എന്തുകൊണ്ട് എന്നെ പരിഗണിക്കുന്നില്ല? അര്‍ജന്റീനയുടെ പരിശീലകനാവണം എന്ന് മറഡോണ

എന്തുകൊണ്ട് അര്‍ജന്റീനയുടെ പരിശീലക സ്ഥാനത്തേക്ക് എന്നെ പരിഗണിക്കുന്നില്ല എന്നതാണ് മറഡോണയുടെ ചോദ്യം
എന്തുകൊണ്ട് എന്നെ പരിഗണിക്കുന്നില്ല? അര്‍ജന്റീനയുടെ പരിശീലകനാവണം എന്ന് മറഡോണ

ലോക കപ്പ് തോല്‍വിക്ക് ശേഷം പ്രതീക്ഷിച്ചിരുന്നത് പോലെ സാംപോളിക്ക് പുറത്തേക്കുള്ള വഴി തുറന്നു. കൊളംബിയയ്ക്കും ഗ്വാട്ടിമലയ്ക്കും എതിരായ മത്സരത്തില്‍ നയിക്കുന്നതിന് വേണ്ടി ഇടക്കാല പരിശീലകനേയും അര്‍ജന്റീന കണ്ടെത്തി. എന്നാല്‍ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ഏത് വമ്പന്‍ എത്തുമെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമായിട്ടില്ല. 

പരിശീലകനെ അര്‍ജന്റീന തിരഞ്ഞുകൊണ്ടിരിക്കെ മുന്നോട്ടു വന്നിരിക്കുകയാണ് ഇതിഹാസ താരം ഡീഗോ മറഡോണ. എന്തുകൊണ്ട് അര്‍ജന്റീനയുടെ പരിശീലക സ്ഥാനത്തേക്ക് എന്നെ പരിഗണിക്കുന്നില്ല എന്നതാണ് മറഡോണയുടെ ചോദ്യം. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു മറഡോണയുടെ പ്രതികരണം. 

അര്‍ജന്റീനയുടെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ ലിസ്റ്റില്‍ എന്നെ ഉള്‍പ്പെടുത്താന്‍ മാധ്യമങ്ങള്‍ തയ്യാറാവാത്തത് എന്നെ വേദനിപ്പിക്കുന്നുണ്ട്. അര്‍ജന്റീനയുടെ മുന്‍ പരിശീലകരില്‍ പലര്‍ക്കും സാധ്യത കല്‍പ്പിച്ചാണ് മാധ്യമങ്ങള്‍ വിശകലനങ്ങള്‍ നടത്തുന്നത്. എന്നാല്‍ എന്നെ ഉള്‍പ്പെടുത്തുന്നില്ല. ഇതാണ് അര്‍ജന്റീനയുടെ സ്‌പോര്‍ട്‌സ് ജേണലിസം എന്നും മറഡോണ കുറ്റപ്പെടുത്തുന്നു. 

ഡൈനാമോ ബ്രസ്റ്റ് എന്ന ക്ലബുമായി മൂന്ന് വര്‍ഷത്തെ കരാറില്‍ മറഡോണ ഒപ്പിട്ടുവെങ്കിലും ദേശീയ ടീമിന് വേണ്ടി ജീവന്‍ വരെ നല്‍കാന്‍ തയ്യാറാണെന്നും മറഡോണ പറയുന്നു. സാംപോളി പരിശീലക വേഷം അഴിച്ചതിന് പിന്നാലെ അര്‍ജന്റീനിയന്‍ ദേശീയ ടീമിനെ സൗജന്യമായി പരിശീലിപ്പിക്കാന്‍ തയ്യാറാണെന്ന് മറഡോണ പറഞ്ഞിരുന്നു. 

2008 മുതല്‍ 2012 വരെ മറഡോണ അര്‍ജന്റീനയുടെ പരിശീലക വേഷം അണിഞ്ഞിരുന്നു. 2010ലെ ലോക കപ്പില്‍ അര്‍ജന്റീനയെ നയിച്ചുവെങ്കിലും ക്വാര്‍ട്ടറില്‍ ജര്‍മനി 4-0ന് നിലംപരിശാക്കുകയായിരുന്നു. അതോടെ മറഡോണയുടെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com