വഴി മുടക്കിയ റഷ്യന്‍ വമ്പന്റെ അടിയറവ്‌, ആഴ്‌സണല്‍ ഇനി അമേരിക്കന്‍ ഭീമന് സ്വന്തം

ആഴ്‌സണലിന്റെ ഉടമസ്ഥാവകാശം പൂര്‍ണമായും അമേരിക്കന്‍ വമ്പന്‍ സ്വന്തമാക്കിയതോടെ ആ പരമ്പരാഗത രീതിക്കും അവസാനം
വഴി മുടക്കിയ റഷ്യന്‍ വമ്പന്റെ അടിയറവ്‌, ആഴ്‌സണല്‍ ഇനി അമേരിക്കന്‍ ഭീമന് സ്വന്തം

ക്ലബ് ഉടമസ്ഥതയുടെ കാര്യത്തില്‍ ലോക ഫുട്‌ബോളിന്റെ പരമ്പരാഗത മാതൃകയിലായിരുന്നു ആഴ്‌സണല്‍.  ആഴ്‌സണലിന്റെ ഉടമസ്ഥാവകാശം പൂര്‍ണമായും അമേരിക്കന്‍ വമ്പന്‍ സ്വന്തമാക്കിയതോടെ ആ പരമ്പരാഗത രീതിക്കും അവസാനം. 

വ്യവസായ പ്രമുഖന്‍ അലിഷര്‍ ഉസ്മാനോവ് ആഴ്‌സണലില്‍ തനിക്കുണ്ടായിരുന്ന 30 ശതമാനം ഓഹരി സ്റ്റാന്‍സി ക്രൊയെന്‍കേയ്ക്ക് നല്‍കിയതോടെയാണ് മറ്റ് യൂറോപ്യന്‍ ക്ലബുകളുടെ ഭാവത്തിലേക്ക് ആഴ്‌സണല്‍ പൂര്‍ണമായും എത്തുന്നത്. ആധിപത്യത്തിന് വേണ്ടി ക്രൊയെന്‍കേയും ഉസ്മാനോവും തമ്മിലുള്ള പോര് ആഴ്‌സണില്‍ വര്‍ഷങ്ങളായി തുടര്‍ന്നിരുന്നു. ക്ലബിന്റെ ഓഹരികളെല്ലാം ലഭ്യമാകുംതോറും ഇരുവരും വാങ്ങിക്കൂട്ടിയിരുന്നു. ആഴ്‌സണല്‍ സ്വന്തമാക്കുന്നതിനുള്ള ക്രൊയെന്‍കേയുള്ള നീക്കങ്ങള്‍ക്ക് തടയിട്ട് നിലയുറപ്പിച്ചിരുന്ന ഉസ്മാനോവാണ് ഒടുവില്‍ അടിയറവ് പറയുകയാണ്. 

നാലായിരം കോടി രൂപയ്ക്കാണ് റഷ്യന്‍ വമ്പനില്‍ നിന്നും അമേരിക്കന്‍ വമ്പന്‍ ഓഹരി വാങ്ങിയത്. ആഴ്‌സണല്‍ സ്വീകരിക്കുന്ന തന്ത്രങ്ങളെ വിമര്‍ശിച്ച് എന്നും ഉസ്മാനോവ് മുന്നോട്ടു വന്നിരുന്നു. ക്ലബ് പൂര്‍ണമായും തന്റെ ഉടമസ്ഥതയിലായാല്‍ കിരീട നേട്ടങ്ങളിലേക്ക് ടീമിനെ എത്തിക്കാന്‍ വേണ്ടതെല്ലാം ചെയ്യാമെന്നായിരുന്നു ഉസ്മാനോവിന്റെ നിലപാട്.

ക്ലബ് പൂര്‍ണമായും സ്വകാര്യ ഉടമയുടെ കൈകളിലേക്ക് എത്തിയതോടെ വാര്‍ഷിക യോഗവും, മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള മീറ്റിങ്ങുകളും ഒന്നും ഉണ്ടാവില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കുന്നു. ഇതോടെ ആരാധക കൂട്ടായ്മയ്ക്കുള്‍പ്പെടെ ക്ലബിലുണ്ടായിരുന്ന സ്വാധീനം നഷ്ടമാകും. 

അമേരിക്കക്കാരന്‍ ക്ലബിന്റെ ഉടമയാകുന്ന എന്നതിലെ ആശങ്കയും ആരാധകര്‍ക്കുണ്ട്. വിദേശ താരങ്ങളെ ഉള്‍പ്പെടുത്തിയാലും  ഇംഗ്ലീഷ് ആയിത്തന്ന ആഴ്‌സണലിനെ നിലനിര്‍ത്തണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ക്രൊയേന്‍കേയുടെ പണം ഞങ്ങള്‍ക്ക് വേണ്ട എന്നുമായിരുന്നു 2007ല്‍ അന്നത്തെ ആഴ്‌സണല്‍ ചെയര്‍മാന്‍ ആയിരുന്ന പീറ്റര്‍ ഹില്‍ വുഡ് പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com