മികവിന് അംഗീകാരം; പ്രിഥ്വി ഷ, ഹനുമ വിഹാരി നടാടെ ഇന്ത്യന്‍ ടീമില്‍; മുരളി വിജയ്, കുല്‍ദീപ് യാദവ് പുറത്ത്

യുവ താരങ്ങളായ പ്രിഥ്വി ഷ, ഹനുമ വിഹാരി എന്നിവര്‍ക്ക് ടീമിലേക്ക് കന്നി വിളിയെത്തി. ഒപണിങ് ബാറ്റ്‌സ്മാന്‍ മുരളി വിജയ്, ചൈനാമെന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരെ ഒഴിവാക്കി
മികവിന് അംഗീകാരം; പ്രിഥ്വി ഷ, ഹനുമ വിഹാരി നടാടെ ഇന്ത്യന്‍ ടീമില്‍; മുരളി വിജയ്, കുല്‍ദീപ് യാദവ് പുറത്ത്

മുംബൈ: ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. യുവ താരങ്ങളായ പ്രിഥ്വി ഷ, ഹനുമ വിഹാരി എന്നിവര്‍ക്ക് ടീമിലേക്ക് കന്നി വിളിയെത്തി. ഒപണിങ് ബാറ്റ്‌സ്മാന്‍ മുരളി വിജയ്, ചൈനാമെന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരെ ഒഴിവാക്കി. 

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അണ്ടര്‍ 19 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച ക്യാപ്റ്റനാണ് 18കാരനായ പ്രിഥ്വി. പ്രാദേശിക തലത്തില്‍ സ്ഥിരതയായ പ്രകടനം നടത്തിയ താരമാണ് ഹനുമ വിഹാരി. 24കാരനായ താരം 63 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് ഇക്കഴിഞ്ഞ സീസണില്‍ 59.79 ശരാശരിയില്‍ ബാറ്റ് വീശിയിരുന്നു. ഈയടുത്ത് ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരായ പോരാട്ടത്തില്‍ ഇരു താരങ്ങളും സെഞ്ച്വറി നേടി മികവിന് അടിവരയിടുകയും ചെയ്തതോടെയാണ് സീനിയര്‍ ടീമിലേക്കുള്ള കന്നി വിളി എളുപ്പത്തിലായത്. 

മികവില്ലാത്തതാണ് മുരളി വിജയിക്ക് തിരിച്ചടിയായത്. കഴിഞ്ഞ 11 ഇന്നിങ്‌സുകളില്‍ ആറ് തവണയാണ് താരം റണ്ണൊന്നുമെടുക്കാതെ പുറത്തായത്. 34കാരനായ താരത്തിന്റെ ടെസ്റ്റ് കരിയര്‍ തന്നെ മിക്കവാറും അവസാനിച്ചേക്കും. ഇനിയൊരു തിരിച്ചുവരവ് താരത്തിന് അസാധ്യമായിരിക്കുമെന്നും വിദഗ്ധര്‍ നിരീക്ഷിക്കുന്നു. അതേസമയം കുല്‍ദീപ് യാദവിനെ ഇന്ത്യന്‍ എ ടീമില്‍ കളിക്കുന്നതിനായാണ് തിരികെ വിളിച്ചത്. വിശാഖപട്ടണത്ത് ഓസ്‌ട്രേലിയന്‍ എ ടീമുമായുള്ള രണ്ട് ചതുര്‍ദിന പോരാട്ടത്തിനായാണ് കുല്‍ദീപിനെ ടീമില്‍ നിന്ന് മാറ്റിയത്. നിലവില്‍ ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ അന്തിമ ഇലവനില്‍ ഒരു സ്പിന്നര്‍ മതിയെന്ന നിലപാടാണ് ടീമിനുള്ളത്. അശ്വിനും രവീന്ദ്ര ജഡേജയും നേരത്തെ തന്നെ ടീമിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com