമാനമായ നിലയില്‍ ബൗളര്‍മാര്‍ക്ക് എങ്ങനെ സംരക്ഷണം ഉറപ്പുവരുത്താമെന്നാണ് മുഖ്യമായി ആലോചിക്കുന്നത്. അടുത്തിടെ സ്‌ട്രെയിറ്റ് ഡ്രൈവില്‍ ഒരു ബൗളര്‍ക്ക് പരിക്കേറ്റതാണ് ഇത്തരത്തില്‍ ചിന്തിക്കാന്‍ എംസിസി ക്രിക്കറ്റ് കമ്മിറ്റിയെ പ്രേരിപ്പിച്ചത്. എംസിസിയുടെ രണ്ടുദിവസം നീണ്ടനിന്ന യോഗത്തിലാണ് മറ്റു കാര്യങ്ങളും ഉയര്‍ന്നുവന്നത്. ഐസിസിയ്ക്ക് സമാന്തരമായി ലോകതാരങ്ങളുടെ പങ്കാളിത്തം കൊണ്ട് പേരെടുത്ത സംഘടനയാണ് എംസിസി. ഇവരുടെ നിര്‍ദേശങ്ങള്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ചെവികൊടുക്കാറുണ്ട്.

ബൗളര്‍മാരുടെ തലയ്ക്ക് സംരക്ഷണം നല്‍കുന്നതിനുളള സംവിധാനം ഒരുക്കുന്നതിനെകുറിച്ച് എംസിസിയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും ചര്‍ച്ച നടത്തി. തലയ്ക്ക് സംരക്ഷണാവരണം തീര്‍ക്കാനുളള ഉപകരണം നിര്‍മ്മിക്കുന്നതിന്റെ സാധ്യതകളെ കുറിച്ചാണ് മുഖ്യമായി ചര്‍ച്ച നടന്നത്. ഇതിന്റെ ഭാഗമായി രൂപരേഖ തയ്യാറാക്കുന്നതിനുളള ശ്രമത്തിലാണ് ഇരു സംഘടനകളും. ഇത്തരത്തില്‍ ഡിസൈന് രൂപം നല്‍കി ഉല്‍പ്പാദകരെ കണ്ടെത്താനാണ് ശ്രമിക്കുന്നത്.

നിലവില്‍ ക്രിക്കറ്റ് മത്സരം മന്ദഗതിയിലാണ് പുരോഗമിക്കുന്നത് എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. സൗരവ് ഗാംഗുലി, റിക്കി പോണ്ടിംഗ്, റോഡ് മാഷ് തുടങ്ങിയ എംസിസി അംഗങ്ങള്‍ ഇതിനെ ഗൗരവത്തോടെയാണ് കാണുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തെ കളികള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍. ഇതിന് പരിഹാരമെന്നോണം ഷോട്ട് ക്ലോക്ക് എന്ന പേരില്‍ കളിയുടെ വേഗത വര്‍ധിപ്പിക്കാന്‍ പുതിയ പരിഷ്‌കാരം കൊണ്ടുവരണമെന്ന് എംസിസി ആവശ്യപ്പെടുന്നു. ബൗളര്‍മാര്‍ക്ക് ഒരു ഓവര്‍ എറിഞ്ഞ് തീര്‍ക്കാന്‍ നിശ്ചിത സമയം  നിര്‍ണയിക്കുന്ന രീതിയാണിത്. അനാവശ്യമായി സമയം കളയുന്നത് ഒഴിവാക്കുകയാണ് പുതിയ പരിഷ്‌കരണത്തിലുടെ ലക്ഷ്യമിടുന്നത്. 

100 ബോളിന്റെ ക്രിക്കറ്റ് ഫോര്‍മാറ്റ് അവതരിപ്പിക്കുന്നതിനെകുറിച്ചും വിശാലമായ ചര്‍ച്ചകളാണ് നടന്നത്. ക്രിക്കറ്റ് ആരാധകരെ ആകര്‍ഷിക്കാന്‍ ഈ ഫോര്‍മാറ്റ് ഏറെ സഹായകമാണെന്നും കമ്മിറ്റി അംഗങ്ങള്‍ വിലയിരുത്തി. 2020ല്‍ ഇംഗ്ലണ്ടില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഈ ഫോര്‍മാറ്റില്‍ മത്സരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com